വ്യാജ ലോൺ ആപ്പ് തട്ടിപ്പുകൾ വ്യാപകമാകുന്നു: കെണിയിലാകുന്നത് നിരവധിപേർ
ഭീഷണി തുടരുകയാണെങ്കിൽ ഒട്ടും വൈകാതെ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ സൈബർ പോലീസ് സ്റ്റേഷനിലോ പരാതി നൽകേണ്ടതാണ്
കണ്ണൂർ: രേഖകളില്ലാതെ മിനിറ്റുകൾക്കകം വായ്പ വാഗ്ദാനം ചെയ്ത് സാധാരണക്കാരെ കെണിയിലാക്കുന്ന വ്യാജ ലോൺ ആപ്പുകളുടെ തട്ടിപ്പുകൾ സംസ്ഥാനത്ത് ക്രമാതീതമായി വർധിക്കുന്നു. വളരെ കുറഞ്ഞ പലിശനിരക്കിൽ അടിയന്തരമായി പണം ലഭിക്കുമെന്ന ആകർഷകമായ പരസ്യങ്ങളിൽ വീണാണ് ഭൂരിഭാഗം പേരും ഇത്തരം ചതിക്കുഴികളിൽ ചെന്നുപെടുന്നത്. എന്നാൽ സാധാരണ വായ്പാ സേവനങ്ങൾക്കപ്പുറം ഉപയോക്താക്കളുടെ സ്വകാര്യ ജീവിതം തകർക്കുന്ന രീതിയിലാണ് ഈ തട്ടിപ്പ് സംഘങ്ങളുടെ പ്രവർത്തനം മുന്നോട്ടുപോകുന്നത്.
മൊബൈൽ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യുന്ന ഘട്ടത്തിൽ തന്നെ ഫോണിലെ കോൺടാക്റ്റ് ലിസ്റ്റ്, ഫോട്ടോ ഗ്യാലറി, ലൊക്കേഷൻ എന്നിവ കൈക്കലാക്കാനുള്ള അനുമതി ഈ ആപ്പുകൾ നിർബന്ധപൂർവം നേടിയെടുക്കുന്നു. ഇതോടെ ഉപയോക്താവിന്റെ സ്വകാര്യ വിവരങ്ങളും കുടുംബാംഗങ്ങളുടെ ചിത്രങ്ങളും തട്ടിപ്പുകാരുടെ നിയന്ത്രണത്തിലാകുന്നു.
തുടർന്ന് വായ്പത്തുക കൃത്യമായി തിരിച്ചടച്ചാൽ പോലും വീണ്ടും വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതാണ് ഇവരുടെ രീതി. പണം നൽകാൻ വിസമ്മതിച്ചാൽ ഫോണിൽ നിന്ന് ചോർത്തിയ ചിത്രങ്ങൾ അശ്ലീലമായി മോർഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന തരത്തിലുള്ള മാനസിക പീഡനങ്ങൾ ആരംഭിക്കുന്നു. ഉപയോക്താവിനെ മാനസികമായി തളർത്തുന്നതിനായി ഇത്തരം വ്യാജ ചിത്രങ്ങൾ കോൺടാക്റ്റ് ലിസ്റ്റിലുള്ള സുഹൃത്തുക്കൾക്കും അടുത്ത ബന്ധുക്കൾക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം പണം തട്ടിയെടുക്കുകയാണ് സംഘം ചെയ്യുന്നത്.
ഇത്തരത്തിലുള്ള ഭീഷണികൾ നേരിടേണ്ടി വരുന്ന സാഹചര്യങ്ങളിൽ യാതൊരു കാരണവശാലും ഭയന്ന് പണം കൈമാറരുത്. പണം നൽകുന്നത് ഭീഷണിയുടെ വ്യാപ്തി വർധിപ്പിക്കുക മാത്രമേ ചെയ്യുകയുള്ളൂ. തട്ടിപ്പ് മനസ്സിലാക്കിയ ഉടൻ തന്നെ ഇത്തരം ആപ്പുകൾ ഫോണിൽ നിന്ന് പൂർണമായും അൺഇൻസ്റ്റാൾ ചെയ്യണം. കൂടാതെ സ്വന്തം ഫോൺ സൈബർ ആക്രമണത്തിന് ഇരയായെന്നും മോർഫ് ചെയ്ത സന്ദേശങ്ങളോ വ്യാജ ചിത്രങ്ങളോ ലഭിച്ചാൽ അവഗണിക്കാൻ തയ്യാറാകണമെന്നും സുഹൃത്തുക്കളെയും ബന്ധുക്കളെയും മുൻകൂട്ടി അറിയിക്കുന്നത് സാമൂഹികമായ ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ സഹായിക്കും.
ഭീഷണി തുടരുകയാണെങ്കിൽ ഒട്ടും വൈകാതെ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ സൈബർ പോലീസ് സ്റ്റേഷനിലോ പരാതി നൽകേണ്ടതാണ്. സൈബർ സാമ്പത്തിക തട്ടിപ്പുകൾ അടിയന്തരമായി തടയുന്നതിനായി കേന്ദ്ര സർക്കാർ സജ്ജമാക്കിയിട്ടുള്ള 1930 എന്ന ടോൾ ഫ്രീ നമ്പറിലോ, www.cybercrime.gov.in എന്ന ഔദ്യോഗിക പോർട്ടലിലോ വിവരങ്ങൾ അറിയിക്കാം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ധനകാര്യ സ്ഥാപനങ്ങൾ ഒരിക്കലും ഉപഭോക്താക്കളുടെ വ്യക്തിഗത ഫോട്ടോകളിലേക്കോ ഫോൺ കോൺടാക്റ്റുകളിലേക്കോ പ്രവേശനം ആവശ്യപ്പെടാറില്ലെന്നും, ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിന് മുൻപ് അവയുടെ ആധികാരികതയും ഉപയോക്തൃ അവലോകനങ്ങളും കൃത്യമായി പരിശോധിക്കണം.
.jpg)

