ആഴ്ചയില്‍ ഒരുദിവസം ഭക്ഷണം കഴിക്കാതെ നോമ്പെടുത്താലോ, അതിശയിപ്പിക്കുന്ന ഗുണങ്ങള്‍, പ്രഷറും ഷുഗറും കൊളസ്‌ട്രോളുമെല്ലാം നിയന്ത്രണത്തിലാക്കാം

google news
Fasting

 

മുന്‍ കാലങ്ങളില്‍ പല മതവിശ്വാസികളും ആഴ്ചയില്‍ ഒരു ദിവസമെങ്കിലും നോമ്പ് അനുഷ്ഠിക്കുന്നവരായിരുന്നു. ഇന്നിപ്പോള്‍ ജീവിതത്തിരക്കില്‍ നെട്ടോട്ടമോടുന്നവര്‍ക്ക് നോമ്പെടുക്കാനോ ശരീരത്തെ വേണ്ടവിധത്തില്‍ പരിചരിക്കാനോ സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ ജീവിതശൈലീ രോഗങ്ങളാല്‍ സമ്പന്നരാണ് മലയാളികളില്‍ ഭൂരിപക്ഷവും. ആഹാരത്തിന്റെ കാര്യത്തിലും ആരോഗ്യ പരിരക്ഷയിലും മലയാളികള്‍ കൂടുതല്‍ ജാഗ്രതയോടെ നീങ്ങേണ്ട കാലഘട്ടത്തില്‍ ഉപവാസത്തിനും വലിയ പ്രാധാന്യമുണ്ട്. ആഴ്ചയിലൊരിക്കലോ മാസത്തിലൊരിക്കോ ഉപവാസമെടുക്കുന്നത് മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ വലുതാണ്.

ഉപവാസത്തിന് അടുത്തിടെ ജനപ്രീതി വര്‍ധിച്ചിട്ടുണ്ടെങ്കിലും, അത് നൂറ്റാണ്ടുകളായി പല സംസ്‌കാരങ്ങളുടെയും മതങ്ങളുടെയും പ്രധാന ഘടകമാണ്. ലോകത്തിലെ മിക്ക മതങ്ങളുടെയും ഭാഗമാണ് നോമ്പ്. ചില ദിവസങ്ങളില്‍ ചിലതരം ഭക്ഷണം മാത്രം കഴിച്ചോ അല്ലെങ്കില്‍ ഒരു നിശ്ചിത സമയത്തേക്ക് ഭക്ഷണം ഒഴിവാക്കിയോ ആളുകള്‍ ഉപവസിക്കുന്നു.

ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍, ഇടയ്ക്കിടെ ഉപവസിക്കുന്നത് നിങ്ങളുടെ ഹൃദയാരോഗ്യം, മസ്തിഷ്‌ക പ്രവര്‍ത്തനം, രോഗപ്രതിരോധ ശേഷി എന്നിവയെ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

നിങ്ങള്‍ ഉപവസിക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍, വിശപ്പ് ബാധിക്കുമ്പോള്‍ ചിപ്സും മറ്റ് ജങ്ക് ഫുഡും കഴിക്കരുത്. കലോറി കുമിഞ്ഞുകൂടുന്നത് ഒഴിവാക്കാന്‍ നോമ്പ് തുറക്കുമ്പോള്‍ ആരോഗ്യകരമായ ഭക്ഷണ ഓപ്ഷനുകള്‍ തെരഞ്ഞെടുക്കുക. ശരീരഭാരം കുറയ്ക്കുന്നത് മുതല്‍ മെച്ചപ്പെട്ട വൈജ്ഞാനിക പ്രവര്‍ത്തനം വരെ ഉപവാസത്തിന് ഒട്ടേറെ ആരോഗ്യ ഗുണങ്ങള്‍ ഉണ്ടാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ശരീരഭാരം കുറയ്ക്കാം

ശരീരഭാരം കുറയ്ക്കാനും പോസിറ്റീവാകാനും ഉപവാസം സഹായിക്കുന്നു. ഭാരത്തിലെ ഗണ്യമായ മാറ്റത്തിന് പുറമേ, ശരീരത്തിലെ പേശികള്‍ക്ക് ദോഷം വരുത്താതെ അരക്കെട്ട്, ശരീരത്തിലെ കൊഴുപ്പ് എന്നിവ കുറയാനും ഉപവാസം ഇടയാക്കും.

ഇന്‍സുലിന്‍ സംവേദനക്ഷമത വര്‍ദ്ധിപ്പിക്കും

ഉപവാസം പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കും. ആഴ്ചയില്‍ ഒരിക്കല്‍ മാത്രം ഉപവസിക്കുകയും അന്നേ ദിവസം വെറും വെള്ളം മാത്രം കുടിക്കുകയും ചെയ്യുന്നത് പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഉപവാസം കൊളസ്ട്രോളിന്റെ അളവും രക്തസമ്മര്‍ദ്ദവും കുറയ്ക്കുന്നു.

പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു

നീണ്ടുനില്‍ക്കുന്ന ഉപവാസം നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ പുനരുജ്ജീവിപ്പിക്കും. ശരീരത്തിന് ഒരു നിശ്ചിത കാലയളവില്‍ ഭക്ഷണം കിട്ടാതെ വരുമ്പോള്‍, ഊര്‍ജ്ജ സംരക്ഷണത്തിനായി, അത് രോഗപ്രതിരോധ കോശങ്ങളെ പുനരുല്‍പ്പാദിപ്പിക്കുകയും രോഗങ്ങള്‍ക്കെതിരെയുള്ള ഒരു പുതിയ പോരാട്ട ശക്തി നിങ്ങള്‍ക്ക് നല്‍കുകയും ചെയ്യുന്നു.

ശരീരത്തെ വിഷവിമുക്തമാക്കല്‍

ശരീരം ഉപവസിക്കുമ്പോള്‍, ഒരു ഗുണവും നല്‍കാതെ, ഊര്‍ജ്ജം ഉപഭോഗം ചെയ്യുന്ന എല്ലാറ്റിനേയും പുറന്തള്ളാന്‍ ശ്രമിക്കുന്നു. ഇതുമൂലം ശരീരത്തില്‍ കെട്ടിക്കിടക്കുന്ന വിഷാംശങ്ങള്‍ പുറന്തള്ളപ്പെടുന്നു. നോമ്പിന് ശേഷം നമുക്ക് സുഖവും സന്തോഷവും നല്‍കുന്ന ഹോര്‍മോണായ എന്‍ഡോര്‍ഫിനുകളുടെ അളവ് ഉയരും. വിഷവസ്തുക്കളെ നിര്‍വീര്യമാക്കാനുള്ള ശരീരത്തിന്റെ കഴിവ് മെച്ചപ്പെടുത്തുന്നതിലൂടെ കരള്‍, വൃക്കകള്‍, മറ്റ് അവയവങ്ങള്‍ തുടങ്ങിയവ ശരിയായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്.

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

ഹൃദ്രോഗത്തിന് കാരണമാകുന്ന ട്രൈഗ്ലിസറൈഡുകള്‍ കുറയ്ക്കാന്‍ ഉപവാസം സഹായിക്കുന്നു. ട്രൈഗ്ലിസറൈഡുകള്‍ ചീത്ത കൊളസ്ട്രോളിന് കാരണമാകുന്നു. ഉപവാസം ശരീരത്തിലെ നല്ല കൊളസ്ട്രോളിനെ ദോഷകരമായി ബാധിക്കുകയില്ല, ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുകയും രക്തത്തിന്റെ അളവ് നിയന്ത്രിക്കുകയും രക്തസമ്മര്‍ദ്ദം സാധാരണമാക്കുകയും ചെയ്യുന്നു. മൃഗങ്ങളില്‍ നടത്തിയ പഠനത്തില്‍ ഉപവാസം ഹൃദയപേശികളെ കൂടുതല്‍ കാര്യക്ഷമമാക്കുകയും ഹൃദയത്തിലെ രക്തക്കുഴലുകളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്.

പ്രായം കുറയ്ക്കും

ഉപവാസം മൃഗങ്ങളില്‍ പ്രായമാകല്‍ പ്രക്രിയയെ മന്ദഗതിയിലാക്കുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇത് ആയുസ്സ് വര്‍ദ്ധിപ്പിക്കുമെന്നും കരുതപ്പെടുന്നു.

തലച്ചോറിന്റെ പ്രവര്‍ത്തനം ഉത്തേജിപ്പിക്കുന്നു

ബ്രെയിന്‍ ഡിറൈവ്ഡ് ന്യൂറോട്രോഫിക് ഫാക്ടര്‍ (ബിഡിഎന്‍എഫ്) എന്ന പ്രോട്ടീന്റെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിലൂടെ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഉപവാസം ഗുണം ചെയ്യും. ന്യൂറല്‍ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന രാസവസ്തുക്കള്‍ ബിഡിഎന്‍എഫ് ഉത്തേജിപ്പിക്കുന്നു. ഇത് പുതിയ ന്യൂറോണുകള്‍ രൂപപ്പെടുത്തുന്നതിന് മസ്തിഷ്‌ക മൂലകോശങ്ങളെ സജീവമാക്കുന്നു. നിങ്ങളുടെ മസ്തിഷ്‌ക കോശങ്ങളെ സംരക്ഷിക്കുന്നതിനു പുറമേ, അല്‍ഷിമേഴ്സ്, പാര്‍ക്കിന്‍സണ്‍സ് രോഗങ്ങളെ തടയാനും ഈ പ്രോട്ടീന്‍ സഹായിക്കുന്നു.

മുഖക്കുരു തടയാനും തെളിഞ്ഞ ചര്‍മ്മം നല്‍കാനും സഹായിക്കുന്നു

ഉപവാസം ചര്‍മ്മത്തെ വൃത്തിയാക്കാന്‍ സഹായിക്കും, കാരണം ദഹനം താല്‍ക്കാലികമായി നിര്‍ത്തിയാല്‍, ശരീരത്തിന് അതിന്റെ പുനരുല്‍പ്പാദന ശക്തികള്‍ മറ്റ് സിസ്റ്റങ്ങളില്‍ കേന്ദ്രീകരിക്കാന്‍ കഴിയും.

കടുത്ത പ്രമേഹരോഗികള്‍, രക്തസമ്മര്‍ദ്ദമുള്ളവര്‍, മറ്റ് അസുഖങ്ങളുള്ളവര്‍ തുടങ്ങിയവരെല്ലാം ഉപവാസം ആചരിക്കുന്നതിന് മുന്‍പ് ഡോക്ടറുടെ ഉപദേശം തേടുക.

 

Tags