സംഘി സിനിമാക്കാരന്‍ എന്ന ലേബല്‍ ഒറ്റദിനം കൊണ്ട് മാറ്റിയെഴുതി മുരളി ഗോപി, മുസ്ലീം നരഹത്യയും കേന്ദ്ര ഭരണവും തുറന്നുകാട്ടി, ഇത് അസാധാരണ ധൈര്യമെന്ന് സോഷ്യല്‍ മീഡിയ


ഗുജറാത്ത് വര്‍ഗീയയ കലാപവും തുടര്‍ന്ന് രാജ്യത്ത് സംഘപരിവാറിന്റെ മുന്നേറ്റവും കേന്ദ്ര ഭരണം പിടിച്ചെടുത്തതുമെല്ലാം തുറന്നുകാട്ടുന്ന സിനിമ എങ്ങിനെ ധൈര്യപൂര്‍വം ചെയ്‌തെന്നത് പലരേയും അതിശയിപ്പിക്കുന്നു.
കൊച്ചി: മോഹന്‍ലാല്‍ പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ എമ്പുരാന്‍ തീയേറ്റുകള്‍ ഇളക്കിമറിക്കുമ്പോള്‍ ശ്രദ്ധേയനാകുന്ന മറ്റൊരു പേരാണ് മുരളി ഗോപി. സിനിമയുടെ രചന നിര്‍വഹിച്ച മുരളി ഗോപിക്ക് സോഷ്യല്‍ മീഡിയയില്‍ എങ്ങും കൈയ്യടിയാണ്. സംഘപരിവാര്‍ അനുകൂലിയെന്നും മുന്‍ സിനിമകളില്‍ ആര്‍എസ്എസ്സിനെ വെളുപ്പിച്ചെന്നുമെല്ലാം ആരോപണ വിധേയനായ സിനിമാക്കാരനാണ് മുരളി ഗോപി. എന്നാല്‍, ഇന്ത്യന്‍ സിനിമാരംഗത്ത് പോലും ആരും കാട്ടാത്ത അസാധാരണ ധൈര്യമാണ് മുരളി ഗോപി എമ്പുരാനിലൂടെ കാട്ടിയതെന്ന് ഏവരും പറയുന്നു.
ഗുജറാത്ത് വര്‍ഗീയ കലാപവും തുടര്‍ന്ന് രാജ്യത്ത് സംഘപരിവാറിന്റെ മുന്നേറ്റവും കേന്ദ്ര ഭരണം പിടിച്ചെടുത്തതുമെല്ലാം തുറന്നുകാട്ടുന്ന സിനിമ എങ്ങിനെ ധൈര്യപൂര്‍വം ചെയ്‌തെന്നത് പലരേയും അതിശയിപ്പിക്കുന്നു. പ്രത്യേകിച്ചും മുരളി ഗോപിയെപ്പോലെ മുന്‍ സിനിമകളില്‍ ആര്‍എസ്എസ് ചായ്വ് കാട്ടിയിട്ടുള്ള വ്യക്തിക്ക് ഇത്രയും കരുത്തുള്ള തിരക്കഥ രൂപപ്പെടുത്താന്‍ കഴിഞ്ഞത് അമ്പരപ്പിക്കുന്ന കാര്യമാണ്.

തന്റെ സിനിമയിലെ ആര്‍എസ്എസ് വിധേയത്വത്തെക്കുറിച്ച് പലവട്ടം തുറന്നുപറയേണ്ടിവന്ന വ്യക്തിയാണ് മുരളി ഗോപി. സിനിമയില്‍ ആര്‍എസ്എസ് ശാഖ കാണിക്കാന്‍ പാടില്ല എന്ന് പറയുന്നത് തനിക്ക് അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് ഒരിക്കല്‍ ഒരഭിമുഖത്തില്‍ അദ്ദേഹം തുറന്നുപറഞ്ഞത്.
താനൊരു ജനാധിപത്യ രാജ്യത്താണ് ജീവിക്കുന്നത്. തന്റെ സിനിമകളില്‍ ഇനിയും ശാഖ കാണിക്കുമെന്ന പറഞ്ഞ മുരളി ഗോപി, ഫാസിസത്തെയും വലതുപക്ഷത്തെയും ഭീകരവല്‍ക്കരിക്കാന്‍ നോക്കുമ്പോഴാണ് അത് ശക്തി പ്രാപിക്കുന്നതെന്ന് പറഞ്ഞു. വലതുപക്ഷ രാഷ്ട്രിയത്തിനും ഹിന്ദുത്വ രാഷ്ട്രീയത്തിനും എതിരാണെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നുണ്ട്.
മുരളി ഗോപി രചന നിര്‍വ്വഹിക്കുന്ന സിനിമകളില്ലെല്ലാം തന്നെ ശക്തമായ രാഷ്ട്രീയം ചര്‍ച്ച ചെയ്യാറുണ്ട്. ഈ അടുത്തകാലത്ത്, ടിയാന്‍, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, കമ്മാര സംഭവം, തുടങ്ങിയ അദ്ദേഹം തിരക്കഥയെഴുതിയ സിനിമകളില്‍ ആര്‍എസ്എസ്സിനെ വെള്ളപൂശുന്നതായി ആരോപണമുണ്ടായിരുന്നു.
മുന്‍ സിനിമകളെ അപേക്ഷിച്ച് എമ്പുരാനിലെത്തുമ്പോള്‍ തീര്‍ത്തും ആര്‍എസ്എസ് വിരോധിയാകുന്നുണ്ട് മുരളി ഗോപി. ഗുജറാത്തില്‍ കലാപം സൃഷ്ടിച്ച് രാഷ്ട്രീയ അധികാരത്തിലെത്തിയ സംഘപരിവാറിനെ തുറന്നുകാണിക്കുകയാണ് സിനിമയെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. 2002 ല്‍ ഇന്ത്യയെ പിടിച്ചുകുലുക്കിയ മുസ്ലീം വംശഹത്യയെയും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുമെല്ലാം തുറന്നുകാട്ടപ്പെടുന്നതുകൊണ്ടുതന്നെ സംഘപരിവാര്‍ അനുകൂലികള്‍ ഇതിനെ എതിര്‍ക്കുന്നുണ്ട്.