സുകുമാര കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജവാര്‍ത്ത, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ 24 ന്യൂസ് വിടാനൊരുങ്ങുന്നു?, മാധ്യമ ധാര്‍മികത ഇല്ലാതെ ചാനല്‍ റേറ്റിങ്ങിനു വേണ്ടിയുള്ള കിടമത്സരം
പിടികിട്ടാപുള്ളിയും കൊലപാതകിയുമായ സുകുമാര കുറുപ്പെന്ന പേരില്‍ മറ്റൊരാളുടെ ചിത്രവും വാര്‍ത്തയും നല്‍കി രണ്ടുദിവസം എസ്‌ക്ലൂസീവ് സൃഷ്ടിച്ചത് ഏറെ ചര്‍ച്ചയായിരുന്നു.
തിരുവനന്തപുരം: ചാനലുകള്‍ തമ്മിലുള്ള കിടമത്സരത്തിനിടെ റേറ്റിങ്ങിനായി വ്യാജവാര്‍ത്ത നല്‍കി നാണക്കേടിലായ 24 ന്യൂസിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് കടുത്ത അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. പിടികിട്ടാപുള്ളിയും കൊലപാതകിയുമായ സുകുമാര കുറുപ്പെന്ന പേരില്‍ മറ്റൊരാളുടെ ചിത്രവും വാര്‍ത്തയും നല്‍കി രണ്ടുദിവസം എസ്‌ക്ലൂസീവ് സൃഷ്ടിച്ചത് ഏറെ ചര്‍ച്ചയായിരുന്നു.
സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ട്. ബ്രൂണെയിലാണ്. ചിത്രം പുറത്തുവിടുന്നു എന്നൊക്കെയുള്ള സ്‌ക്രോളിങ്ങിലൂടെ പ്രേക്ഷകരുടെ ആകാംഷ പിടിച്ചുപറ്റിയെങ്കിലും ചാനല്‍ പുറത്തുവിട്ട ചിത്രം മറ്റൊരാളുടേതാണെന്ന് വ്യക്തമായി.
ചിത്രവും പാസ്പോര്‍ട്ടും സുകുമാരക്കുറുപ്പിന്റേതല്ല. തൃശൂര്‍ കരുമാത്ര സ്വദേശിയും ബ്രൂണെയില്‍ താമസിക്കുന്ന ദാമോദര മേനോന്‍ എന്ന മലയാളിയുടേതാണെന്ന് കുടുംബവും പൊലീസും സ്ഥിരീകരിച്ചു. രോഗബാധിതനായ ഒരു വൃദ്ധനെയാണ് കുറ്റവാളിയാക്കി പ്രചരിപ്പിച്ചത്. എന്തിനെന്നെ സുകുമാരക്കുറുപ്പാക്കി? വേട്ടയാടലിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
മലയാള വാര്‍ത്താ ചാനലുകളുടെ യാഥാര്‍ത്ഥ്യ ചിത്രമാണ് 24 ന്യൂസും ആവര്‍ത്തിച്ചത്. സത്യം അന്വേഷിക്കുകയല്ല, റേറ്റിങ് നേടുകയാണ് ലക്ഷ്യം. മറ്റു ചാനലുകള്‍ക്ക് ഇതേ 'ടിപ്-ഓഫ്' ലഭിച്ചിട്ടും അവര്‍ സ്ഥിരീകരണമില്ലാതെ വാര്‍ത്ത നല്‍കാതെ മാറിനിന്നു. അടിസ്ഥാന പരിശോധന പോലും നടത്താതെ, മുഖം തിരിച്ചറിയല്‍ സാങ്കേതിക വിദ്യയോ കുടുംബ ബന്ധമോ പോലും ഉപയോഗിക്കാതെ, 'എക്സ്‌ക്ലൂസീവ്' എന്ന ലേബല്‍ ഒട്ടിച്ച് പ്രക്ഷേപണം ചെയ്തു.
സംഭവം ഏറെ ചര്‍ച്ചയാവുകയും സോഷ്യല്‍ മീഡിയയില്‍ 24 ന്യൂസ് മാധ്യമപ്രവര്‍ത്തകര്‍ വലിയതോതില്‍ പരിഹാസത്തിന് ഇരയാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ചില മാധ്യമപ്രവര്‍ത്തകര്‍ ചാനല്‍ വിടുകയാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. മുതിര്‍ന്ന ജേണലിസ്റ്റ് ബി ദിലീപ് കുമാര്‍ മറ്റൊരു ചാനലിലേക്ക് മാറിയതിന് പിന്നിലും ഇതുതന്നെയാണ് കാരണമെന്നാണ് സൂചന.
ഒരു നിരപരാധിയുടെ ജീവിതം തകര്‍ക്കുക, കുടുംബത്തെ അപമാനിക്കുക, പൊലീസ് അന്വേഷണത്തെ തെറ്റായ ദിശയിലേക്ക് തിരിക്കുക ഇതൊക്കെയാണ് റേറ്റിങ് പോയിന്റിന് വേണ്ടി ചാനലുകള്‍ ചെയ്തുകൂട്ടുന്നത്.
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരില്‍ ചിലര്‍ ഈ നടപടിയെ മാധ്യമധര്‍മത്തിന്റെ പരമാവധി തകര്‍ച്ചയായി കാണുന്നു. റേറ്റിങ് മത്സരത്തിന് വേണ്ടി സത്യം ബലികഴിക്കുന്ന സംസ്‌കാരത്തോട് പൊരുത്തപ്പെടാന്‍ കഴിയാത്തവരാണ് ചാനല്‍ വിടാന്‍ ഒരുങ്ങുന്നത്.
പൊലീസ് ഇതിനകം ചിത്രം ദാമോദര മേനോന്റേതാണെന്ന് സ്ഥിരീകരിച്ചു. ക്രൈം ബ്രാഞ്ച് അന്വേഷണം തുടരുകയാണ്. എന്നാല്‍, 24 ന്യൂസില്‍ നിന്ന് ഇതുവരെ വ്യക്തമായ ക്ഷമാപണം ഉണ്ടായിട്ടില്ല. ചാനല്‍ മേധാവി ശ്രീകണ്ഠന്‍ നായരും വാര്‍ത്താ അവതാരകന്‍ ഹാശ്മി താജ് ഇബ്രാഹിമുമാണ് വാര്‍ത്തയ്ക്ക് പിന്നിലെന്നാണ് സോഷ്യല്‍ മീഡിയയുടെ ആരോപണം.
മാധ്യമധര്‍മം തിരിച്ചുപിടിക്കണമെങ്കില്‍, ഇത്തരം വ്യാജവാര്‍ത്തകള്‍ക്ക് ഉത്തരവാദിത്തം ഏറ്റെടുക്കണം. ക്ഷമാപണം മാത്രം പോരാ. അന്വേഷണവും, തെറ്റ് ചെയ്തവരോടുള്ള നടപടിയും വേണം. അല്ലെങ്കില്‍, അടുത്ത തവണ മറ്റൊരു നിരപരാധി 'സുകുമാരക്കുറുപ്പ്' ആകും. റേറ്റിങ് പോയിന്റ് കൂടും. മാധ്യമധര്‍മം ഇല്ലാതാകും.
.jpg)

