ഏകദിന ക്രിക്കറ്റ് ആര്‍ക്കുവേണം, ടി20യാണ് ഞങ്ങളുടെ മെയിന്‍, മുട്ടാനുണ്ടോയെന്ന് ഇംഗ്ലണ്ട്

england odi team
england odi team

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ പുതിയ എഡിഷനില്‍ ഇംഗ്ലണ്ടിന്റെ പ്രകടനം ദയനീയമാണ്. ആറു കളികളില്‍ അഞ്ചിലും തോറ്റ അവര്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന്റെ പ്രകടനം കണ്ട് അമ്പരക്കുകയാണ് ക്രിക്കറ്റ് ലോകം.

tRootC1469263">

ഏകദിന ക്രിക്കറ്റ് ഇല്ലാതാകുന്നു എന്ന മുന്‍ കളിക്കാരുടെ ആശങ്കയ്ക്കിടെ ക്രിക്കറ്റ് പിറവിയെടുത്ത രാജ്യം തന്നെ ഏകദിനത്തോട് കാട്ടുന്ന അനീതിയാണ് ഇതെന്ന് വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. ഇംഗ്ലണ്ടിനെ എക്കാലത്തും അലട്ടിയിരുന്ന ഒരു വിഷയമായിരുന്നു ഏകദിന ലോകകപ്പ് നേടാന്‍ സാധിച്ചില്ലെന്നത്. വര്‍ഷങ്ങള്‍ നീണ്ട കഠിനാധ്വാനത്തിലൂടെ അവര്‍ 2019ല്‍ ആ നേട്ടം സ്വന്തമാക്കുകയും ചെയ്തു. ഇതിനുശേഷമാണ് ഇംഗ്ലണ്ട് ഏകദിനത്തെ അകറ്റിനിര്‍ത്താന്‍ ആരംഭിച്ചത്.

ഈ വര്‍ഷം മാര്‍ച്ചിനും സെപ്റ്റംബറിനുമിടയില്‍ ലോകകപ്പ് ടീമിലെ ആരും തന്നെ ഒരു ഏകദിനമോ ഒരു ലിസ്റ്റ് എ ഗെയിമോ പോലും കളിച്ചില്ല. ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇംഗ്ലണ്ട് ഒരു ഏകദിന ടീമിനെ തട്ടിക്കൂട്ടിയത്. 2015 നും 2019 നും ഇടയിലുള്ള ലോകകപ്പുകള്‍ക്കിടയിലുള്ള നാല് വര്‍ഷങ്ങളില്‍, ഇംഗ്ലണ്ട് 88 ഏകദിനങ്ങള്‍ കളിക്കുകയും 34 കളിക്കാരെ കളിപ്പിക്കുകയും ചെയ്തു. അതില്‍ 12 പേരും ആ ഗെയിമുകളില്‍ 50% ത്തിലധികം മത്സരങ്ങളില്‍ കളിച്ചു. 2019-23 മുതല്‍, അവര്‍ വെറും 42 ഏകദിനങ്ങള്‍ മാത്രമാണ് കളിച്ചത്. 44 കളിക്കാരെ കളിപ്പിച്ചപ്പോള്‍ അവരില്‍ എട്ട് പേര്‍ മാത്രമാണ് പകുതിയില്‍ കൂടുതല്‍ മത്സരങ്ങളില്‍ ഇടംപിടിച്ചത്. ഇക്കാലയളവില്‍ കൂടുതല്‍ മത്സരങ്ങള്‍ കളിച്ച ജേസണ്‍ റോയ് ലോകകപ്പില്‍ ഇല്ലെന്നതാണ് അതിശയകരം.

2019 ലോകകപ്പിലെ അവരുടെ വിജയം മുതല്‍, ഇംഗ്ലണ്ടിന്റെ ഷെഡ്യൂളില്‍ ടെസ്റ്റ് ക്രിക്കറ്റാണ് ആധിപത്യം പുലര്‍ത്തുന്നത്. ഈ കാലയളവില്‍ അവര്‍ 56 ടെസ്റ്റുകള്‍ കളിച്ചു. രണ്ടാം സ്ഥാനത്തുള്ള ഓസ്ട്രേലിയയും ഇന്ത്യയും 39 ടെസ്റ്റ് വീതമാണ് കളിച്ചത്. കൂടാതെ ടി20 ക്രിക്കറ്റിലും അവര്‍ കൂടുതല്‍ ശ്രദ്ധകൊടുത്തു. 2021, 2022 ടി20 ലോകകപ്പുകളിലും ടെസ്റ്റ് ടീമിലും കളിച്ച കളിക്കാരില്‍ പലര്‍ക്കും ഏകദിനങ്ങളില്‍ വിശ്രമം നല്‍കി.

കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ ജോ റൂട്ട് ആകെ 19 ഏകദിനങ്ങളില്‍ മാത്രമാണ് കളിച്ചത്. യുവ കളിക്കാരും സീനിയര്‍ കളിക്കാരുമെല്ലാം ലോകത്തെ പല രാജ്യങ്ങളിലായി നടക്കുന്ന ടി20 ലീഗുകളിലാണ് സജീവമായത്. അതുകൊണ്ടുതന്നെ ദേശീയ ഏകദിന ടീമിലെ യുവ കളിക്കാര്‍ രാജ്യത്തിനായി കളിച്ചതിനേക്കാള്‍ കൗണ്ടി ടീമിന് വേണ്ടി കളിച്ചവരാണ്. അഫ്ഗാനിസ്ഥാനും ശ്രീലങ്കയും ഉള്‍പ്പെടെയുള്ള ടീമുകളോടെല്ലാം തോല്‍ക്കുന്നവരായി ഇംഗ്ലണ്ട് മാറിയത് ഏകദിനത്തോടുള്ള അവരുടെ സമീപനമാണ് വ്യക്തമാക്കുന്നു. ഇത്തവണ ലോകകപ്പിന് ശേഷം ഇംഗ്ലണ്ട് ടീം ഏകദിനത്തോടുള്ള വൈമുഖ്യം മാറ്റുമോ എന്നത് കണ്ടറിയണം.

Tags