ഇ പിയ്ക്ക് പണി കിട്ടിയത് വൈദേകം വഴി; പ്രകാശ് ജാവദേക്കറുമായി രഹസ്യ കൂടിക്കാഴ്ച്ച നടത്തിയത് ആദായ നികുതി വകുപ്പ് നടപടികളിൽ നിന്നും രക്ഷപ്പെടാൻ
കണ്ണൂർ: ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവേദ്ക്കറുമായി സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവും എൽ.ഡി.എഫ് കൺവീനറുമായിരുന്ന ഇ.പി. ജയരാജൻ കൂടിക്കാഴ്ച്ച നടത്തിയതുമായി ബന്ധപെട്ടു കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നു. കണ്ണൂരിലെ ഇപി വിരുദ്ധപക്ഷത്തിലെ ചില നേതാക്കളാണ് ഈ വിഷയത്തിൽ രഹസ്യമായി പ്രതികരിക്കുന്നത്. വൈദേകവുമായി ബന്ധപ്പെട്ട് കള്ളപ്പണം ഉൾപെടെയുള്ള കാര്യങ്ങൾ നടക്കുന്നുവെന്ന ആരോപണം നേരത്തെ പാർട്ടിയിൽ നിന്നുയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇപ്പോൾ കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നത്.
ഇ.പി ജയരാജന്റെ ഭാര്യയ്ക്കും മകനും ഓഹരി പങ്കാളിത്തമുള്ളതാണ് കണ്ണൂര്‍ ജില്ലയിലെ മൊറാഴയിലെ 'വൈദേകം' ആയുര്‍വേദ റിസോര്‍ട്ട്. 2014ലാണ് കണ്ണൂര്‍ ആയുര്‍വേദ മെഡിക്കല്‍ കെയര്‍ ലിമിറ്റഡ് സ്ഥാപിതമാകുന്നത്. നിര്‍മാണ ഘട്ടം മുതല്‍ നിരവധി ആരോപണങ്ങള്‍ വൈദേകത്തിനെതിരേ ഉയര്‍ന്നിരുന്നു. ഇ.പി വ്യവസായമന്ത്രിയായിരിക്കെയാണ് വഴിവിട്ട രീതിയില്‍ റിസോര്‍ട്ടിന് പാരിസ്ഥിതിക അനുമതി ഉള്‍പ്പെടെ ലഭിക്കുന്നത്.
തുടക്കത്തില്‍ ഏഴ് ഡയറക്ടര്‍മാര്‍ ഉണ്ടായിരുന്ന കമ്പനിയില്‍ 2500 ഓഹരികളുള്ള പുതുശേരി കോറോത്ത് ജെയ്‌സണ്‍ ആണ് ചെയര്‍മാന്‍. ഇ.പിയുടെ മകനാണ് ജെയ്‌സണ്‍. ജയരാജന്റെ ഭാര്യ പി.കെ ഇന്ദിരയും വൈകാതെ ഡയറക്ടര്‍ ബോര്‍ഡിലെത്തി. ജില്ലയിലെ പ്രമുഖ കോണ്‍ട്രാക്ടര്‍ എം.സി രമേശനായിരുന്നു എം.ഡി. എന്നാല്‍ രമേശനുമായി പിന്നീട് തെറ്റിയതോടെ അദ്ദേഹത്തിന്റെ ഓഹരിത്തുകയില്‍ 2.75 കോടി രൂപ ജില്ലയിലെ പ്രധാന സി.പി.എം നേതാവിന്റെ മധ്യസ്ഥതയില്‍ തിരിച്ചുകൊടുക്കുകയായിരുന്നു.
ഇതില്‍ ഒന്നേമുക്കാല്‍ കോടിയോളം രൂപ കള്ളപ്പണമായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കൂടാതെ റിസോര്‍ട്ടിന്റെ ഓഹരി വില്‍പനയുമായി ബന്ധപ്പെട്ടും കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നും ആരോപണമുയര്‍ന്നു. അതിനു പിന്നാലെയാണ് വൈദേകത്തില്‍ ആദായനികുതിവകുപ്പ് റെയ്ഡ് നടന്നതും രേഖകള്‍ പിടിച്ചെടുത്തതും. ടി.ഡി.എസ് അടച്ചില്ലെന്ന് തെറ്റിദ്ധരിച്ചാണ് പരിശോധന എന്നായിരുന്നു അന്ന് ഇ.പി പ്രതികരിച്ചത്.
ആദായനികുതി വകുപ്പ് നടപടികളില്‍ നിന്ന് ഒഴിവാകാന്‍ പയ്യന്നൂരിലെ പ്രമുഖ ജ്യോത്സ്യന്‍ വഴി ബി.ജെ.പി കേന്ദ്ര നേതൃത്വത്തിലെ ഉന്നതനുമായി അന്ന് ബന്ധപ്പെട്ടിരുന്നു. അതിനു പിന്നാലെയായിരുന്നു ദല്ലാള്‍ നന്ദകുമാറുമായുള്ള ഇ.പിയുടെ കൂടിക്കാഴ്ച. നന്ദകുമാറാണ് ജാവ്‌ദേക്കറിലേക്ക് ഇ.പിക്ക് പാലമായത്.
റിസോര്‍ട്ട് നടത്തിപ്പ് നഷ്ടത്തിലാകുകയും നിയമനടപടികള്‍ ഭയന്നും ബി.ജെ.പി നേതാവ് രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള നിരാമയ ഗ്രൂപ്പിന് നടത്തിപ്പിന് കൊടുത്തിരിക്കുകയാണ് നിലവില്‍ വൈദേകം. വൈദേകവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാത്രമായിരുന്നു ജാവ്‌ദേക്കര്‍ ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കളുമായി ഇ.പി ജയരാജന്‍ കൂടിക്കാഴ്ച നടത്തിയത് എന്നാണ് പുറത്തുവരുന്ന വിവരം.