കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ പ്രതീക്ഷകളും യാഥാർഥ്യങ്ങളും

കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ പ്രതീക്ഷകളും യാഥാർഥ്യങ്ങളും

അരുൺ കരിപ്പാൽ

വളരും തോറും പിളരുന്ന, ഒരു കുടക്കീഴിൽ ഒരുപാട് നല്ല നേതാക്കൾക്കു ഒരുമിച്ച് മുന്നോട്ടു പോകാൻ കഴിയാത്രത്ര വ്യത്യസ്തമായ പാർട്ടിയാണ് കേരള കോൺഗ്രസ്. ഇത്രയധികം പിളർപ്പുകൾ ഉണ്ടായ ഒരു പ്രാദേശിക പാർട്ടി ലോകത്തുണ്ടോ എന്ന് തന്നെ സംശയമാണ്. ഇന്ന് കേരള കോൺഗ്രസിന്റെ എട്ടു വിഭാഗങ്ങൾ കേരളത്തിൽ ഇരു മുന്നണിയോടപ്പമായും ഒറ്റക്കായും നിൽക്കുന്നുണ്ട്.

കേരള കോൺഗ്രസ് ജോസ് വിഭാഗം, കേരള കോൺഗ്രസ് ജോസഫ് വിഭാഗം,കേരള കോൺഗ്രസ് (ജേക്കബ്), കേരള കോൺഗ്രസ് ബി, കേരള കോൺഗ്രസ് സ്കറിയ തോമസ് വിഭാഗം, ജാധിപത്യ കേരള കോൺഗ്രസ്, കേരള കോൺഗ്രസ് പി സി തോമസ് വിഭാഗം, ജനപക്ഷം തുടങ്ങിയവയാണിത്.

കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ പ്രതീക്ഷകളും യാഥാർഥ്യങ്ങളും

മധ്യ തിരുവിതാകൂറിനെ ചുറ്റി പറ്റിയുള്ള കേരള കോൺഗ്രസ് പാർട്ടികളുടെ പ്രവർത്തനങ്ങൾ പ്രത്യശാസ്ത്രപരമായ അടിത്തറക്കപ്പുറം അതാതു കാലത്തേ നേതാവിന്റെ മനസിനൊപ്പം സഞ്ചരിക്കുന്ന ഒന്നാണ് എന്ന് വേണമെങ്കിൽ പറയാം. ഇതിൽ ഏതിനെയും ഒപ്പം കൂട്ടി മുന്നണി വിപുലീകരിക്കും എന്ന പ്രബല കക്ഷികളായ സിപിഎം, കോൺഗ്രസ് നയവും ഇതിനു കാരണമാണ്.

അതിനു ഏറ്റവും അടുത്ത ഉദാഹരണം ആണ് കേരള ചരിത്രത്തിൽ ഇത്രയധികം രാഷ്ട്രീയ ആരോപണങ്ങളും അതിനെ തുടർന്ന് നിയമസഭാ പ്രവർത്തനങ്ങളെ തന്നെ അപഹസിക്കുന്ന കോലാഹലങ്ങൾ ഉണ്ടാക്കിയ സിപിഎം, എതിർത്ത പാർട്ടിയെ കൂടെ കൂട്ടുന്ന വർത്തമാന സാഹചര്യം. ഇവിടെ അതിന്റെ രാഷ്ട്രീയ ശരികളെ പറ്റി എഴുതുന്നില്ല. അത് കാലത്തിനും ജനങ്ങൾക്കും വിടുന്നു. രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കളില്ല എന്ന ചൊല്ല് തത്കാലം ഏറ്റു പിടിക്കുന്നു.

കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ പ്രതീക്ഷകളും യാഥാർഥ്യങ്ങളും

അതിനപ്പുറം കേരള കോൺഗ്രസ് പാർട്ടികളുടെ പ്രത്യേകിച്ചു കേരള കോൺഗ്രസ് എമ്മിന്റെ തിരെഞ്ഞുടുപ്പ് ഫലത്തെ ചരിത്ര പശ്ചാത്തലത്തിൽ അവലോകനം ചെയ്യാനാണ് ഈ ഒരു ലേഖനത്തിലൂടെ ആഗ്രഹിക്കുന്നത്.

പ്രമുഖ രാഷ്ട്രീയ നിരീക്ഷകനായ ഡോ. ജെ പ്രഭാഷിന്റെ അടുത്തിടയിറങ്ങിയ ‘കേരള ലെജിസ്ലേറ്റർ ഹിസ്റ്ററി ആൻഡ് പൊളിറ്റിക്സ്’ എന്ന പുസ്തകത്തിൽ പറയുന്നത് കേരള കോൺഗ്രസിന്റെ ഏറ്റവും വലിയ പെർഫോമൻസ് ആ പാർട്ടിയുണ്ടായ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണ് എന്നാണ്.

കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ പ്രതീക്ഷകളും യാഥാർഥ്യങ്ങളും

1965 ലെ പ്രസ്തുത തിരെഞ്ഞുടുപ്പിൽ മത്സരിച്ച അൻപത്തി നാലു സീറ്റിൽ ഇരുപത്തി മൂന്ന് സീറ്റുകളിൽ വിജയിക്കാനും കോൺഗ്രസിന്റെ ഭരണ പ്രതീക്ഷകൾ ഇല്ലാതാക്കാനും കേരള കോൺഗ്രസിനു സാധിച്ചു എന്നതാണ്. എന്നാൽ 1967 ലെ നിയമ സഭ തെരുഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് അറുപത്തിയൊന്ന് സീറ്റിൽ മത്സരിച്ചെങ്കിലും കേവലം അഞ്ചു സീറ്റുകളിലേക് പാർട്ടിയുടെ വിജയം കൂപ്പുകുത്തി.

പിന്നീട് 1977 ൽ ആണ് കേരള കോൺഗ്രസിന് മികച്ച ഒരു പെർഫോമൻസ് ഉണ്ടാകുന്നത്. പ്രസ്തുത തിരെഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് മുപ്പത്തി ഏഴു സീറ്റിൽ മത്സരിച്ചപ്പോൾ ഇരുപത്തി രണ്ടു സീറ്റുകളിൽ പാർട്ടി വിജയിച്ചു. അതെ പുസ്തകം വിലയിരുത്തുന്നത് 1965 ൽ അൻപത്തി നാലു സീറ്റിൽ മത്സരിച്ച പാർട്ടി വിഭജിച്ചു പലതായി മാറി എങ്കിലും 2011 ലെ നിയമസഭ തിരെഞ്ഞെടുപ്പിലേക്ക് എത്തുമ്പോൾ എല്ലാ വിഭാഗം പാർട്ടികളും കൂട്ടിയാൽ കേവലം ഇരുപത്തി രണ്ടു സീറ്റിൽ മത്സരിക്കുന്നതിലേക്കു വന്നു കാര്യങ്ങൾ എന്നാണ്.

കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ പ്രതീക്ഷകളും യാഥാർഥ്യങ്ങളും

കേരള കോൺഗ്രസ് പിളർന്നപ്പോൾ അതിലെ പ്രബല വിഭാഗമായി മാറിയത് കെ എം മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് (എം ) ആണ്. ആ പാർട്ടി 1982 മുതൽ കോൺഗ്രസ് മുന്നണിയുടെ ഭാഗമാണ്, അതാണ് ഇപ്പോൾ മാണിയുടെ കാലശേഷം മകന്റെ നേതൃത്വത്തിൽ മൊഴി ചൊല്ലി സിപിഎം പാളയത്തിലേക് പോകുന്നത്. ഇതിനടയിൽ മാണിയുടെ നേതൃത്വത്തിൽ ഏകീകൃത കേരള കോൺഗ്രസ് എന്ന ആശയത്തിൽ ഒരുമിച്ച പി ജെ ജോസഫ് ഉൾപ്പടയുള്ളവർ കോൺഗ്രസിനൊപ്പം നിൽക്കുന്നു. ഇനി കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ തിരഞെടുപ്പ് പെർഫോമൻസ് 1996 മുതൽ എങ്ങനെയെന്ന് നോക്കാം.

1996 ലെ തിരെഞ്ഞെടുപ്പിൽ ആ പാർട്ടി മത്സരിച്ചത് പത്തു സീറ്റിൽ ആണ്. അതിൽ അഞ്ചു സീറ്റുകളിൽ വിജയിച്ചു. 2001 ലേക്കു വരുമ്പോൾ പതിനൊന്നു സീറ്റിൽ കേരള കോൺഗ്രസ് (എം ) മത്സരിക്കുകയും ഒൻപത് സീറ്റിൽ വിജയിക്കുകയും ചെയ്തു. 2006 ൽ കേരള കോൺഗ്രസ് (എം ) മത്സരിച്ച പതിനൊന്നിൽ ഏഴു എണ്ണം വിജയിച്ചു. 2011 ൽ പതിനഞ്ചു സീറ്റുകളിൽ മത്സരിക്കുകയും ഒൻപത് സീറ്റിൽ വിജയിക്കുകുയും ചെയ്തു. ഈ തിരഞ്ഞെടുപ്പിലാണ് യുഡിഫ് നു കേവല ഭൂരിപക്ഷം മാത്രമുണ്ടാവുകയും മാണി മറു പക്ഷത്തേക്ക് പോകുമെന്ന വർത്തകളൊക്കെ ഉണ്ടാകുന്നത്.

കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ പ്രതീക്ഷകളും യാഥാർഥ്യങ്ങളും

ഒടുവിൽ ജനപത്യത്തിന്റെ ശ്രീ കോവിലായ നിയമസഭയിലെ ബജറ്റ് അവതരണത്തിലെ കൈയ്യാംകളിയിലും ഒടുവിൽ ലക്ഷകണക്കിന് രൂപയുടെ നാശ നഷ്ടങ്ങൾ നിയമസഭയ്ക്ക് ഉണ്ടാക്കുന്ന തരത്തിലേക്കുമെത്തി കാര്യങ്ങൾ. ഉത്തരവാദിത്വ ഭരണത്തിന് വേണ്ടി പോരാടിയ ചരിത്രമുള്ള കേരളത്തിൽ ഒടുവിൽ ഉത്തരവാദിപെട്ടവർക്കു ഭരണം വന്നപ്പോൾ കാട്ടിക്കൂട്ടിയ പേകൂത്തുകൾ രാഷ്ട്രീയ കേരളത്തിന് എന്നും നാണക്കേടുണ്ടാക്കുന്നതാണ്.

പിന്നീടു വന്ന തിരെഞ്ഞുടുപ്പിൽ പതിനഞ്ചു സീറ്റിൽ തന്നെ കേരള കോൺഗ്രസ് മത്സരിച്ചുവെങ്കിലും വിജയം ആറു സീറ്റിലേക്കും മാണിയുടെ ഭൂരിപക്ഷം ഗണ്യമായി കുറയുകയും ചെയ്തു. ബാർ കോഴ വിവാദത്തിനു കോൺഗ്രസിന് വലിയ വില നൽകേണ്ടി വരികയും ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിലേക് കോൺഗ്രസ് പാർട്ടി എത്തപ്പെടുകയും ചെയ്തു.

1996 ൽ കേവലം പത്തു സീറ്റിൽ മത്സരിച്ച കേരള കോൺഗ്രസ് മാണി വിഭാഗം 2011 ലേക്ക് എത്തുമ്പോൾ പതിനഞ്ചു സീറ്റിൽ മത്സരിക്കുകയും ചെയുന്ന രീതിയിലേക്കു എത്തി. കോൺഗ്രസ് ആവട്ടെ 1996 ൽ തൊണ്ണൂറ്റി നാല് സീറ്റിൽ മത്സരിച്ചത് 2011 ലേക്ക് എത്തുമ്പോൾ എൺപത്തി നാല് സീറ്റിലേക്കും 2016 ൽ ഇത് അൽപ്പം വർദ്ധിച്ചുവെങ്കിലും എൺപത്തിയേഴ് സീറ്റിലേക് ചുരുങ്ങി. മാത്രമല്ല കോൺഗ്രസിന്റെ ഒരു രാജ്യ സഭ സീറ്റും ദേശിയ തലത്തിൽ വെല്ലു വിളി നേരിടുന്ന സാഹചര്യത്തിൽ തന്നെ കേരള കോൺഗ്രസിന് വിട്ടു കൊടുക്കുകയുണ്ടായി. ഈ കാലയളവിൽ കേവലം ഒരു സീറ്റു മാത്രമാണ് യുഡിഫ് ലെ പ്രബല ഘടക കക്ഷിയായ മുസ്ലീം ലീഗിന് അധികം നല്കിയിട്ടുള്ളുവെന്നതും ഒരു യാഥാർഥ്യമാണ്.

കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ പ്രതീക്ഷകളും യാഥാർഥ്യങ്ങളും

മാത്രമല്ല സീറ്റുകൾ വെച്ചുമാറിയതും ഒരർത്ഥത്തിൽ നഷ്ടമാണ് ലീഗിന്. ജോസ് വിഭാഗത്തിന്റെ ഈ കൊഴിഞ്ഞു പോക്ക്, കോൺഗ്രസിന് യഥാർത്ഥത്തിൽ മധ്യതിരുവിതാംകൂറിലെ അർഹതയുള്ള ഒരുപിടി നേതാക്കൾക്കു പ്രാദേശിക തലം തൊട്ടു മത്സരിപ്പിക്കാനുള്ള അവസരവും മൊത്തത്തിൽ കൂടുതൽസീറ്റുകളിൽ മത്സരിക്കാൻ ഉള്ള സാഹചര്യവുമാണ് ഉണ്ടാക്കിയിരിക്കുന്നത്. ലീഗിനാണെകിൽ കൈവിട്ട സീറ്റുകൾ തിരിച്ചു പിടിക്കാൻ ഉള്ള അവസരമാണ്.

ഭരണപക്ഷത്തുള്ള സിപിഎം നെ സംബധിച്ചിടത്തോളം ലൈഫ് പദ്ധതിയും, സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടും, സ്വജനപക്ഷപാതവും നിയമന നിരോധനം കൊണ്ടുമെല്ലാം പേരുദോഷം ഒരുപാട് ഉണ്ടായ സാഹചര്യത്തിൽ ഒരുകാലത്തു നഖശികാന്തം എതിർത്ത ഒരു പാർട്ടിയെ കൂടെച്ചേർക്കുന്നതോടെ കൂടി ഒരു പേര് ദോഷം കൂടി ആകുമെന്ന് മാത്രം. കേരള കോൺഗ്രസിന്റെ വോട്ട് ബാങ്ക് അല്പമെങ്കിലും തുണക്കുമെന്ന നേരിയ പ്രത്യാശ മാത്രമാണു സി പി എമ്മിനുള്ളത്.

വാർത്തകൾ പുറത്തു വരുന്നത് പ്രകാരമാണെകിൽ സി പി ഐ എമ്മിന്. ഒരു രാജ്യസഭാ സീറ്റു കൂടി കിട്ടും. ദേശിയ തലത്തിൽ അസ്തിത്വം നില നിർത്താൻ ഇത് സി പി എമ്മിന് ഗുണകരമാണ്. അടുത്ത നിയസഭ തിരെഞ്ഞെടുപ്പിൽ സി പി എം പരാജയപ്പെടുന്ന പക്ഷം നിലവിലുള്ള സിപിഎം രാജ്യ സഭ അംഗങ്ങളുടെ കാലാവധി കഴിയുന്നതോടെ പ്രാതിനിധ്യം കുറയുന്നതിന് ഒരു തടയാകുമിത്.

ഇനി കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ കാര്യമാണെങ്കിൽ ഒറ്റ വാക്കിൽ ഇത് ഒരു ആത്മഹത്യാപരമായ തീരുമാനമാണ്. അച്ഛനെ തള്ളിപ്പറഞ്ഞവരുടെ കൂടെ പോകുന്നു എന്നതിനപ്പുറം പതിനഞ്ചു സീറ്റിൽ മത്സരിച്ച പാർട്ടിക്ക് പരമാവധി ആറു മുതൽ പത്തു വരെ വരെ സീറ്റുകൾ ലഭിച്ചാൽ ഭാഗ്യം. സമ്മർദ്ദങ്ങൾക്കൊടുവിൽ മാണി സി കാപ്പൻ പാല മണ്ഡലം വിട്ടു കൊടുത്താൽ പോലും പ്രതിച്ഛായ മോശമായ എൽഡിഫിനു ഒപ്പം നിന്ന് ജയിക്കുക അത്രെയേറെ ദുഷ്‌കരമാണ്. ഇനി പ്രതിച്ഛായ മോശമായിട്ടില്ല എന്ന വാദം അംഗീകരിക്കുകയാണെങ്കിൽ പോലും ഇരു മുന്നണികളെ മാറി മാറി പരീക്ഷിക്കുന്ന രീതിയാണ് കേരളത്തിനുള്ളത്. അതുകൊണ്ട് അടുത്ത ഊഴം UDF ന്റെ താണ് പൊതുവിൽ.

മറ്റൊന്ന് കേരള കോൺഗ്രസ് എമ്മിനു സീറ്റുകൾ മത്സരിക്കാൻ കുറയുന്ന പക്ഷം കിട്ടുന്ന വോട്ടിൽ കൂടി കുറവുണ്ടായാൽ സ്റ്റേറ്റ് പാർട്ടി എന്ന പദവി കൂടി ഇല്ലാതായേക്കാം. രാജ്യ സഭ സീറ്റ് ജോസ് വിഭാഗത്തിന് നൽകിയാൽ തന്നെ എത്രയും പെട്ടന്ന് രാജ്യ സഭ തെരെഞ്ഞുടുപ്പ്, തെരെഞ്ഞുടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചാൽ മാത്രമേ ഒരു ജയം സാധ്യമാകുകയുള്ളൂ. ഏപ്രിലിൽ പൊതു തെരെഞ്ഞുടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ഒരുപക്ഷെ രാജ്യസഭാ തെരെഞ്ഞെടുപ്പ് ഒരു നിയമ പോരാട്ടത്തിലേക്കും പോയേക്കാം. എൽ ഡി ഫ് വരും ജോസ് കെ മാണി മന്ത്രിയാകും എന്ന ആണ് സ്വപ്നമെങ്കിൽ ആ സ്വപ്നം ജോസ് കെ മാണിക് മാത്രമാകും.

കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ പ്രതീക്ഷകളും യാഥാർഥ്യങ്ങളും

ഒരു കാലത്ത് കേരളം മുഴുവൻ കെ.എം മാണിയുടെ അഴിമതിക്കെതിരെ ആരോപണവുമായി അണികളെ തെരുവിലിറക്കിയ എൽ ഡി എഫിനു വിശിഷ്യ സി പി എമ്മിനു അണികളെ ഇന്ന് കേരള കോൺഗ്രസ് എം മുന്നണി പ്രവേശനം ബോധ്യപെടുത്തേണ്ടിയിരിക്കുന്നു.

തങ്ങളുടെ ഹൃദയ വികാരമായ മാണിസാറിനെ ഇത്രയധികം വേട്ടയാടിയ സി പി എമ്മിനൊപ്പം ചേരുന്നത് ജോസ് വിഭാഗത്തിനും ബോധ്യപ്പെടുത്തേണ്ടിയിരിക്കുന്നു , നേതാക്കൾ പ്രായോഗികതയുടെ വക്താക്കൾ ആണ് എങ്കിലും അണികളിൽ ഭൂരിഭാഗവും പ്രായോഗിക രാഷ്ട്രീയത്തിനപ്പുറം ആത്മാർത്ഥതയുടെ വൈകാരിക രാഷ്ട്രീയത്തെ പിന്തുടരുന്നവരാണ്. ജോസ് കെ മാണിയുടെ ദീർഘ വിഷണമില്ലാതെ ഈ എടുത്തു ചട്ടം പരിക്കേൽക്കാനേ ഉപകരിക്കു എന്നാണ് വർത്തമാന കേരളം ചരിത്ര പശ്ചാത്തലത്തിൽ സംവദിക്കുന്നത്.

അരുൺ കരിപ്പാൽ
(കാലിക്കറ്റ് സർവകലാശാല സെനറ്റ് മെമ്പറും തൃശൂർ ശ്രീ കേരളവർമ്മ കോളേജിലെ പൊളിറ്റിക്കൽ സയൻസ് അധ്യാപകനുമാണ് ലേഖകൻ)

The post കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ പ്രതീക്ഷകളും യാഥാർഥ്യങ്ങളും first appeared on Keralaonlinenews.