എനിക്കുമൊരു മകളുണ്ട്, ആണ്‍പിള്ളേരേ ബിഎംഡബ്ലു വേണമെങ്കില്‍ പണിയെടുത്ത് വാങ്ങൂ, അതല്ലേ ഹീറോയിസം, വൈറലായി ഒരു കുറിപ്പ്

shahna ruwais
shahna ruwais

കൊച്ചി: യുവ ഡോക്ടര്‍ ഷഹ്ന സ്ത്രീധനത്തിന്റെ ഇരയായി മാഞ്ഞുപോയപ്പോള്‍ സമൂഹം ഒരിക്കല്‍ക്കൂടി സ്ത്രീധനമെന്ന ദുരാചാരത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണ്. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതുമെല്ലാം കുറ്റകരമായ ഒരു വ്യവസ്ഥയില്‍ പോലും പരസ്യമായി സ്ത്രീധനം ചോദിച്ചുവാങ്ങുന്നവര്‍ സജീവമാണെന്നതാണ് യാഥാര്‍ത്ഥ്യം.

ചില പ്രദേശങ്ങളിലും സമുദായങ്ങളിലുമെല്ലാം സ്ത്രീധനം ഇപ്പോഴും വ്യാപകമാണ്. സ്ത്രീധനം കൊടുത്തില്ലെങ്കില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ മകള്‍ക്ക് വിലയുണ്ടാകില്ലെന്നും മകളെ കഷ്ടപ്പെടുത്തുമെന്നും രക്ഷിതാക്കള്‍ ആശങ്കപ്പെടുന്നു. ചോദിക്കുന്ന സ്ത്രീധനം കൊടുത്താലും കൂടുതല്‍ ചോദിച്ചുള്ള സ്ത്രീപീഡനങ്ങളും കുറവല്ല. പ്രണയിച്ച പെണ്‍കുട്ടിയോട് പോലും സ്ത്രീധനം ചോദിക്കുന്ന അവസ്ഥയിലേക്ക് ചിലര്‍ മാറിയെന്നത് ഞെട്ടിക്കുന്നതാണ്.

പിജി ഡോക്ടറായ ഷഹ്നയോട് 150 പവനും 15 ഏക്കറും ബിഎംഡബ്ലു കാറുമാണ് ഡോക്ടര്‍ റുവൈസും കുടുംബവും ആവശ്യപ്പെട്ടത്. ഇതിന്റെ ഒരുഭാഗം നല്‍കാമെന്ന് വാഗ്ദാനം ചെയ്തിട്ടും റുവൈസ് വഴങ്ങിയില്ല. വിവാഹം മുടങ്ങിയതിന്റേയും പ്രണയം തകര്‍ന്നതിന്റേയും ആഘാതത്തിലാണ് ഷഹ്ന ആത്മഹത്യ ചെയ്തത്. ഏവര്‍ക്കും നോവായി ഷഹ്ന ജീവിതം അവസാനിപ്പിക്കുമ്പോള്‍ സ്ത്രീധനത്തിനെതിരായ ഒരു കുറിപ്പ് ഫേസ്ബുക്കില്‍ വൈറലാവുകയാണ്.

ബിഎംഡബ്ലു വേണമെന്നുണ്ടെങ്കില്‍ സ്വന്തമായി അധ്വാനിച്ച് വാങ്ങണമെന്നാണ് ആണ്‍പിള്ളേരോട് പറയാനുള്ളതെന്ന് സുനു കുന്നത്ത് എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. നിങ്ങളുമായിട്ട് യാതൊരു ബന്ധവുമില്ലാത്ത ഏതോ ഒരു മനുഷ്യന്‍ ഒരായുസ്സ് മുഴുവന്‍ കഷ്ട്ടപ്പെട്ട് രക്തം വിയര്‍പ്പാക്കി ഉണ്ടാക്കിയ പണം കൊണ്ട് വാങ്ങിയ ബിഎംഡബ്ലുവില്‍ ചക്കാത്തിലിരുന്ന് സുഖിക്കരുതെന്നും സുനു പറയുന്നുണ്ട്.

സുനുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

 ഞാനും പ്രേമിച്ചു കെട്ടിയതാണ് .വരുന്ന ജനുവരിയില്‍ 57  വയസ്സാകും .ഇപ്പോഴും ഞാനും ഭാര്യയും ഓടിപ്പാഞ്ഞുനടന്ന് പണിയെടുത്തു ഞങ്ങളുടെ കൊച്ചു ജീവിതം ജീവിച്ചു തീര്‍ക്കുന്നു .
എനിക്ക് ആണ്‍പിള്ളേരോട് പറയാനുള്ളത് നിങ്ങള്‍ക്ക് BMW വേണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ പണിയെടുത്തു ഉണ്ടാക്കണമെന്നാണ് .അതിനല്ലേ അന്തസ്സ് ?അതല്ലേ ഹീറോയിസം ?
അല്ലാതെ പെമ്പറന്നോത്തി വീട്ടീന്ന് BMW ഇരന്ന് വാങ്ങിയിട്ട് നിങ്ങള്‍ അതില്‍ ഞെളിഞ്ഞിരുന്ന് പോകുന്നതില്‍ എന്തെങ്കിലും അന്തസ്സുണ്ടോ ?
നിങ്ങള്‍ ആണുങ്ങളെപ്പോലെ
പണിയെടുത്തു അതിന്റെ വിയര്‍പ്പില്‍ നിന്ന് വാങ്ങിയ പഴയ അംബാസ്സഡര്‍ ഓടിച്ചു നടക്കൂ .നിങ്ങളുമായിട്ട് യാതൊരു ബന്ധവുമില്ലാത്ത ഏതോ ഒരു മനുഷ്യന്‍ ഒരായുസ്സ് മുഴുവന്‍ കഷ്ട്ടപ്പെട്ട് രക്തം വിയര്‍പ്പാക്കി ഉണ്ടാക്കിയ പണം കൊണ്ട് വാങ്ങിയ BMW ല്‍ ചക്കാത്തിലിരുന്ന് സുഖിക്കാമെന്ന് കരുതാതെ .
നിങ്ങള്‍ക്ക് ഇഷ്ട്ടപ്പെട്ട ഒരു പെണ്ണിനെ പോറ്റാനുള്ള കപ്പാസിറ്റി പോലുമില്ലാത്ത വെറും ഡൂക്കിലിയാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ കല്യാണമേ കഴിക്കാതിരിക്കുന്നതാണ് നല്ലത് .
പെണ്‍പിള്ളേരേ,പ്രണയത്തകര്‍ച്ച ഉണ്ടാകുമ്പോള്‍ ആത്മഹത്യ ചെയ്യണമെന്നൊക്കെ ആളുകള്‍ക്ക് തോന്നും .സ്വാഭാവികമാണ് .പക്ഷേ ചാകുന്നത് അല്‍പ്പം അന്തസ്സുള്ള ഒരുവന് വേണ്ടിയായിരിക്കണം .അല്ലാതെ നിങ്ങളുടെ പണം മാത്രം ആഗ്രഹിച്ചു വരുന്ന വെറുമൊരു ദരിദ്രവാസിക്കുവേണ്ടിയാവരുത് .
ഇനി മറ്റൊന്ന് .നിങ്ങളിനി ആരെ പ്രേമിച്ചു കെട്ടിയാലും നാലഞ്ച് കൊല്ലം കഴിയുമ്പോള്‍ ഈ പ്രണയമൊക്കെ പൂര്‍ണ്ണമായും കൊഴിഞ്ഞു പോകും .പിന്നീടവിടെയുള്ളത് വര്‍ഷങ്ങള്‍ ഒരുമിച്ചു താമസിക്കുന്ന രണ്ട് വ്യക്തികള്‍ തമ്മിലുള്ള സ്വാഭാവിക അടുപ്പം മാത്രമായിരിക്കും .ഗള്‍ഫിലോക്കെ വര്‍ഷങ്ങളോളം ഒരു മുറിയില്‍ ഒരുമിച്ചു ജീവിച്ച മനുഷ്യര്‍ തമ്മിലും ഈ അടുപ്പം കാണാറുണ്ട് .
ഇയാളെ കിട്ടിയില്ലെങ്കില്‍ ഞാന്‍ ജീവിക്കുകയില്ല എന്നുപറഞ്ഞ പലരും ഇയാളെ കെട്ടിയതുകൊണ്ട് ഇനിയൊട്ടും ജീവിക്കാന്‍ കഴിയുന്നില്ല എന്ന് പിന്നീട് പരിതപിച്ചിട്ടുണ്ട് .
പ്രണയത്തിലെ നൈരന്തര്യം എന്നുമാഗ്രഹിക്കുന്നത് ലോക അബദ്ധമായിരിക്കും .കല്യാണം പ്രണയത്തെ കെടുത്തും .
ലോകത്തിലെ ഏറ്റവും പ്രശസ്തരായ പ്രണയിതാക്കള്‍ ഒരിക്കലും കല്യാണം കഴിക്കാത്തവരായിരുന്നു .
എനിക്കൊരു മകളുണ്ട് .അഞ്ചു നയാപ്പൈസ അവള്‍ക്ക് ഞങ്ങള്‍ സ്ത്രീ ധനം കൊടുക്കുകയില്ല .ഇണയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അവള്‍ക്കുണ്ട് .അവള്‍ക്ക് ജോലിയുമുണ്ട് .സമയമാകുമ്പോള്‍ ഒരു പങ്കാളിയെ കണ്ടത്തി രണ്ടുപേരും ജോലിചെയ്ത് അവര്‍ക്ക് ഒരുമിച്ചു ജീവിക്കാം .
വളരെ ചെറിയതാണീ ജീവിതം .ഒന്നും ശാശ്വതമല്ലാത്തതും .BMW ഉം പറമ്പുമൊന്നും ആരും ചാകുമ്പോള്‍ കൊണ്ടുപോകുകയുമില്ല .തല്ക്കാലം ഇവിടെ കുറച്ചു നാള്‍ ഉപയോഗിക്കാം .പക്ഷേ അത് സ്വന്തമാക്കുന്നത് സ്വന്തം അധ്വാനം കൊണ്ടായിരിക്കണം .അപ്പോഴേ അതിനൊരു ഭംഗിയുള്ളു .നിങ്ങള്‍ക്കത് ഇല്ലാത്തതുകൊണ്ടാണ് നിങ്ങളത് ആഗ്രഹിക്കുന്നത് .BMW കയ്യില്‍ കിട്ടിയാല്‍ ഉടന്‍ നിങ്ങളത് മറന്ന് മറ്റൊരു ആഗ്രഹത്തിന്റെ പിന്നാലെ പോകും .മരണം വരെ ഇത് തുടരും .
ഇരന്ന് വാങ്ങുന്നത് അനുഭവിക്കുന്നവന്റെ മുഖത്തു എന്നുമൊരു ജാള്യതകാണും .സൂക്ഷിച്ചു നോക്കിയാല്‍ .
ലോകത്തില്‍ ഏറ്റവും ആളുകള്‍ മരണപ്പെടുന്നത് പങ്കാളി മൂലമാണോ എന്ന് തോന്നിപ്പോകും .ദിവസവും ചുറ്റിനുമുള്ള സംഭവങ്ങള്‍ കണ്ടാല്‍ .
ആണുങ്ങള്‍ അന്തസ്സോടെ ഒരു പെണ്ണിനോട് BMW എന്ന് പറയാന്‍ കഴിയണം .
അതിനര്‍ത്ഥം BMW Car വേണമെന്നല്ല .Be My Wife എന്നാണ് .
സുഖത്തിലും ദുഖത്തിലും സമ്പത്തിലും ദാരിദ്ര്യത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും ഒരുമിച്ചു ജീവിക്കാന്‍ ഒരു പങ്കാളി ...

 

Tags