പ്രായത്തെ വെല്ലുന്ന ആവേശം; കോൽക്കളിയെ വീണ്ടും കൈപിടിച്ചുയർത്താൻ പറശ്ശിനിക്കടവ് കൊവ്വൽ സ്വദേശികളായ ഒരു കൂട്ടം പ്രവാസി മലയാളി കലാകാരന്മാരും സുഹൃത്തുക്കളും
ആധുനിക വിനോദങ്ങളുടെ കടന്നുകയറ്റവും, പരിശീലകരുടെ കുറവും മൂലം അന്യം നിന്ന് പോകുന്ന കോൽക്കളിയെ വീണ്ടും കൈപിടിച്ചുയർത്താൻ ശ്രമിക്കുകയാണ് പ്രവാസത്തിന്റെ ഓർമ്മച്ചെപ്പിൽ നിന്ന് ജന്മനാടിന്റെ സാംസ്കാരിക വേദിയിലേക്ക് ചുവടുവെച്ച കണ്ണൂർ പറശ്ശിനിക്കടവ് കൊവ്വൽ സ്വദേശികളായ ഒരു കൂട്ടം പ്രവാസി മലയാളി കലാകാരന്മാരും സുഹൃത്തുക്കളും. ദുബായിലെ പ്രമുഖ സംഘടനയായ 'ദല', 'ഓർമ്മകൾ' എന്നിവയിലെ മുൻ പ്രവർത്തകർ ചേർന്ന് രൂപീകരിച്ച കൂട്ടായ്മയുടെ വാർഷിക സംഗമം ജൂലൈ 26 ഞായറാഴ്ച തൃശ്ശൂരിൽ നടക്കും. പുതിയ തലമുറ കൈവിട്ട പരമ്പരാഗത കലാരൂപമായ 'കോൽക്കളി'യെ നെഞ്ചേറ്റി, പ്രായത്തെ തോൽപ്പിക്കുന്ന ആവേശവുമായി അരങ്ങിലെത്തുകയാണ് ഈ മുതിർന്ന പ്രവാസി മലയാളികൾ. വയസ്സിനെ വെറും നമ്പറുകൾ മാത്രമാക്കി ഒതുക്കി നിർത്തിക്കൊണ്ട് കൊൽക്കളിയിൽ അരങ്ങ് തകർക്കാൻ പോവുകയാണ് പ്രവാസത്തിന്റെ കഠിനമായ ജീവിതസാഹചര്യങ്ങൾക്കിടയിലും കലയെയും സൗഹൃദത്തെയും നെഞ്ചിലേറ്റിയ ഒരു കൂട്ടം മനുഷ്യർ.
ഇത്തവണത്തെ സംസ്ഥാന സംഗമത്തെ വേറിട്ടു നിർത്തുന്നത് പ്രായത്തെ വെല്ലുന്ന ആവേശവുമായി അരങ്ങിലെത്തുന്ന ഇവരുടെ കോൽക്കളി സംഘമാണ്. കേവലമൊരു പ്രകടനത്തിനപ്പുറം വലിയൊരു സാംസ്കാരിക ദൗത്യം കൂടിയുണ്ട് ഈ ചുവടുകൾക്ക്. കോൽക്കളി എന്നത് ഇന്നത്തെ പുതിയ തലമുറയ്ക്ക് 'ഫസ്റ്റ് നമ്പർ' അഥവാ ഒന്നാം നിര കലാരൂപമല്ലെന്ന ചിന്തയാൽ അവരിത് ഉപേക്ഷിക്കാൻ തുടങ്ങിയപ്പോഴാണ്, ഈ പരമ്പരാഗത കലയെ സംരക്ഷിക്കാൻ മുതിർന്ന പ്രവാസികൾ മുന്നോട്ടു വന്നത്.കഴിഞ്ഞ രണ്ടു വർഷമായി ഈ കൂട്ടായ്മ കഠിനമായ കോൽക്കളി പരിശീലനത്തിലാണ്. 50 വർഷങ്ങൾക്ക് മുൻപ് കോൽക്കളി അഭ്യസിച്ചവർ മുതൽ, ഈ അടുത്തകാലത്ത് ചുവടുകൾ പഠിച്ചെടുത്ത സ്ത്രീകൾ വരെ ഈ 12 അംഗ സംഘത്തിലുണ്ട്. 66 വയസ്സുകാരനായ മോഹനൻ മുതൽ 45 വയസ്സുകാരി ഷീജ വരെയുള്ളവർ ഒരേ താളത്തിൽ ഇവിടെ ചുവടുവെക്കുന്നു. സുവർണ്ണൻ, സജീവൻ, ശശീന്ദ്രൻ, രാധാമണി, സ്വപ്ന തുടങ്ങി പന്ത്രണ്ടോളം പേരാണ് തൃശ്ശൂരിലെ വേദിയിൽ അരങ്ങേറുന്നത്.

ഇന്ന് കോൽക്കളി എന്നത് ഇവരുടെ ജീവിതത്തിന്റെ തന്നെ ഭാഗമായി മാറിക്കഴിഞ്ഞു. വീട്ടിലെ ജോലികളെല്ലാം തീർത്ത് രാത്രിയോടെയാണ് ഇവർ ഒത്തുകൂടി പരിശീലനം നടത്തുന്നത്. ഈ കഠിനമായ പരിശീലനം ഇവർക്ക് ശാരീരിക വ്യായാമം മാത്രമല്ല, വലിയൊരു ആരോഗ്യക്കൂട്ട് കൂടിയാണ്. കൃത്യമായ ഈ പരിശീലനത്തിലൂടെ തങ്ങളുടെ ആരോഗ്യം മെച്ചപ്പെട്ടതായും, മുൻപുണ്ടായിരുന്ന വലിയ ശാരീരിക ബുദ്ധിമുട്ടുകളെല്ലാം മാറിവരുന്നതായും ഇവർ സന്തോഷത്തോടെ സാക്ഷ്യപ്പെടുത്തുന്നു. അബ്ദുറഹ്മാൻ, ഹരിദാസ് ബക്കളം, സജീവൻ മുല്ലക്കൊടി, സുവർണൻ പറശ്ശിനി എന്നീ സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളുടെ നേതൃത്വത്തിലാണ് കോൽക്കളി സംഘത്തെ തൃശ്ശൂരിലെത്തിക്കുന്നത്.
കലയോടുള്ള താല്പര്യവും അന്യം നിന്ന് പോകുന്ന കോൽക്കളിയെ വീണ്ടും കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിൽ ഒരു കോൽക്കളി സംഗം രൂപീകരിച്ചതെന്ന് സുവർണൻ പറശ്ശിനി വ്യക്തമാക്കി.പ്രായമുള്ളവരെ ചേർത്ത് ഒരു കോൽക്കളി സംഘടിപ്പിക്കണമെന്ന ആശയമാണ് ഇന്ന് ഈ പരിപാടിയിലേക്ക് എത്തിച്ചതെന്ന് അബ്ദുറഹ്മാൻ പറഞ്ഞു.

1981-ൽ ദുബായിൽ ഇടതുപക്ഷ ചിന്താഗതിക്കാരായ ഒരുകൂട്ടം പ്രവാസികൾ തുടക്കം കുറിച്ച 'ദല' എന്ന മാതൃസംഘടനയുടെയും, അതിന്റെ തുടർച്ചയായ 'ഓർമ്മ' കൂട്ടായ്മയുടെയും പ്രവർത്തകരായിരുന്നവർ രൂപീകരിച്ച 'ദല ഓർമ്മകൾ' കൂട്ടായ്മയുടെ സംസ്ഥാന സമ്മേളനത്തിനാണ് ഇത്തവണ സാംസ്കാരിക നഗരിയായ തൃശ്ശൂർ വേദിയാകുന്നത്. പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയവരുടെ ഈ കൂട്ടായ്മയുടെ വാർഷിക സംഗമം ജൂലൈ 26-ന് തൃശ്ശൂർ വിവേകോദയം ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് അരങ്ങേറും.ജൂലൈ 26 ഞായറാഴ്ച രാവിലെ 10 മണിക്ക് ഒയാസിസ് കെമിക്കൽ മെറ്റീരിയൽസ് ട്രേഡിംഗ് കമ്പനി എം.ഡി വേണുഗോപാൽ മേനോന്റെ മുഖ്യാതിഥ്യത്തിൽ, പ്രശസ്ത പ്രഭാഷകൻ ഡോ. അനിൽ ചേലേമ്പ്ര സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും.
.jpg)

