വാല്‍പ്പാറ ചുരം അപകടം, ട്രാവലര്‍ ഓടിക്കാന്‍ പരിചയസമ്പന്നരായ ഡ്രൈവര്‍മാര്‍ വേണം, ചുരം കയറുന്ന അതേ ഗിയറില്‍ ഇറക്കണം, ഡൈവര്‍മാര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

tempo traveller Valparai

ഏത് ഗിയറിലാണ് ചുരം കയറുന്നത്, അതേ ഗിയറില്‍ തന്നെ ഇറങ്ങുക എന്നാണ് വിദഗ്ധരായ ഡ്രൈവര്‍മാര്‍ പറയുന്നത്. തുടര്‍ച്ചയായി ബ്രേക്ക് ഉപയോഗിക്കുമ്പോള്‍ ബ്രേക്ക് ഡ്രം അമിതമായി ചൂടാകുന്നു.

കോഴിക്കോട്: മലപ്പുറം ജില്ലയിലെ പാങ് പള്ളിപ്പറമ്പ് ഗവ. എല്‍.പി. സ്‌കൂളിലെയും ജി.യു.പി. സ്‌കൂളിലെയും അധ്യാപകരും സ്റ്റാഫ് അംഗങ്ങളും വിനോദയാത്രയ്ക്കായി പുറപ്പെട്ട ടെമ്പോ ട്രാവലര്‍ വാഹനം തമിഴ്നാട്ടിലെ വാല്‍പ്പാറ-പൊള്ളാച്ചി റോഡിലെ 13-ാം ഹെയര്‍പിന്‍ ബെന്‍ഡില്‍ നിയന്ത്രണം വിട്ട് താഴേക്ക് മറിഞ്ഞ് ഒമ്പത് ജീവനുകളാണ് പൊലിഞ്ഞത്.

ഹെയര്‍പിന്‍ വളവുകളുള്ള ഈ ചുരത്തില്‍ വാഹനം 11-ാം ബെന്‍ഡിലേക്ക് വീഴുകയായിരുന്നു. പരിക്കേറ്റവര്‍ ചികിത്സയിലാണ്. വാഹനത്തില്‍ നിന്നും തെറിച്ചുവീണവരാണ് രക്ഷപ്പെട്ടത്.

സമ്മര്‍ വെക്കേഷനും വിഷുവും ആസ്വദിക്കാന്‍ പുറപ്പെട്ട അധ്യാപകരുടെ യാത്ര ഇങ്ങനെ അവസാനിക്കുമെന്ന് ആരും സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. വാഹനത്തില്‍ ഹൈറേഞ്ചുകളിലൂടെ യാത്ര ചെയ്യുമ്പോള്‍ അത്യധികം ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ് ഈ സംഭവം തരുന്നുണ്ട്.

പുതിയ തലമുറ ഡ്രൈവര്‍മാരില്‍ പലരും പരിചയസമ്പത്തില്ലാതെയാണ് ഹൈറേഞ്ചുകളില്‍ വാഹനം കൈകാര്യം ചെയ്യുന്നത്. പ്രത്യേകിച്ചും ചുരം ഇറങ്ങുമ്പോള്‍ സാധാരണ റോഡിയൂടെയുള്ള അതേ രീതിയില്‍ വാഹനമോടിക്കുന്നത് അപകടത്തിനിടയാക്കും.

ഏത് ഗിയറിലാണ് ചുരം കയറുന്നത്, അതേ ഗിയറില്‍ തന്നെ ഇറങ്ങുക എന്നാണ് വിദഗ്ധരായ ഡ്രൈവര്‍മാര്‍ പറയുന്നത്. നിരപ്പായ റോഡുകള്‍ പോലെ ചുരം ഇറങ്ങിയാല്‍ തുടര്‍ച്ചയായി ബ്രേക്ക് ഉപയോഗിക്കേണ്ടിവരും. ഇതിലൂടെ ബ്രേക്ക് ഡ്രം/ഡിസ്‌ക് അമിതമായി ചൂടാകുന്നു. ബ്രേക്ക് ലൈനറുകള്‍ ഹാര്‍ഡ് ആകുകയും ഫ്രിക്ഷന്‍ നഷ്ടപ്പെടുകയും ചെയ്യുന്നു. ഇതോടെ ബ്രേക്ക് പൂര്‍ണമായും ഫെയില്‍ ആകുന്നു. വലിയ ഇറക്കങ്ങളില്‍ ഇത് മിനിറ്റുകള്‍ക്കുള്ളില്‍ സംഭവിക്കാം. ഹൈഡ്രോളിക് ബ്രേക്ക് ഫ്‌ലൂയിഡ് ചൂടാകുമ്പോള്‍ ബോയില്‍ ആയി വെപ്പര്‍ ലോക്ക് ഉണ്ടാകുന്നതും ഒരു കാരണമാണ്.

ചെറിയ ഗിയറില്‍ ഇറങ്ങുമ്പോള്‍ എന്‍ജിന്‍ തന്നെ വാഹനത്തിന്റെ വേഗത നിയന്ത്രിക്കുന്നു. എന്‍ജിന്‍ സിലിണ്ടറുകളിലെ കംപ്രഷന്‍ വാഹനത്തെ ബ്രേക്ക് ചെയ്യുന്നു. ഡീസല്‍ വാഹനങ്ങളില്‍ ഇത് കൂടുതല്‍ ഫലപ്രദമാണ്. ഇങ്ങനെ ചെയ്താല്‍ ബ്രേക്ക് ചെറുതായി മാത്രം ഉപയോഗിക്കാം, ഓവര്‍ഹീറ്റിങ് ഒഴിവാക്കാം.

ടൂറിസ്റ്റ് വാഹനങ്ങള്‍ പലപ്പോഴും ഓവര്‍ലോഡ് ആകാറുണ്ട്. ഭാരം കൂടുതലുണ്ടെങ്കില്‍ ബ്രേക്കിങ് ഡിസ്റ്റന്‍സ് വര്‍ധിക്കുന്നു. കൂടാതെ, ചുരങ്ങളില്‍ ടയര്‍ പ്രഷര്‍ കുറഞ്ഞിരിക്കണം. ഇത് ഗ്രിപ്പ് മെച്ചപ്പെടുത്തും. ഡൗണ്‍ഹില്‍ അസിസ്റ്റ് സിസ്റ്റം ആധുനിക വാഹനങ്ങളില്‍ ഉണ്ടെങ്കിലും പഴയ ട്രാവലറുകളില്‍ ഇവയില്ല. അതിനാല്‍ ഡ്രൈവര്‍ തന്നെ ജാഗ്രത പാലിക്കണം.

അമിത വേഗതയും സാങ്കേതിക അറിവില്ലായ്മയുമാണ് ഇത്തരം റോഡുകളില്‍ അപകടത്തിന് ഇടയാക്കുന്നത്. ഓരോ വളവിലും പൂര്‍ണ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. റോഡ് നിയമങ്ങളും ഡ്രൈവിങ് ടെക്‌നിക്കുകളും പാലിക്കുന്നത് നമ്മുടെയും മറ്റുള്ളവരുടെയും ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണ്. ഒരു നിമിഷത്തെ അശ്രദ്ധ കുടുംബങ്ങളുടെ പ്രതീക്ഷകള്‍ തകര്‍ക്കുന്നു. ചുരം ഇറങ്ങുന്നതിന് മുന്‍പ് ഗിയര്‍, ബ്രേക്ക്, ടയര്‍ എന്നിവ ഒരിക്കല്‍ കൂടി ചെക്ക് ചെയ്യുക. സുരക്ഷിത യാത്രയാണ് ഏറ്റവും പ്രധാന്യമുള്ളത്.

Tags