ഡിഐജി യതീഷ് ചന്ദ്രയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്: പ്രതികളെ കണ്ടെത്താനായില്ലെന്ന് പോലീസ്
കൊച്ചി: ഡിഐജി യതീഷ് ചന്ദ്രയുടെ പേരിൽ വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ട് പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് കോടതിയെ അറിയിച്ച് പോലീസ്.
ഡിഐജി യതീഷ് ചന്ദ്രയുടെ പേരിൽ വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ട് സൃഷ്ടിച്ച് കേരള ഹൈക്കോടതിയിലെ ചില അഭിഭാഷകർക്ക് സന്ദേശം അയച്ച സംഭവത്തിന് പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് കൊച്ചി സൈബർ പോലീസ് കോടതിയെ അറിയിച്ചു.നിലവിൽ കൊച്ചി ഡിഐജിയുടെ ചുമതല വഹിക്കുന്ന യതീഷ് ചന്ദ്ര മുമ്പ് കണ്ണൂർ റേഞ്ചിൻ്റെ ചുമതല വഹിച്ചിരുന്ന സമയത്താണ് കേസിന് ആധാരമായ സംഭവം നടക്കുന്നത്.

ഹൈക്കോടതി അഭിഭാഷകൻ അഡ്വ. കുളത്തൂർ ജയ്സിങിന് യതീഷ് ചന്ദ്രയുടെ പേരിൽ ഫെയ്സ് ബുക്കിലൂടെ സന്ദേശം ലഭിച്ചു. അദ്ദേഹം ഉടൻ യതീഷ് ചന്ദ്രയെ ഫോണിൽ ബന്ധപ്പെടുകയും വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ടിലെ സന്ദേശമാണ് ലഭിച്ചതെന്ന് ഉറപ്പാക്കി. ഇതിന് പിന്നാലെ അഡ്വ. കുളത്തൂർ ജയ്സിങിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൊച്ചി സൈബർ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികൾ അന്യ സംസ്ഥാനത്ത് ഉള്ളവരാണെന്ന് പോലീസ് കണ്ടെത്തിരുന്നു. എന്നാൽ ലഭ്യമായ അഡ്രസ്സുകൾ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അന്വേഷണം പോലീസ് അവസാനിപ്പിക്കുകയായിരുന്നു.
എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുമ്പാകെയാണ് പ്രതികളെ കണ്ടെത്താൽ കഴിഞ്ഞിട്ടില്ലെന്ന് കാണിച്ച് പോലീസ് റിപ്പോർട്ട് ഫയൽ ചെയ്തിട്ടുള്ളത്. യതീഷ് ചന്ദ്രയുടെ പേരിൽ വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ട് സൃഷ്ടിച്ച സംഭവം നിസ്സാരമായി കാണുവാൻ കഴിയില്ലെന്നും യതീഷ് ചന്ദ്ര കൊച്ചി റേഞ്ച് ഡിഐജിയായി തുടരുന്ന സാഹചര്യത്തിൽ അദ്ദേഹത്തിൻ്റെ കീഴിലുള്ള പോലീസ് ഇതിൽ കൂടുതൽ അന്വേഷണം നടത്തി പ്രതികളെ പിടി കൂടാത്തതിൽ കൂടുതൽ അന്വേഷണം അനിവാര്യമെന്നും കേസിൽ കൂടുതൽ അന്വേഷണം കോടതിയോട് ആവിശ്യപ്പെടുമെന്നും അഡ്വ. കുളത്തൂർ ജയ്സിങ് പറഞ്ഞു.
.jpg)

