അടിവസ്ത്രത്തില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്തിയ രണ്ട് സ്ത്രീകള്‍ വിമാനത്താവളത്തില്‍ പിടിയില്‍

Gold

മുംബൈ: ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍, അടിവസ്ത്രത്തിലും ലഗേജിലും ഒളിപ്പിച്ച 19.15 കോടി രൂപ വിലമതിക്കുന്ന 32.79 കിലോഗ്രാം സ്വര്‍ണം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. സംഭവത്തില്‍ രണ്ട് വിദേശ വനിതകളെ അറസ്റ്റ് ചെയ്തു.

കെനിയയിലെ നെയ്റോബിയില്‍ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന രണ്ട് സ്ത്രീകളാണ് പ്രതികളെന്നും യാത്രക്കാരുടെ സ്‌പോട്ട് പ്രൊഫൈലിങ്ങിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നും കസ്റ്റംസ് വകുപ്പ് അറിയിച്ചു.

പരിശോധിച്ചപ്പോള്‍, സ്ത്രീകളുടെ അടിവസ്ത്രത്തിലും ബാഗേജിലും ഒളിപ്പിച്ച 22 കാരറ്റിന്റെ സ്വര്‍ണക്കട്ടികള്‍ കണ്ടെടുത്തതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുടര്‍ന്ന് ഇവരെ കസ്റ്റംസ് നിയമപ്രകാരം അറസ്റ്റ് ചെയ്തു.

സെയ്ദ ഹുസൈന്‍ (23), അഞ്ജല്‍ കല (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരും വ്യത്യസ്ത വിമാനങ്ങളില്‍ യാത്ര ചെയ്യുകയായിരുന്നതിനാല്‍ വെവ്വേറെയാണ് പിടികൂടിയത്. ഇവ രണ്ടും കൈകാര്യം ചെയ്തത് ഒരേ ഓപ്പറേറ്ററാണോയെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്.

നേരത്തേയും ഇവര്‍ സ്വര്‍ണം കടത്തിയിട്ടുണ്ടോയെന്നും മുംബൈയില്‍ കടത്തിയ സ്വര്‍ണം ആര്‍ക്കാണ് കൈമാറാന്‍ ഉദ്ദേശിച്ചതെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്.

Tags