ചെരക്കാന്‍ പറയാന്‍ എങ്ങിനെ തോന്നി? അനില്‍ നമ്പ്യാര്‍ക്കെതിരെ സഹപാഠി

Anil Nambiar
Anil Nambiar

തിരുവനന്തപുരം: മണിപ്പൂരിലെ കലാപവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധം കടുപ്പിക്കവെ പരിഹാസവുമായി എത്തിയ ജനം ടിവിയിലെ മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാര്‍ക്കെതിരെ സഹപാഠി ഷാഹിറ ഇടക്കാട്. ഷേവ് മണപ്പൂര്‍ എന്ന പേരിലാണ് അനില്‍ ട്വിറ്ററില്‍ പരിഹാസവുമായെത്തിയത്. സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിക്കുകയും കൂട്ട ബലാത്സംഗത്തിനിരയാക്കുകയും ചെയ്ത സംഭവം ലോക മനസാക്ഷിയെ ഞെട്ടിക്കവെ ഇത്തരമൊരു ട്വീറ്റുമായി എത്താന്‍ എങ്ങിനെ തോന്നിയെന്ന് ഷാഹിറ ചോദിക്കുന്നു.

ഷാഹിറയുടെ ഫേസ്ബുക്ക് പോസ്റ്റ്,

അനില്‍,
നിന്റെ ഒരു പോസ്റ്റ് കണ്ടു. മണിപ്പൂര്‍ വിഷയത്തില്‍.
ഏറ്റവും പരിഹാസ്യമായ, അപഹാസ്യമായ രീതിയില്‍, ഹാഷ് ടാഗോടുകൂടി, പരിഹസിക്കുന്ന സ്‌മൈലികളോടു കൂടി,
'??# shave Manipur??'
നമ്മള്‍ ഒന്നിച്ചു ബ്രെണ്ണന്‍ കോളേജില്‍ പഠിച്ച കാലം എന്റെ ഏറ്റവും അടുപ്പമുള്ളൊരു കൂട്ടുകാരന്‍ ആയിരുന്നു നീ എന്നതില്‍ ഇന്ന് എനിക്ക് ഏറ്റവും അപമാനം തോന്നുന്നു. നിന്നെ ഓര്‍ത്ത്, നിന്റെ അധഃപതനം ഓര്‍ത്ത് ഞാന്‍ ലജ്ജിക്കുന്നു.
ഈ രാജ്യത്ത് ഉള്ളവര്‍ മാത്രമല്ല ലോകത്തിന്റെ നാനാഭാഗത്തും ഉള്ളവരുടെ, മനുഷ്യത്വമുള്ള മനുഷ്യരായി പിറന്നവരുടെ, ഉള്ളുലക്കുന്ന, ഉറക്കം കെടുത്തുന്ന കാഴ്ചകള്‍ ആണ് മണിപ്പൂരില്‍ നിന്നും പുറത്ത് വരുന്നത്. അത് കാണുമ്പോള്‍ നിനക്ക് എങ്ങിനെ ആണെടോ ഇത്രയും ചിരിച്ചും പരിഹസിച്ചും 'ചെരക്കാന്‍' (shave) പറയാന്‍ തോന്നുന്നത്
നീ എന്തൊരു ക്രൂരനാണ് അനില്‍?
 എങ്ങിനെ പറ്റുന്നു ഇത്രയും പൈശാചികമായി ചിന്തിക്കാന്‍?
ബലാത്സംഗികളെ സപ്പോര്‍ട്ട് ചെയ്യാന്‍?
 കലാപകാരികള്‍ക്കൊപ്പം ഒരു വേട്ടക്കാരന്‍ ആവാന്‍?
 ഇരകളെ ഇങ്ങിനെ നിന്ദ്യമായ ഭാഷയില്‍ പരിഹസിക്കാന്‍.?!
സ:മുഹമ്മദ് റിയാസ് മന്ത്രിയായപ്പോള്‍ നിന്നിലെ മാടമ്പള്ളിയിലെ ആ യഥാര്‍ത്ഥ മനോരോഗി പുറത്ത് വന്നതും, നിന്നിലെ മുസ്ലിം വിരോധം  എത്രത്തോളം ഉണ്ടെന്ന് കണ്ട്  ഞെട്ടിയതും,
അതിന്റെ പേരില്‍ പറഞ്ഞു തെറ്റിയതും, അണ്‍ഫ്രണ്ട് ചെയ്തു പോയതും മറന്ന് കാണില്ലല്ലോ.
എങ്ങിനെയാണ് അനില്‍ ഒരു കൂട്ടം മനുഷ്യരുടെ ജീവന് വേണ്ടിയുള്ള നിലവിളികളെ,
മാനത്തിന് വേണ്ടിയുള്ള പൊരുതലുകളെ,
 കുഞ്ഞുങ്ങളുടെ ആര്‍ത്തനാദങ്ങളെ,
ജനിച്ച നാടും വീടുമുപേക്ഷിച്ചു കൊണ്ടുള്ള അതിജീവനത്തിനായുള്ള പലായനങ്ങളെ,
നിനക്ക് യാതൊരു മനഃസാക്ഷികുത്തും ഇല്ലാതെ ഇത്രയും നീചമായ രീതിയില്‍ പരിഹസിക്കാന്‍ തോന്നിയത്?
അതിക്രൂരമായ ആള്‍ക്കൂട്ട കൊലകളെ,
 ബലാത്സംഗങ്ങളെ, ചുട്ടെരിക്കലുകളെ, ന്യായീകരിക്കാന്‍ പറ്റുന്നത്? കലാപകാരികള്‍ക്കൊപ്പം ഐക്യപ്പെടാന്‍ പറ്റുന്നത്?
സംഘി ആവുക എന്നാല്‍ മനുഷ്യന്‍ അല്ലാതാവുക എന്നാണര്‍ത്ഥം എന്ന് നിന്നിലൂടെ, നീ എന്ന മാധ്യമ പ്രവര്‍ത്തകനിലൂടെ നീ കാട്ടി തരുന്നു.
വേദന മാത്രം. ഒപ്പം കടുത്ത സങ്കടവും. ഒരിക്കല്‍ ഏറ്റവും അടുപ്പമുള്ളൊരു സഹപാഠി, കൂട്ടുകാരന്‍ ഇങ്ങിനെ അധഃപതിച്ചു പോയല്ലോ എന്നതില്‍.
കാലം നിനക്ക് മാപ്പ് തരില്ല അനില്‍.
നീ പശ്ചാത്തപിക്കേണ്ടി വരും, ഒരിക്കല്‍.
പോസ്റ്റ് മുക്കിയത് കൊണ്ട് മനസ്സിലെ അഴുക്ക് ഇല്ലാതാവുമോ?

 

Tags