എഡിറ്റ് ചെയ്തില്ലെങ്കില്‍ ഇഡി എത്തും, കേന്ദ്ര ഏജന്‍സികളെ ഭയം, സംഘപരിവാര്‍ ഭീഷണിക്ക് മുന്നില്‍ വഴങ്ങി എമ്പുരാന്‍ നിര്‍മാതാക്കള്‍


സോഷ്യല്‍ മീഡിയവഴി സംഘപരിവാര്‍ അനുകൂലികളുടെ ഭീഷണിയെത്തുടര്‍ന്നാണ് സിനിമയിലെ 17 ഭാഗങ്ങള്‍ നീക്കാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചത്.
കൊച്ചി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സംഘപരിവാറിന്റെ ബന്ധം തുറന്നുകാട്ടുന്ന പൃഥ്വിരാജ് മോഹന്‍ലാല്‍ കൂട്ടുകെട്ടിന്റെ എമ്പുരാന്‍ എഡിറ്റ് ചെയ്ത് മാറ്റും. സോഷ്യല്‍ മീഡിയവഴി സംഘപരിവാര്‍ അനുകൂലികളുടെ ഭീഷണിയെത്തുടര്‍ന്നാണ് സിനിമയിലെ 17 ഭാഗങ്ങള്‍ നീക്കാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചത്.
റിലീസ് ചെയ്ത് രണ്ട് ദിവസത്തിനകം 100 കോടി രൂപയിലേറെ കളക്ട് ചെയ്ത സിനിമയാണ് എമ്പുരാന്‍. ലോകമെങ്ങും ലക്ഷക്കണക്കിന് പ്രേക്ഷകര്‍ കണ്ടശേഷമാണ് സിനിമ എഡിറ്റ് ചെയ്യുന്നത് എന്നതാണ് രസകരം. ഗോദ്ര സംഭവത്തിന്റെ യാഥാര്‍ത്ഥ്യം തുറന്നുകാട്ടിയതിനെ തുടര്‍ന്ന് സംഘപരിവാര്‍ സിനിമയ്‌ക്കെതിരെ കൂട്ടത്തോടെ രംഗത്തെത്തുകയായിരുന്നു.

സിനിമ എഡിറ്റ് ചെയ്തില്ലെങ്കില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണമെത്തുമെന്ന ഭയമാണ് ഇപ്പോഴത്തെ നീക്കത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ഇഡിയും ഐടിയുമെല്ലാം സംഘപരിവാര്‍ എതിരാളികളെ വേട്ടയാടുക പതിവാണ്.
രാജ്യത്ത് മറ്റൊരു സിനിമാക്കാരനും കാണിക്കാത്ത ധൈര്യമാണ് പൃഥ്വിരാജും മുരളി ഗോപിയും കാട്ടിയതെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു. ഇത്തരമൊരു സിനിമയ്ക്ക് സെന്‍സറിങ് ലഭിച്ചത് എങ്ങിനെയെന്ന് ബിജെപി നേതാക്കള്‍ സംശയമുന്നയിക്കുകയും ചെയ്തു.
സിനിമ വിവാദമായതോടെ ചില ഭാഗങ്ങള്‍ മ്യൂട്ട് ചെയ്യാന്‍ തീരുമാനിച്ചതായി നിര്‍മാതാക്കളിലൊരാളായ ഗോകുലം ഗോപാലന്‍ വ്യക്തമാക്കുന്നു. എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്ന് സംവിധായകനോട് ആരാഞ്ഞിട്ടുണ്ട്. മാറ്റങ്ങള്‍ വരുത്താന്‍ എന്തൊക്കെ സാങ്കേതിക ബുദ്ധിമുട്ടുണ്ടാവും എന്നെനിക്കറിയില്ല, കാരണം സിനിമ ഒരുപാട് തിയേറ്ററുകളില്‍ കളിക്കുന്നുണ്ട്. ഒരു തീയേറ്ററില്‍ മാറ്റം വരുത്താന്‍ തന്നെ ഒരുപാട് ബുദ്ധിമുട്ട് വരും. അപ്പോള്‍ 4,000ത്തോളം തിയേറ്ററുകളില്‍ മാറ്റം വരുത്തുവാന്‍ നാല്പതു ലക്ഷം രൂപയുടെ ചെലവ് വരും എന്നാണ് അറിയാന്‍ സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.