തുടര്‍ച്ചയായ 5 തോല്‍വിയില്‍ കുപിതനായി ഗോയങ്കെ, പന്തിന്റെ ക്യാപ്റ്റന്‍ സ്ഥാനം തെറിക്കും, വിദേശ താരത്തെ നായകനാക്കി പരീക്ഷണം

sanjiv goenka rishabh pant

ടീമിന്റെ ദയനീയ പ്രകടനത്തില്‍ ഉടമ സഞ്ജീവ് ഗോയങ്ക കടുത്ത അതൃപ്തിയിലാണെന്നും, ജയത്തിലേക്ക് നയിക്കാന്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ അദ്ദേഹം ഒരുങ്ങുന്നതായുമാണ് റിപ്പോര്‍ട്ട്.

ലഖ്‌നൗ: ഐപിഎല്‍ 2026 സീസണില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് നേരിടുന്ന കടുത്ത തിരിച്ചടികള്‍ ടീമിനുള്ളില്‍ പൊട്ടിത്തെറികള്‍ക്ക് വഴിതെളിക്കുന്നു. ടീമിന്റെ ദയനീയ പ്രകടനത്തില്‍ ഉടമ സഞ്ജീവ് ഗോയങ്ക കടുത്ത അതൃപ്തിയിലാണെന്നും, ജയത്തിലേക്ക് നയിക്കാന്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ അദ്ദേഹം ഒരുങ്ങുന്നതായുമാണ് റിപ്പോര്‍ട്ട്.

നിലവിലെ ക്യാപ്റ്റന്‍ ഋഷഭ് പന്തിനെ മാറ്റി ദക്ഷിണാഫ്രിക്കന്‍ താരം ഏയ്ഡന്‍ മാര്‍ക്രത്തെ നായകസ്ഥാനം ഏല്‍പ്പിക്കണമെന്ന ശക്തമായ നിര്‍ദ്ദേശമാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്നത്. ടൂര്‍ണമെന്റില്‍ ഇതുവരെ ഏഴ് മത്സരങ്ങള്‍ കളിച്ച ലഖ്നൗവിന് വെറും രണ്ട് വിജയങ്ങള്‍ മാത്രമാണ് നേടാനായത്. പോയിന്റ് ടേബിളില്‍ ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ടീമിന്റെ അവസ്ഥ ഉടമയെ ചൊടിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച്, രാജസ്ഥാന്‍ റോയല്‍സിനോട് ഏറ്റുവാങ്ങിയ ദയനീയ പരാജയവും, കഴിഞ്ഞ മത്സരങ്ങളില്‍ പന്തിന്റെ കീഴിലുള്ള ടീം കാണിച്ച ദിശാബോധമില്ലായ്മയും ഗോയങ്കയെ കടുത്ത തീരുമാനങ്ങളെടുക്കാന്‍ പ്രേരിപ്പിക്കുന്നതായാണ് സൂചന. പന്തിനെ ക്യാപ്റ്റന്‍സിയില്‍ നിന്ന് മാറ്റി ബാറ്റിംഗില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിപ്പിക്കുന്നത് ടീമിന് ഗുണകരമാകുമെന്ന് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍ ഉള്‍പ്പെടെയുള്ളവര്‍ അഭിപ്രായപ്പെടുന്നു.

ക്യാപ്റ്റന്‍സിയുടെ അമിതഭാരം പന്തിന്റെ പ്രകടനത്തെ ബാധിക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. എട്ട് ഇന്നിംഗ്സുകളില്‍ നിന്ന് വെറും 189 റണ്‍സ് മാത്രമാണ് പന്തിന് നേടാനായത്. സ്‌ട്രൈക്ക് റേറ്റ് ആകട്ടെ 132-ല്‍ താഴെയാണ്. പന്തിനെ നായകസ്ഥാനത്ത് നിന്ന് മോചിപ്പിച്ചാല്‍ പഴയപോലെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം പുറത്തെടുക്കാന്‍ അദ്ദേഹത്തിന് സാധിക്കുമെന്ന് വസീം ജാഫര്‍ ചൂണ്ടിക്കാട്ടുന്നു.

ഏയ്ഡന്‍ മാര്‍ക്രം ഇതിനോടകം തന്നെ അന്താരാഷ്ട്ര തലത്തിലും എസ്എ20 ലീഗിലും തന്റെ ക്യാപ്റ്റന്‍സി മികവ് തെളിയിച്ചിട്ടുള്ള താരമാണ്. ശാന്തമായ പ്രകൃതവും മാനസികമായ കരുത്തും മാര്‍ക്രത്തിന് ടീമിനെ മികച്ച രീതിയില്‍ നയിക്കാന്‍ കരുത്ത് നല്‍കും. ലഖ്നൗവിനെ പോലുള്ള ഒരു ടീമിന് ഇപ്പോള്‍ വേണ്ടത് മാര്‍ക്രത്തെപ്പോലെ പക്വതയുള്ള ഒരു നായകനാണെന്നാണ് വിദഗ്ധരുടെ പക്ഷം.

ലഖ്നൗവിന്റെ നിലവിലെ ബാറ്റിംഗ് ഓര്‍ഡര്‍ പാടെ പാളിയ നിലയിലാണ്. വസീം ജാഫറിന്റെ നിര്‍ദ്ദേശപ്രകാരം മാര്‍ക്രവും മിച്ചല്‍ മാര്‍ഷും ഓപ്പണിംഗില്‍ എത്തുകയും, പന്ത് നാലാം നമ്പറില്‍ കളിക്കുകയും ചെയ്യുന്നത് ടീമിന് കൂടുതല്‍ സന്തുലിതാവസ്ഥ നല്‍കും.

നേരത്തെയും ടീമിന്റെ പ്രകടനം മോശമാകുമ്പോള്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിക്കാറുള്ള ഉടമയാണ് സഞ്ജീവ് ഗോയങ്ക. അതിനാല്‍ തന്നെ, ടീം പ്ലേ ഓഫ് കാണാതെ പുറത്താകുമെന്ന ഭീഷണി നിലനില്‍ക്കെ, അദ്ദേഹം കടുത്ത തീരുമാനങ്ങള്‍ എടുക്കുമെന്നുറപ്പാണ്.
 

Tags