ഇത് മോദിയുടെ ഗുജറാത്ത് മോഡല്‍, ശമ്പളം ആവശ്യപ്പെട്ട് സമരം ചെയ്ത 2,000ത്തോളം ആരോഗ്യവകുപ്പ് ജീവനക്കാരെ സര്‍ക്കാര്‍ പുറത്താക്കി

gujarat healthcare workers
gujarat healthcare workers
മെച്ചപ്പെട്ട ശമ്പളം ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം വ്യാഴാഴ്ചയും തുടര്‍ന്നതിനാല്‍ സംസ്ഥാനത്തുടനീളമുള്ള രണ്ടായിരത്തോളം ആരോഗ്യ വകുപ്പ് ജീവനക്കാരേയാണ് പിരിച്ചുവിട്ടത്.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാടായ ഗുജറാത്തില്‍ സമരം ചെയ്ത ആരോഗ്യവകുപ്പ് ജീവനക്കാരെ ബിജെപി സര്‍ക്കാര്‍ പുറത്താക്കി. മെച്ചപ്പെട്ട ശമ്പളം ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം വ്യാഴാഴ്ചയും തുടര്‍ന്നതിനാല്‍ സംസ്ഥാനത്തുടനീളമുള്ള രണ്ടായിരത്തോളം ആരോഗ്യ വകുപ്പ് ജീവനക്കാരേയാണ് പിരിച്ചുവിട്ടത്.

പണിമുടക്കില്‍ പങ്കെടുത്ത ഏകദേശം 11,000 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ആവര്‍ത്തിച്ചുള്ള അറിയിപ്പുകള്‍ നല്‍കിയിട്ടും ജോലി പുനരാരംഭിക്കാത്തതിനാലാണ് ആളുകളെ സര്‍വീസില്‍ നിന്ന് പുറത്താക്കിയത്. 5,000 തൊഴിലാളികള്‍ മാത്രമാണ് ഇപ്പോഴും പണിമുടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പണിമുടക്ക് പിന്‍വലിച്ചതിനുശേഷം മാത്രമേ പരിഹാരം കണ്ടെത്താന്‍ സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുകയുള്ളൂവെന്ന് ആരോഗ്യമന്ത്രി ഋഷികേഷ് പട്ടേല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടത് പ്രതിപക്ഷ നേതാക്കളിലും തൊഴിലാളി യൂണിയനുകളിലും പ്രതിഷേധത്തിന് കാരണമായി.

സബര്‍കാന്തയില്‍, സബ് സെന്ററുകളിലെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും ഏകദേശം 115 ആരോഗ്യ പ്രവര്‍ത്തകര്‍ നോട്ടീസ് ലഭിച്ചതിന് ശേഷം ജോലിയില്‍ തിരിച്ചെത്തി, എന്നാല്‍ ഏകദേശം 405 പേര്‍ തുടര്‍ന്നും ഹാജരാകാതിരിക്കുകയും അവരെ പിരിച്ചുവിടുകയും ചെയ്തു. കൂടാതെ, 55 സൂപ്പര്‍വൈസര്‍മാര്‍ക്ക് കുറ്റപത്രവും അന്വേഷണവും നേരിടേണ്ടിവരുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 2022 സെപ്റ്റംബറില്‍ സംസ്ഥാന തലസ്ഥാനത്ത് വന്‍ പ്രതിഷേധം നടത്തിയതായി ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. ആ സമയത്ത്, ബിജെപി സര്‍ക്കാര്‍ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും വാഗ്ദാനം പാലിച്ചില്ല.

പ്രതിഷേധം ശക്തമാക്കുമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ആരംഭിക്കുമെന്ന് ആരോഗ്യ പ്രവര്‍ത്തക യൂണിയന്‍ പറയുന്നു.

ആരോഗ്യ പ്രവര്‍ത്തകരെ സാങ്കേതിക കേഡറില്‍ ഉള്‍പ്പെടുത്തണമെന്നും, മള്‍ട്ടിപര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍, വനിതാ ഹെല്‍ത്ത് വര്‍ക്കര്‍ കേഡര്‍ എന്നിവരുടെ നിലവിലെ 1900 ഗ്രേഡ് പേ 2800 ഗ്രേഡ് പേ ആയും, മള്‍ട്ടിപര്‍പ്പസ് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, വനിതാ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, ജില്ലാതല സൂപ്പര്‍വൈസര്‍ എന്നിവരുടെ നിലവിലെ 2400 ഗ്രേഡ് പേ 4200 ഗ്രേഡ് പേ ആയും ഉയര്‍ത്തണമെന്നുമാണ് ഇവരുടെ ആവശ്യം.

Tags

News Hub