സി.പി.എമ്മിൽ മഞ്ഞുരുകുന്നു; ഇടഞ്ഞു നിന്ന ഇ.പിയെ അനുനയിപ്പിച്ചതാര് ?
ഇ.പിയെ കുരുക്കാൻ എം.വി ഗോവിന്ദൻ്റെ ഒത്താശയോടെ മുഖ്യധാരയിലേക്ക് തിരിച്ചു വരാൻ കിണഞ്ഞു പരിശ്രമിക്കുന്ന പി.ജയരാജൻ ഈ കാര്യം സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ചതോടെ ഇ.പിയുടെ സ്ഥിതിപരുങ്ങലിലായി.
കണ്ണൂർ: ഇ പി ജയരാജൻ്റെ അസാന്നിദ്ധ്യം വിവാദമായി മാറിയ സി.പി.എമ്മിലെ ഉൾപാർട്ടി പോരിൻ്റെ മഞ്ഞുരുകുന്നു. ഇടഞ്ഞു നിന്ന ഇപി ജയരാജൻ പാർട്ടിക്ക് വിധേയനായതോടെയാണ് ഉൾപാർട്ടി പോരിന് താൽക്കാലിക വിരാമമായത്. പാർട്ടിയോട് വിവിധ കാരണങ്ങളാൽ ഇടഞ്ഞ കൊമ്പൻമാരുടെ ചെവിക്കിടെയിൽ തോട്ടിയിട്ടു നേർവഴിക്ക് നയിക്കുന്ന വിദ്യ സി.പി.എമ്മിനോളം അറിയാവുന്ന പാർട്ടി വേറെയില്ല. അനുനയനത്തിൻ്റെ ശൈലി സ്വീകരിച്ചു കൊണ്ടാണ് മുഖ്യമന്ത്രിയുടെ താൽപ്പര്യപ്രകാരം കണ്ണൂരിലെ പാർട്ടി ഇപി ജയരാജനെമെരുക്കിയത്.
സി.പി.എം സ്ഥാപക നേതാവും പി.ബി അംഗവുമായ നൃപൻ ചക്രവർത്തിയെന്ന കറകളഞ്ഞ കമ്മ്യൂണിസ്റ്റിനെ പുറത്താക്കുകയും മരണശയ്യയിൽ തിരിച്ചെടുക്കുകയും ചെയ്ത പാരമ്പര്യം സി.പി.എമ്മിൻ്റെ ചരിത്രത്തിലുണ്ട്. നൃപൻ ദാ യെന്നു വിളിക്കുന്ന ഒരു കൊച്ചു വീട്ടിൽ സന്യാസ തുല്യനായി ജീവിച്ച മഹാനായ നേതാവിനെ താരതമ്യേനെ വളരെ ചെറിയ വീഴ്ച്ചയ്ക്കാണ് പി.ബിയിൽ നിന്നും പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്. പാർട്ടിലൈൻ അതിരുകൾ ലംഘിച്ചതിനായിരുന്നു നടപടി. പിന്നീട് പലരും പുറത്താക്കപ്പെടുകയും തരംതാഴ്ത്തപ്പെടുകയും ചെയ്തു.
കേരളത്തിൽ പുറത്തായ നേതാക്കൾ ഒരുപാടുപേരുണ്ട്. അതിൽ പാർട്ടിയെ നിസ്വാർത്ഥമായി സേവിച്ച കാന്തലോട്ടും പുത്തലത്ത് കുഞ്ഞിക്കണ്ണനും കെ.ആർ ഗൗരിയമ്മയുമൊക്കെ ഇതിൽ ഉൾപ്പെടും. ഈ സാഹചര്യത്തിലാണ് ഇപി ജയരാജനും പാർട്ടിയിൽ കണ്ണടച്ചു തുറക്കും മുൻപെ ശുക്രൻ തെളിഞ്ഞ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനുമായി കൊമ്പുകോർക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞാൽ കേരള സി.പി.എമ്മിലെ ഏറ്റവും ആജ്ഞാശക്തിയും വിൽ പവറും സീനിയോറിറ്റിയുമുള്ള നേതാവാണ് ഇപി ജയരാജനെന്ന കാര്യത്തിൽ തർക്കമില്ല.
എന്നാൽ പാർട്ടി നേതാക്കൾ ഭൂരിഭാഗവും ചങ്ങാത്ത മുതലാളിത്ത ലൈൻ സ്വീകരിച്ചവരാണെങ്കിലും ഇ.പി അതിൽ കൂടുതൽ വീണു പോയെന്നതാണ് യാഥാർത്ഥ്യം. പാർട്ടിക്കായി പണപ്പിരിവും മൂലധന ശേഖരണവും നടത്തി അർമാദിച്ച ഇ.പി ജയരാജൻ മന്ത്രിയായ വേളയിൽ മറ്റൊരു വഴിയിലൂടെ സ്വന്തം നിലയ്ക്കും ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കി. മൊറാഴയിൽ വൈദേകം റിസോർട്ട് ഇപിയും കുടുംബവും ചേർന്നുണ്ടാക്കിയ ഇത്തരത്തിലൊരുസംരഭമായിരുന്നു ഇവിടെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ കയറി നിരങ്ങാൻ തുടങ്ങിയതോടെ പാർട്ടിക്കുള്ളിലും വൈദേകം ചർച്ചയായി മാറി.
ഇ.പിയെ കുരുക്കാൻ എം.വി ഗോവിന്ദൻ്റെ ഒത്താശയോടെ മുഖ്യധാരയിലേക്ക് തിരിച്ചു വരാൻ കിണഞ്ഞു പരിശ്രമിക്കുന്ന പി.ജയരാജൻ ഈ കാര്യം സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ചതോടെ ഇ.പിയുടെ സ്ഥിതിപരുങ്ങലിലായി.ഇതിനു പുറമേയാണ് കൂനിൻമേൽ കുരു പോലെ മകൻ്റെ ആക്കുളത്തെ ഫ്ളാറ്റിൽ നിന്നും ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ചയുടെ വാർത്ത പുറത്തുവരുന്നത്. ദല്ലാൾ നന്ദകുമാറിനെ ഇടനിലക്കാരനാക്കി ഇപി ജയരാജൻ ബി. ജെ.പിയിൽ ചേരാൻ രഹസ്യ ചർച്ച നടത്തിയെന്ന ആരോപണവുമായി ശോഭാ സുരേന്ദ്രനും രംഗത്തുവന്നതോടെ ഇടതുമുന്നണി കൺവീനർ സ്ഥാനവും ഇ.പിക്ക് നഷ്ട്ടപ്പെട്ടു.
ഈ സാഹചര്യത്തിൽ രാഷ്ട്രീയ വനവാസത്തിനൊരുങ്ങുകയായിരുന്നു ഇ.പി. എതിരാളികൾ കുഴിച്ച വാരിക്കുഴിയിൽ ഇ.പിയെന്ന തലയെടുപ്പുള്ള നേതാവ് വീണു കിടക്കുന്ന കാഴ്ച്ച അതിദയനീയവും അവിശ്വസനീയവുമായിരുന്നു. പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങളിൽ ഇപി ജയരാജൻ്റെ അസാന്നിദ്ധ്യം വലിയ ചർച്ചയായതോടെയാണ് സി.പി.എം കണ്ണൂർ നേതൃത്വം അപകടം തിരിച്ചറിയുന്നത്. ഇതോടെ അരോളിയിലെ വീട്ടിൽ ഒതുങ്ങി കഴിഞ്ഞിരുന്ന കേന്ദ്ര കമ്മിറ്റിയംഗത്തെ പാർട്ടി പരിപാടികളിൽ എത്തിക്കാനായി കൊണ്ടു പിടിച്ചു ശ്രമം തുടങ്ങി.
മുഖ്യമന്ത്രി പിണറായി വിജയൻ്റെ അറിവോടെ കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജനാണ് ഇതിനായി പിന്നിൽ പരിശ്രമിച്ചത്. ഇപിയുടെ ഭാര്യ സഹോദരിയും കേന്ദ്രകമ്മിറ്റിയംഗവുമായ പി.കെ ശ്രീമതി ടീച്ചറുടെ പിൻതുണ കൂടിയായപ്പോൾ കാലുഷ്യം മറന്ന് ഇ.പി പാർട്ടി വേദിയിലെത്തുകയായിരുന്നു. എൽ.ഡി.എഫ് കൺവീനർ പദവി നഷ്ടപ്പെട്ടതിന് ശേഷം ഇ.പി പൊതു പരിപാടികളിൽ പങ്കെടുത്തിരുന്നില്ല. പയ്യാമ്പലത്ത് നടന്ന ചടയൻ ഗോവിന്ദൻ, അഴിക്കോടൻ രാഘവൻ അനുസ്മരണങ്ങളിൽ ഇ.പി ജയരാജൻ്റെ അസാന്നിദ്ധ്യം വലിയ ചർച്ചയായിരുന്നു. ആയുർവേദ ചികിത്സ കാരണമാണ് ചടയൻ ഗോവിന്ദൻ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കാതിരുന്നതെന്നായിരുന്നു ജില്ലാ സെക്രട്ടറിയുടെ വിശദീകരണം. എന്നാൽ ഇ.പി യോട് അടുത്ത വൃത്തങ്ങൾ ഇതു തള്ളിക്കളഞ്ഞതോടെ വിവാദവും പുകയാൻ തുടങ്ങി.
എന്നാൽ കഴിഞ്ഞ ദിവസം പയ്യാമ്പലത്ത് നടന്ന അഴിക്കോടൻ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കാഞ്ഞത് ബോധപൂർവ്വമായിരുന്നില്ലെന്നാണ് വിവരം.
എർണാകുളത്ത് അന്തരിച്ച മുതിർന്ന സി.ഐ.ടി.യുനേതാവ് എം.എം ലോറൻസിന് അന്ത്യാ ജ്ഞലിയർപ്പിക്കാൻ പോയതായിരുന്നു ഇ.പി. സി.പി.എം ദേശീയ സെക്രട്ടറി സീതാറാം യെച്ചുരി അന്തരിച്ചപ്പോൾ ഇ.പി ജയരാജൻ അന്തിമോപചാരമർപ്പിക്കാൻ ഡൽഹിയിലുമെത്തിയിരുന്നു..ഈ സമയം കേരളാ ഹൗസിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ച്ചയാണ് പാർട്ടിയിലേക്കുള്ള തിരിച്ചു വരവിന് പ്രേരണയായതെന്നാണ് വിവരം. ഇപി ജയരാജൻ്റെ അതിശക്തമായ തിരിച്ചുവരവ് അദ്ദേഹത്തെ എതിർക്കുന്ന എം.വി ഗോവിന്ദനും സംഘത്തിനും തിരിച്ചടിയായി മാറിയിട്ടുണ്ട്. പാർട്ടി അച്ചടക്കനടപടിയുടെഗില്ലറ്റിൻ ഉപയോഗിച്ചു നിഷ് കാഷിതനാക്കാൻ ശ്രമിച്ച നേതാവിൻ്റെ മടങ്ങി വരവ് ഗോവിന്ദൻ നേതൃത്വം നൽകുന്ന ഔദ്യോഗികപക്ഷത്തിന് വരും നാളുകളിൽ തലവേദനയായി മാറിയേക്കാം.