നരേന്ദ്ര മോദി അന്ന് വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപ അക്കൗണ്ടിലെത്തിയിരുന്നെങ്കില്‍ ഇന്ന് 65 ലക്ഷം രൂപയാകുമായിരുന്നു, വാഗ്ദാനങ്ങള്‍ പാഴാകുന്ന തെരഞ്ഞെടുപ്പ് രാഷ്ട്രീയം

Narendra Modi

വിദേശത്തുനിന്നും കള്ളപ്പണമെല്ലാം ഇന്ത്യയിലെത്തിക്കുമെന്നും അങ്ങനെയെങ്കില്‍ ഓരോ വ്യക്തിക്കും 15 ലക്ഷം രൂപ കിട്ടുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം.

കൊച്ചി: തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളുമെല്ലാം പലതരം വാഗ്ദാനങ്ങളുമായി എത്തുക പതിവാണ്. ഇവയില്‍ ഭൂരിഭാഗവും വെറും വാഗ്ദാനം മാത്രമായി ഒതുങ്ങുകയാണ് പതിവ്.

കഴിഞ്ഞ ചില വര്‍ഷങ്ങള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ വാഗ്ദാനങ്ങളിലൊന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത്. വിദേശത്തുനിന്നും കള്ളപ്പണമെല്ലാം ഇന്ത്യയിലെത്തിക്കുമെന്നും അങ്ങനെയെങ്കില്‍ ഓരോ വ്യക്തിക്കും 15 ലക്ഷം രൂപ കിട്ടുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം.  

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2013 നവംബര്‍ 7-ന് ഛത്തീസ്ഗഢിലെ കങ്കറില്‍ നടന്ന ഒരു റാലിയില്‍ വെച്ചാണ് നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയത്. വിദേശ ബാങ്കുകളിലെ കള്ളപ്പണം തിരിച്ചുകൊണ്ടുവന്നാല്‍ ഓരോ ഇന്ത്യക്കാരന്റെയും ബൊങ്ക് അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കാം എന്നായിരുന്നു വാഗ്ദാനം.

എന്നാല്‍, ഭരണം ലഭിച്ചതിനു ശേഷം ഈ വാഗ്ദാനം നടപ്പാക്കിയില്ല. കള്ളപ്പണം ഇന്ത്യയിലെത്തിക്കുന്ന കാര്യത്തില്‍ പോലും യാതൊരു പുരോഗതിയും ഉണ്ടായില്ല. ബിജെപി നേതാക്കള്‍ തന്നെ ഇതിനെ വെറും രാഷ്ട്രീയ പ്രസ്താവനയായി തള്ളിക്കളഞ്ഞു.

ഇപ്പോള്‍ 2026 മാര്‍ച്ച് അവസാനത്തോടെ, വാഗ്ദാനം ചെയ്ത ഏകദേശം 12 വര്‍ഷങ്ങള്‍ക്ക് ശേഷം, ഒരു കൗതുകകരമായ ചോദ്യം ഉയരുന്നു. ആ 15 ലക്ഷം യഥാര്‍ത്ഥത്തില്‍ 2014-ല്‍ അക്കൗണ്ടില്‍ എത്തിയിരുന്നെങ്കില്‍, ഇന്ന് ഫിക്‌സഡ് ഡിപ്പോസിറ്റ് ആയിരുന്നെങ്കില്‍ എത്രയാകുമായിരുന്നു? മ്യൂച്വല്‍ ഫണ്ട് ലേക്ക് മാറ്റിയിരുന്നെങ്കില്‍ എത്ര?

2014 മെയ് മാസത്തോടെ നിക്ഷേപിച്ചതായി കരുതി, 2026 മാര്‍ച്ച് 29 വരെ 12 വര്‍ഷം. ഫിക്‌സഡ് ഡിപ്പോസിറ്റ് ആയിരുന്നെങ്കില്‍ പ്രതിവര്‍ഷം ശരാശരി 7 ശതമാനം പലിശയില്‍ 33,78,287 രൂപയും 8% നിരക്കില്‍ ആയിരുന്നെങ്കില്‍ ഏകദേശം 37.77 ലക്ഷം രൂപയും ആകുമായിരുന്നു.

ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ നീണ്ടകാലയളവില്‍ മികച്ച റിട്ടേണ്‍ തരുന്നു. 2013 അവസാനം നിഫ്റ്റി 6,304 ആയിരുന്നു. 2026 മാര്‍ച്ച് അവസാനം 22,820 ആയി (ഏകദേശം 3.62 മടങ്ങ് വളര്‍ച്ച). ഈ രീതിയില്‍ 12 ശതമാനം പലിശ വന്നിരുന്നെങ്കില്‍ മാത്രം ഏകദേശം 58.44 ലക്ഷം രൂപയും 13% കിട്ടിയിരുന്നെങ്കില്‍ ഏകദേശം 65.02 ലക്ഷം രൂപയും ആകുമായിരുന്നു.

ഏകദേശം 130 കോടി ജനസംഖ്യയുള്ള ഇന്ത്യയില്‍ എല്ലാവര്‍ക്കും ആ തുക കൊടുക്കാന്‍ മൊത്തം 19.5 ലക്ഷം കോടി രൂപ വേണ്ടിവരുമായിരുന്നു. അതുകൊണ്ടുതന്നെ കൊടുക്കാന്‍ വേണ്ടി പറഞ്ഞതല്ലെന്നും വെറുതെ പറഞ്ഞതാണെന്നും വ്യക്തം.

Tags