ഗുജറാത്തിലെ ആറ് ലോക്കല്‍ പാര്‍ട്ടികള്‍ക്ക് സംഭാവനയായി ഒഴുകിയെത്തിയത് 1700 കോടി കോടി രൂപ, എവിടെനിന്ന് വന്നു, എങ്ങോട്ട് പോയി, ഒരു ഇഡിക്കും അന്വേഷിക്കേണ്ട, വെറും 15 സ്ഥാനാര്‍ത്ഥികള്‍, അടിമുടി ദുരൂഹം
ഈ പാര്‍ട്ടികളില്‍ ചിലതിന്റെ നേതാക്കള്‍ക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന് പറയുന്നുണ്ട്. ഉദാഹരണത്തിന് ആം ജന്‍മത് പാര്‍ട്ടിയുടെ മുന്‍ നാഷണല്‍ പ്രസിഡന്റ് അനാമിക പാസ്വാന്‍ ഇപ്പോള്‍ ബീഹാറില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ്.
ന്യൂഡല്‍ഹി: ഗുജറാത്ത് ആസ്ഥാനമായുള്ള രജിസ്റ്റര്‍ ചെയ്ത ആറ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഏകദേശം 1,700 കോടി രൂപ സംഭാവനയായി ലഭിച്ചതായി റിപ്പോര്‍ട്ട്. ബിജെപിയെ മാറ്റിനിര്‍ത്തിയാല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, ബിഎസ്പി, സിപിഎം, നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി എന്നീ അഞ്ച് ദേശീയ പാര്‍ട്ടികളുടെ ആകെ സംഭാവനയേക്കാള്‍ (ഏകദേശം 1,480 കോടി) കൂടുതലാണ് ഇത്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഈ ആറ് പാര്‍ട്ടികള്‍ ചേര്‍ന്ന് വെറും 15 സ്ഥാനാര്‍ത്ഥികളെ മാത്രമാണ് മത്സരിപ്പിച്ചത്. അതേസമയം മേല്‍പ്പറഞ്ഞ അഞ്ച് ദേശീയ പാര്‍ട്ടികള്‍ 893 സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി.
ബിബിസി അന്വേഷണ റിപ്പോര്‍ട്ടും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് ഡാറ്റയും അടിസ്ഥാനമാക്കിയുള്ള ഈ കണ്ടെത്തല്‍ രാജ്യത്തെ രാഷ്ട്രീയ ധനസമാഹരണത്തിന്റെ ഇരുണ്ട മുഖം വീണ്ടും തുറന്നുകാട്ടുന്നു.
നാല് പാര്‍ട്ടികളും അഹമ്മദാബാദിലെ നരോഡ മേഖലയിലാണ് ആസ്ഥാനം. ഈ ഓഫീസുകള്‍ ഇപ്പോള്‍ അടഞ്ഞുകിടക്കുന്നു, ഫോണ്‍ നമ്പറുകള്‍ പ്രവര്‍ത്തിക്കുന്നില്ല, വെബ്സൈറ്റുകള്‍ നിര്‍ജീവം, ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ ലഭ്യമല്ല അല്ലെങ്കില്‍ അപൂര്‍ണ്ണം. എന്നിട്ടും ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയയ്ക്കാന്‍ കഴിയുന്ന അവസ്ഥ.
ആം ജന്‍മത് പാര്‍ട്ടി എന്ന പാര്‍ട്ടിക്കാണ് ഏറ്റവും കൂടുതല്‍ ഫണ്ട് കിട്ടിയത്. 620 കോടി രൂപയിലധികം. കോണ്‍ഗ്രസിന്റെ 281 കോടിയേക്കാള്‍ ഇരട്ടിയിലധികം. മുന്‍കാലങ്ങളില്‍ വളരെ കുറവായിരുന്ന സംഭാവന 2022-23ല്‍ 216 കോടിയായി ഉയര്‍ന്നു, പിന്നീട് വന്‍ കുതിച്ചുചാട്ടം.
സത്യവാദി രക്ഷക് പാര്‍ട്ടി: ഏകദേശം 330 കോടി രൂപ.
സ്വാതന്ത്ര്യ അഭിവ്യക്തി പാര്‍ട്ടി: ഏകദേശം 220 കോടി രൂപ.
ന്യൂ ഇന്ത്യ യുണൈറ്റഡ് പാര്‍ട്ടി: ഏകദേശം 200 കോടി രൂപ.
ഭാരതീയ നാഷണല്‍ ജനതാ ദള്‍: ഏകദേശം 191 കോടി രൂപ.
ഗരീബ് കല്യാണ്‍ പാര്‍ട്ടി: ഏകദേശം 138 കോടി രൂപ.
ഈ പാര്‍ട്ടികളില്‍ ചിലതിന്റെ നേതാക്കള്‍ക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന് പറയുന്നുണ്ട്. ഉദാഹരണത്തിന് ആം ജന്‍മത് പാര്‍ട്ടിയുടെ മുന്‍ നാഷണല്‍ പ്രസിഡന്റ് അനാമിക പാസ്വാന്‍ ഇപ്പോള്‍ ബീഹാറില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ്. പാര്‍ട്ടി ബീഹാറില്‍ നിന്ന് അഹമ്മദാബാദിലേക്ക് മാറ്റിയതായി അവര്‍ അവകാശപ്പെടുന്നു. ന്യൂ ഇന്ത്യ യുണൈറ്റഡ് പാര്‍ട്ടി പ്രസിഡന്റ് അമിത് ചതുര്‍വേദി ഹൃദയത്തോടും മനസ്സോടും ബിജെപിയെ പിന്തുണയ്ക്കുന്നു എന്ന് ബിബിസിയോട് പറഞ്ഞു.
2019-20 മുതല്‍ 2023-24 വരെയുള്ള അഞ്ച് വര്‍ഷത്തില്‍ ഗുജറാത്തിലെ 10-ഓളം അജ്ഞാത പാര്‍ട്ടികള്‍ക്ക് 4,300 കോടി രൂപയോളം സംഭാവന ലഭിച്ചതായി ദൈനിക് ഭാസ്‌കര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് ചെലവ് റിപ്പോര്‍ട്ടില്‍ വെറും 39 ലക്ഷം രൂപ മാത്രം കാണിച്ചപ്പോള്‍ ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ ശതകോടികള്‍ ചെലവഴിച്ചതായി കാണിക്കുന്നു. ചില പാര്‍ട്ടികള്‍ ചാരിറ്റി സോഷ്യല്‍ വെല്‍ഫെയര്‍ എന്ന പേരില്‍ വന്‍തുക ചെലവഴിച്ചതായി അവകാശപ്പെടുന്നുണ്ടെങ്കിലും കൃത്യമായ ബാങ്ക് ഇടപാടുകളോ രേഖകളോ ലഭ്യമല്ല.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന സ്വീകരിക്കാന്‍ നിയമപരമായ അവകാശമുണ്ട്. 20,000 രൂപയ്ക്ക് മുകളിലുള്ള സംഭാവനകള്‍ ഇലക്ഷന്‍ കമ്മീഷന് റിപ്പോര്‍ട്ട് ചെയ്യണം. എന്നാല്‍, അംഗീകാരമില്ലാത്ത പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പില്‍ വലിയ പങ്കില്ലാത്തതിനാല്‍ നിയന്ത്രണങ്ങള്‍ ദുര്‍ബലമാണ്. ഇവിടെ ചോദ്യം ഉയരുന്നത് ഇതാണ്, തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാത്ത, ഓഫീസ് പോലുമില്ലാത്ത, സ്ഥാനാര്‍ത്ഥികളെ നിര്‍ത്താത്ത പാര്‍ട്ടികള്‍ക്ക് ആയിരക്കണക്കിന് കോടി രൂപ എന്തിന്? ആരാണ് ഈ പണം നല്‍കുന്നത്? എന്തിനാണ് നല്‍കുന്നത്? പണം എങ്ങോട്ട് പോകുന്നു?
ഇത് ബ്ലാക്ക് മണി വൈറ്റ് വാഷ് ചെയ്യാനുള്ള ചാനലായി ഉപയോഗിക്കപ്പെടുന്നുണ്ടോ എന്ന സംശയം ശക്തമാണ്. പാര്‍ട്ടികള്‍ക്ക് നല്‍കുന്ന സംഭാവനയ്ക്ക് നികുതി ഇളവ് ലഭിക്കുന്നതിനാല്‍ കോര്‍പ്പറേറ്റുകളും വ്യക്തികളും ഇത്തരം ഡമ്മി പാര്‍ട്ടികളെ ഉപയോഗിച്ച് പണം കൈമാറ്റം ചെയ്യുന്നത് എളുപ്പമാണ്. പിന്നീട് ആ പണം മറ്റ് വഴികളിലൂടെ പ്രധാന പാര്‍ട്ടികളിലേക്കോ മറ്റ് ആവശ്യങ്ങള്‍ക്കോ ഒഴുകിയേക്കാം.
ഇത്രയും വലിയ തുക, ഇത്രയും വ്യക്തമായ അപാകതകള്‍, ഓഫീസുകള്‍ അടഞ്ഞിരിക്കുന്നത്, ഓഡിറ്റ് റിപ്പോര്‍ട്ടുകളിലെ പൊരുത്തക്കേടുകള്‍ ഇവയെല്ലാം ഉണ്ടായിട്ടും കേന്ദ്രസര്‍ക്കാരോ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റോ ഗൗരവമായ അന്വേഷണം നടത്തിയതായി റിപ്പോര്‍ട്ടുകളില്ല. ഗുജറാത്ത് മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ ശുപാര്‍ശയില്‍ ആദായനികുതി വകുപ്പിനോട് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടതായും ചില പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയതായും ചില റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, അത് ഉപരിപ്ലവമായ നടപടിയായി മാത്രം തുടരുന്നു.
ബിജെപി ഭരിക്കുന്ന ഗുജറാത്തിലും കേന്ദ്രത്തിലും ഈ സംഭവം നടക്കുമ്പോള്‍, ഭരണകക്ഷിക്ക് ഇതില്‍ പങ്കുണ്ടോ എന്ന ചോദ്യം ഉയരുന്നത് സ്വാഭാവികമാണ്. ചില പാര്‍ട്ടി നേതാക്കളുടെ ബിജെപി ബന്ധം, പ്രസ്താവനകള്‍, നരോഡയിലെ കേന്ദ്രീകരണം ഇവയെല്ലാം സംശയം വര്‍ദ്ധിപ്പിക്കുന്നു. എഎപി നേതാവ് സഞ്ജയ് സിങ്ങിനെ പോലുള്ളവര്‍ ഇത് ബിജെപിയുടെ ഡമ്മി പാര്‍ട്ടികളാണെന്നും ബ്ലാക്ക് മണി വൈറ്റ് വാഷ് ചെയ്യാനുള്ള ചാനലാണെന്നും ആരോപിച്ചിട്ടുണ്ട്.
കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ ധനസമാഹരണത്തില്‍ സുതാര്യത ഉറപ്പാക്കുമെന്ന് പറയുമ്പോള്‍, ഇലക്ടറല്‍ ബോണ്ട് സ്‌കീം സുപ്രീം കോടതി റദ്ദാക്കിയ ശേഷവും ഇത്തരം ദുരൂഹതകള്‍ തുടരുന്നു. ബിജെപി 2023-24ല്‍ മാത്രം ദേശീയ തലത്തില്‍ ആയിരക്കണക്കിന് കോടി സംഭാവന സ്വീകരിച്ചു. അതേസമയം, ചെറിയ പാര്‍ട്ടികളിലൂടെ ഒഴുകുന്ന പണത്തെക്കുറിച്ച് അന്വേഷണമില്ല. ഇത് ഭരണകക്ഷിക്ക് അനുകൂലമായ സംവിധാനമായി തുടരുന്നുവോ എന്ന ചോദ്യം ജനാധിപത്യത്തിന്റെ അടിസ്ഥാനത്തെ തന്നെ ചോദ്യം ചെയ്യുന്നു.
ഇന്ത്യയില്‍ 2,800-ത്തിലധികം രാഷ്ട്രീയ പാര്‍ട്ടികളുണ്ട്. അവയില്‍ ഭൂരിഭാഗവും RUPP വിഭാഗത്തില്‍പ്പെടുന്നു. 73% പാര്‍ട്ടികളും ധനകാര്യ റിപ്പോര്‍ട്ടുകള്‍ പോലും പബ്ലിഷ് ചെയ്യുന്നില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയില്ലെങ്കില്‍, ഇത്തരം 'ഷെല്‍' പാര്‍ട്ടികള്‍ വഴി പണം ഒഴുകുന്നത് തുടരും. ഇത് തിരഞ്ഞെടുപ്പ് സമത്വത്തെ തകര്‍ക്കുന്നു, സാധാരണക്കാരുടെ വോട്ടിന്റെ മൂല്യം ഇല്ലാതാക്കുന്നു, കോര്‍പ്പറേറ്റ്-രാഷ്ട്രീയ ബന്ധങ്ങളെ സുതാര്യമല്ലാതാക്കുന്നു.
കേന്ദ്രസര്‍ക്കാര്‍ ഈ വിഷയത്തില്‍ ഗൗരവമായ അന്വേഷണം നടത്താത്തത് ജനാധിപത്യ സ്ഥാപനങ്ങളോടുള്ള അവഗണനയാണ്. ED, CBI, IT തുടങ്ങിയവ മറ്റ് കേസുകളില്‍ സജീവമാകുമ്പോള്‍ ഇവിടെ നിശബ്ദത പാലിക്കുന്നതുതന്നെ സംശയമാണ്. ബിജെപിക്ക് നേരിട്ട് പങ്കുണ്ടോ ഇല്ലയോ എന്നത് അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ. എന്നാല്‍, അന്വേഷണം തന്നെ നടക്കാത്തത് ഭരണകക്ഷിയുടെ ഉത്തരവാദിത്തത്തിന്റെ അഭാവത്തെ കാണിക്കുന്നു.
.jpg)

