ഒന്നിനും കൊള്ളാത്ത ക്യാപ്റ്റന്‍, പിടിച്ചു പുറത്താക്കണം, ആ താരമില്ലെങ്കില്‍ വട്ടപ്പൂജ്യം, രോഹിത് ശര്‍മയ്‌ക്കെതിരെ രോഷപ്രകടനവുമായി ആരാധകര്‍
ബെംഗളുരു: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ കളിയില്‍ 8 വിക്കറ്റിന് തോറ്റതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കെതിരെ കലിപ്പുമായി ആരാധകര്‍. 36 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ന്യൂസിലന്‍ഡ് ഒരു ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയില്‍ വെച്ച് ആതിഥേയരെ തോല്‍പ്പിക്കുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് സമ്പൂര്‍ണ പരാജയമായ മത്സരമാണ് ഇതെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടി.
tRootC1469263">ആദ്യ ഇന്നിങ്‌സില്‍ 46 റണ്‍സിന് പുറത്തായതും രണ്ടാം ഇന്നിങ്‌സ് അവസാന ഘട്ടത്തില്‍ തകര്‍ന്നടിഞ്ഞതും ഇന്ത്യന്‍ തോല്‍വിക്ക് കാരണമായി. മാത്രമല്ല, ന്യൂസിലന്‍ഡ് രണ്ടാം ഇന്നിങ്‌സില്‍ അശ്വിനെ പന്തെറിയാന്‍ എത്തിച്ചത് വൈകിയതും രോഹിത്തിന്റെ വീഴ്ചയായാണ് ആരാധകര്‍ പറയുന്നത്. ആദ്യ കളിയില്‍ വെറും രണ്ട് റണ്‍സിനും രണ്ടാം മത്സരത്തില്‍ 52 റണ്‍സിനും രോഹിത് പുറത്തായി. ടെസ്റ്റില്‍ ദീര്‍ഘ ഇന്നിങ്‌സ് കളിക്കാന്‍ കഴിയാത്ത രോഹിത്തിനെ ക്യാപ്റ്റനായി തുടരാന്‍ അനുവദിക്കരുതെന്ന് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു.
ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹം എടുത്ത ഓരോ തീരുമാനവും ടീമിന് തിരിച്ചടിയായി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനെടുത്ത തീരുമാനം വമ്പന്‍ മണ്ടത്തരമായിരുന്നു. ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് സിറാജിനും ചൂഷണം ചെയ്യാന്‍ അനുയോജ്യമായ പിച്ചില്‍ ബാറ്റ് ചെയ്യാന്‍ തിരഞ്ഞെടുത്തു. ഇതോടെ ന്യസീസിലന്‍ഡ് ബൗളര്‍മാരുടെ മാരകമായ ബൗളിങ്ങില്‍ ഇന്ത്യ തകര്‍ന്നടിയുകയും ചെയ്തു.
വിരാട് കോഹ്ലിയെ തന്റെ പതിവ് നമ്പറിന് പകരം മൂന്നാം നമ്പറില്‍ അയച്ചതോടെ രോഹിതിന്റെ ക്യാപ്റ്റന്‍സി വീണ്ടും പരാജയമായി. 2016 ന് ശേഷം ആദ്യമായാണ് ഒരു ടെസ്റ്റില്‍ കോഹ്ലി മൂന്നാം നമ്പറില്‍ കളിച്ചത്. ഒമ്പത് പന്തില്‍ റണ്ണെടുക്കാതെ പുറത്താവുകയും ചെയ്തു. കോഹ്ലിയെ കൂടാതെ കെ.എല്‍.രാഹുല്‍, സര്‍ഫറാസ് ഖാന്‍, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരും റണ്‍സെടുക്കാതെയാണ് പുറത്തായത്.
സന്ദര്‍ശകര്‍ ആദ്യ ഇന്നിങ്‌സില്‍ 233/7 എന്ന നിലയില്‍ സമ്മര്‍ദ്ദത്തിലായപ്പോള്‍ ബുംറയെയും സിറാജിനെയും പന്തേല്‍പ്പിക്കാത്തത് അവരെ സുരക്ഷിതമാക്കി. ഇതോടെ ന്യൂസിലന്‍ഡിന് ലീഡ് വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു. പുതിയ പന്ത് എടുക്കാനുള്ള അവസരം പോലും രോഹിത് ശരിയായി വിനിയോഗിക്കാത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. സ്വന്തം തട്ടകത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളറായ അശ്വിന്, ന്യൂസിലന്‍ഡിന്റെ രണ്ടാം ഇന്നിങ്‌സില്‍, 24 ഓവറിന് ശേഷമാണ് രോഹിത് പന്തേല്‍പ്പിച്ചത്.
രവീന്ദ്ര ജഡേജയ്ക്കും കുല്‍ദീപ് യാദവിനും എതിരെ രചിന്‍ രവീന്ദ്ര തകര്‍ത്തടിച്ചപ്പോഴും രോഹിത്തിന്റെ നീക്കം ആരാധകരെ അമ്പരപ്പിച്ചു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേശ് കാര്‍ത്തിക് ക്യാപ്റ്റന്റെ തീരുമാനത്തെ ചോദ്യം ചെയ്തു. ടെസ്റ്റ് മത്സരത്തിന്റെ അഞ്ചാം ദിവസമാണിതെന്ന് കാര്‍ത്തിക് രോഹിത്തിനെ ഓര്‍മിപ്പിച്ചു.
ഹിറ്റ്മാന്റെ ദയനീയ ക്യാപ്റ്റന്‍സി എന്നാണ് ആരാധകര്‍ ഇതിനെ വിശേഷിപ്പിച്ചത്. രോഹിത്തിനെ പുറത്താക്കണമെന്നും താരം വിരമിക്കണമെന്നുമെല്ലാം ആരാധകര്‍ ആവശ്യപ്പെട്ടു. 1988-ന് ശേഷം ന്യൂസിലന്‍ഡ് ഇന്ത്യയില്‍ ഒരു ടെസ്റ്റ് പോലും ജയിച്ചിട്ടില്ല. അത് അവര്‍ സാധിച്ചെടുത്തു. 2012-ന് ശേഷം ഇന്ത്യ ഒരു ഹോം ടെസ്റ്റ് പരമ്പരയും തോറ്റിട്ടില്ല. ഇതേ ക്യാപ്റ്റനാണെങ്കില്‍ ആ റെക്കോര്‍ഡും തകരുമെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. ജസ്പ്രീത് ബുംറ എന്ന ബൗളറില്ലെങ്കില്‍ രോഹിത്തിന്റെ ക്യാപ്റ്റന്‍സി വട്ടപ്പൂജ്യമാണെന്നും ആരാധകര്‍ പരിഹസിച്ചു.
.jpg)


