ആടുജീവിതം ഷുക്കൂറിന്റെ ജീവിത കഥയല്ല, വെളിപ്പെടുത്തലുമായി നോവലിസ്റ്റ് ബെന്യാമിന്‍

Benyamin Benny

കൊച്ചി: മലയാളത്തില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട നോവുകളിലൊന്നായ ആടുജീവിതം സിനിമയായപ്പോഴും തീയേറ്ററുകളിലേക്ക് പ്രേക്ഷകരുടെ കുത്തൊഴുക്കാണ്. റീലീസ് ചെയ്ത് 4 ദിവസം ആകുമ്പോഴേക്കും 50 കോടിയോളം രൂപയുടെ കലക്ഷന്‍ ലഭിച്ചുകഴിഞ്ഞ സിനിമ എക്കാലത്തേയും വലിയ ബോക്‌സ്ഓഫീസ് ഹിറ്റാകുമെന്നാണ് പ്രതീക്ഷ.

ഷൂക്കൂര്‍ എന്ന വ്യക്തിയുടെ ജീവിതകഥയില്‍ നിന്നും കടംകൊണ്ട നജീബ് എന്ന കഥാപാത്രമാണ് നോവലിലും സിനിമയിലും ആസ്വാദകരുടെ ശ്രദ്ധനേടിയത്. സിനിമ പുറത്തിറങ്ങിയതോടെ ഇത്രയും ക്രൂരവും കഠിനവുമായ സാഹചര്യങ്ങളിലൂടെയാണോ ഷൂക്കൂര്‍ എന്ന വ്യക്തി കടന്നുപോയത് എന്ന സംശയം പലരും ഉന്നയിച്ചു. ഇത് അവിശ്വസനീയമാണെന്നും ഇത്രയും കൂടുതല്‍ ഒരു മനുഷ്യന്‍ അനുഭവിച്ചിരിക്കില്ലെന്നും വിലയിരുത്തലുകളുണ്ടായി.

നോവലില്‍ പറഞ്ഞത് മുഴുവന്‍ ഷുക്കൂറിന്റെ ജീവിതമാണെന്നാണ് പലരും ധരിച്ചിരുന്നത്. എന്നാല്‍, നോവല്‍ വെറും നോവല്‍ മാത്രമാണെന്നും പലരുടെ, പലവിധ അനുഭവങ്ങള്‍ കൂട്ടിച്ചേര്‍ത്തതാണ് ഇതെന്നും വ്യക്തമാക്കി എഴുത്തുകാരന്‍ ബെന്യാമിന്‍ രംഗത്തെത്തി. സിനിമ പുറത്തിറങ്ങിയതോടെ പലരും ഷുക്കൂറിന്റെ ജീവിതത്തെ സംശയിക്കാന്‍ തുടങ്ങിയതോടെയാണ് ബെന്യാമിന്‍ കുറിപ്പുമായെത്തിയത്.

ബെന്യാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളായി പറഞ്ഞുകൊണ്ട് ഇരിക്കുന്ന കാര്യങ്ങള്‍ സിനിമ ഇറങ്ങിയ പശ്ചാത്തലത്തില്‍ ഒരിക്കല്‍ കൂടി പറയുന്നു. എന്റെ കഥയിലെ നായകന്‍ നജീബ് ആണ്. ഷുക്കൂര്‍ അല്ല. അനേകം ഷുക്കൂറുമാരില്‍ നിന്നും കടം കൊണ്ട കഥാപാത്രമാണ് നജീബ്. അതില്‍ പലരുടെ, പലവിധ അനുഭവങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 30% ലും താഴെ മാത്രമേ അതില്‍ ഷുക്കൂര്‍ ഉള്ളു.  ഷുക്കൂറിന്റെ ജീവിത കഥ അല്ല ആടുജീവിതം. അത് എന്റെ നോവല്‍ ആണ്. നോവല്‍. നോവല്‍. അത് അതിന്റെ പുറം പേജില്‍ വലിയ അക്ഷരത്തില്‍ എഴുതി വച്ചിട്ടുണ്ട്. അത് ജീവിതകഥ ആണെന്ന് ആരെങ്കിലും ധരിക്കുന്നെങ്കില്‍ അത് എന്റെ കുഴപ്പമല്ല.    നോവല്‍ എന്താണെന്ന് അറിയാത്തത്തവരുടെ ധാരണ പിശകാണ്. അതിലെ ആ കഥാപാത്രം ചെയ്യുന്ന ഓരോ പ്രവൃത്തിക്കും ഞാനാണ് ഉത്തരവാദി. എനിക്ക് അതിനു വിശദീകരണങ്ങള്‍ ഉണ്ട്. ഒരായിരം വേദികളില്‍ ഞാനത് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഷുക്കൂറിനെ അദ്ദേഹത്തിന്റെ പാട്ടിനു വിടുക. ഇതൊക്കെ നടന്നതാണോ എന്ന അസംബന്ധം ഒഴിവാക്കുക. നോവലിനെ സംബന്ധിച്ച്, ഒരിക്കല്‍ കൂടി പറയുന്നു, നോവലിനെ സംബന്ധിച്ച് എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ എന്നോട് ചോദിക്കുക.

 

Tags