വണ്ണം വയ്ക്കാൻ ഇവർ ചെയ്യുന്നത് ആരെയും ഞെട്ടിക്കും..

മനുഷ്യരുടെ സൗന്ദര്യ സങ്കൽപ്പങ്ങൾ ഇന്ന് പാടെ മാറി. മെലിഞ്ഞിരിക്കുന്നതാണ് സൗന്ദര്യമെന്നതാണ് ഇന്നത്തെയാളുകളുടെ കാഴ്ചപ്പാട്. അതിനുവേണ്ടിയാകട്ടെ എളുപ്പവഴിയന്വേഷിക്കുകയാണ് എല്ലാവരും. എന്നാൽ വണ്ണമാണ് വലുതെന്ന് കരുതുന്ന ചില മനുഷ്യരും ഈ ലോകത്തുണ്ട് എന്നതാണ് രസകരം. അതിനു വേണ്ടി അവർ ചെയ്യുന്നതാകട്ടെ പശുവിന്റെ രക്തവും പാലും ഒരുമിച്ച് കലക്കി കുടിക്കുകയാണ്. അതിശയം തോന്നുന്നുണ്ടോ ഇത് ഇവിടൊന്നുമല്ല അങ്ങ് എത്യോപ്യയിലാണ്.
എത്യോപ്യയിലെ ബോഡി ഗോത്രക്കാരാണ് വണ്ണം വയ്ക്കാൻ ആഗ്രഹിക്കുന്ന ആ കൂട്ടർ. കാരണം എന്തെന്നാൽ അവിടെ ഏറ്റവും വണ്ണമുള്ള ആളെ അവർ ജീവിതകാലം മുഴുവൻ ഒരു ഹീറോ ആയിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ അവിടുത്തെ ഓരോ ചെറുപ്പകാരന്റെയും സ്വപ്നം കൂടിയാണ് വണ്ണം വയ്ക്കുക എന്നത്.

വണ്ണമുള്ളയാളെ തിരഞ്ഞെടുക്കാൻ അവർ ഒരു മത്സരവും നടത്താറുണ്ട്. എല്ലാവർഷവും ജൂൺമാസത്തിലാണ് ഈ മത്സരം നടക്കുന്നത്. ശേഷം വർഷാവസാനം ‘കഅൽ’ എന്നറിയപ്പെടുന്ന ഒരു ചടങ്ങിൽ വച്ച് ഏറ്റവും വണ്ണമുള്ള ആളെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്യും. ഇതിനായി ആറുമാസം മുൻപ് തന്നെ തയ്യാറെടുപ്പുകൾ ആരംഭിക്കും. ഓരോ കുടുംബത്തിനും അവിവാഹിതനായ ഒരു പുരുഷനെ മാത്രമേ മത്സരിപ്പിക്കാനാകൂ.
മത്സരത്തിനായി തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാൽ പിന്നെ അയാൾ സ്വന്തം കുടിൽ വിട്ട് പുറത്തിറങ്ങരുത്. മാത്രമല്ല കുടിലിനകത്ത് നടക്കാനോ, ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനോ പാടില്ലെന്നും നിബന്ധനയുണ്ട്. അതായത് പിന്നീടയാൾക്ക് പൂർണവിശ്രമമാണെന്നർത്ഥം.
പശുവിന്റെ ഞരമ്പിൽ ഒരു കുന്തമോ കോടാലിയോ ഉപയോഗിച്ച് ഒരു ദ്വാരം ഉണ്ടാക്കി അതിൽ നിന്നെടുക്കുന്ന രക്തവും അതിന്റെ പാലും മാത്രമാണ് പിന്നീട് അവരുടെ ഭക്ഷണം. രക്തമെടുത്തശേഷം പശുവിന്റെ മുറിവ് കളിമണ്ണുകൊണ്ട് അടയ്ക്കും.
ഇത് കുടിക്കുന്നതിനും ചില രീതികളുണ്ട്. ആദ്യത്തെ ഗ്ലാസ്സ് രക്തം സൂര്യോദയ സമയത്ത് വേണം കുടിക്കാൻ. കടുത്ത ചൂട് ഉണ്ടായാൽ പാലും രക്തവും വേഗം കട്ടപിടിക്കും. അതിന് മുൻപ് തന്നെ അത് കുടിച്ചു തീർക്കുകയും വേണം. ദിവസം മുഴുവൻ ഇത് തന്നെയാണ് അവരുടെ ജോലി. ഒടുവിൽ വയറും ചാടി ഒന്ന് അനങ്ങാൻ പോലുമാകാതെ ദയനീയ അവസ്ഥയിലായിരിക്കും മിക്കയാളുകളും. അവർക്കാകട്ടെ മത്സരം നടക്കുന്ന സ്ഥലത്തേയ്ക്ക് പോകാൻ പോലും സാധിക്കാതെയും വരും.
ഇനി മത്സര സ്ഥലത്തെത്തിയെന്നിരിക്കട്ടെ, അവിടം കൊണ്ടും ഒന്നും തീരുന്നില്ല. ചടങ്ങിൽ ഒരു പുണ്യവൃക്ഷത്തിന് ചുറ്റും മണിക്കൂറുകളോളം അവർക്ക് വലംവയ്ക്കണം. ഏന്തിയും വലിഞ്ഞും ഏറെ പാടുപെട്ടാണ് ഒടുവിൽ വലയം വയ്ക്കൽ പൂർത്തിയാക്കുക. അപ്പോഴെല്ലാം മത്സരത്തിനില്ലാതെ മറ്റു പുരുഷന്മാർ ചുറ്റും കൂടി നിന്ന് അവരെ നിരീക്ഷിക്കുന്നുണ്ടാകും.
ഏറ്റവും വണ്ണമുള്ള ആളെ തെരഞ്ഞെടുത്ത് കഴിഞ്ഞാൽ പിന്നെ പശുവിനെ ബലി കൊടുക്കുന്ന ചടങ്ങാണ്. തുടർന്ന് പശുവിന്റെ വയർ പരിശോധിച്ച് വിജയിയുടെ ഭാവി ശോഭനമാണോ എന്ന് മൂപ്പന്മാർ തീരുമാനിക്കുകയും ചെയ്യും.