അംബാനിക്ക് പണികൊടുക്കാന്‍ മസ്‌ക് എത്തുന്നു, ഇനി ജിയോയുടെ കളി നടക്കില്ല, കോള്‍ ചാര്‍ജ് കുത്തനെ കുറയും, നെറ്റ്വര്‍ക്ക് കവറേജില്ലാത്ത പ്രദേശങ്ങളില്‍ പോലും കോളുകള്‍ ചെയ്യാം

Starlink vs Jio
Starlink vs Jio

ലോകമെങ്ങും പല രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനം ഇന്ത്യയില്‍ ഉടന്‍ ആരംഭിക്കും.

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും കേബിളും ഉള്‍പ്പെടെയുള്ള സാങ്കേതിക മേഖല അടക്കിഭരിക്കുന്ന മുകേഷ് അംബാനിയുടെ റിലയന്‍സ് കമ്പനിക്ക് കനത്ത വെല്ലുവിളിയുമായി ലോകത്തിലെ ഏറ്റവും വലിയ ധനികനായ സ്പേസ് എക്സ് സിഇഒ എലോണ്‍ മസ്‌ക്.

ലോകമെങ്ങും പല രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനം ഇന്ത്യയില്‍ ഉടന്‍ ആരംഭിക്കും. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ജിയോ, സുനില്‍ മിത്തലിന്റെ എയര്‍ടെല്‍ എന്നിവയുമായി വിപണിയില്‍ കടുത്ത മത്സരത്തിന് എത്തുമ്പോള്‍ ഉപയോക്താക്കള്‍ക്ക് അതിന്റെ നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് കഴിഞ്ഞ മാസം ഡിസംബര്‍ 15 ന് സ്റ്റാര്‍ ലിങ്കിനുള്ള സ്‌പെക്ട്രം അലോക്കേഷന്‍ സംബന്ധിച്ച ശുപാര്‍ശകള്‍ ട്രായിയില്‍ നിന്നും സ്വീകരിച്ചു. മസ്‌കിന്റെ സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് സേവനത്തിനായി ഒരു അലോക്കേഷന്‍ പ്ലാന്‍ ചാര്‍ട്ട് ചെയ്യുകയാണ് ഇപ്പോള്‍.

ഇന്ത്യന്‍ വിപണിയിലേക്കുള്ള സ്റ്റാര്‍ലിങ്കിന്റെ വരവ് ടെലികോം ദാതാക്കള്‍ക്കിടയില്‍ വമ്പന്‍ മത്സരത്തിനാണ് ഇടയാക്കുക. ജിയോ സാറ്റ്കോം, എയര്‍ടെല്‍ വണ്‍വെബ്, ആമസോണ്‍ എന്നിവര്‍ വിപണി കൈയ്യടക്കാന്‍ ഇറങ്ങുമ്പോള്‍ സേവനങ്ങള്‍ക്ക് വില കുറയുമെന്നാണ് പ്രതീക്ഷ.

ജിയോയും ഭാരതി എയര്‍ടെലും തങ്ങളുടെ ഉപഗ്രഹ അധിഷ്ഠിത ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആരംഭിക്കുന്നതിനുള്ള നിയന്ത്രണ നടപടിക്രമങ്ങള്‍ ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്നാല്‍. എലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഇന്ത്യയിലെ ആദ്യത്തെ സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് ദാതാവായി മാറാനാണ് സാധ്യത. റിപ്പോര്‍ട്ടുകള്‍ പ്രകാരം 2025 ഫെബ്രുവരിയില്‍ തന്നെ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് ഇന്റര്‍നെറ്റ് സേവനം ഇന്ത്യയില്‍ സമാരംഭിക്കും.

2ജി സേവനങ്ങള്‍ക്കായുള്ള അലോക്കേഷന്‍ മാതൃകയുടെ അതേ പ്രക്രിയയാണ് സ്പെക്ട്രം അലോക്കേഷനും പിന്തുടരുന്നത്. സ്പെക്ട്രം വിതരണത്തില്‍ ഈ മാസം അവസാനത്തോടെ തീരുമാനമുണ്ടാകുമെന്ന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പ്രസ്താവനയില്‍ പറഞ്ഞു. ടെസ്ല സിഇഒ എലോണ്‍ മസ്‌കിന്റെ സാറ്റലൈറ്റ് അധിഷ്ഠിത സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം രാജ്യത്ത് ആരംഭിക്കുന്നതിന് ലൈസന്‍സ് നല്‍കാന്‍ ഇന്ത്യ തയ്യാറാണെന്ന് നേരത്തെ സിന്ധ്യ പ്രഖ്യാപിച്ചിരുന്നു.

ഡാറ്റാ സംഭരണവും സുരക്ഷയും സംബന്ധിച്ച് ഇന്ത്യന്‍ ഗവണ്‍മെന്റ് നിര്‍ദ്ദേശിച്ചിട്ടുള്ള നിയമങ്ങള്‍ പാലിക്കാന്‍ സ്റ്റാര്‍ലിങ്ക് സമ്മതിച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ പ്രവര്‍ത്തന ലൈസന്‍സ് നല്‍കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് അധിഷ്ഠിത വയര്‍ലെസ് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയാണ് വാഗ്ദാനം ചെയ്യുന്നത്. ഡൗണ്‍ലോഡ് വേഗത 50-150 എംബിപിഎസ് മുതലുള്ള പ്ലാനില്‍ തുടങ്ങും. പ്രീമിയം പ്ലാന്‍ ഉപയോക്താക്കള്‍ക്ക് 220 എംബിപിഎസ് വരെ വേഗത ലഭിക്കും. 10-20 എംബിപിഎസ് വരെയാകും അപ്ലോഡ് വേഗത.

ഇന്ത്യയിലെ പ്രമുഖ ടെലികോം ദാതാക്കളായ സുനില്‍ മിത്തലിന്റെ ഭാരതി എയര്‍ടെലും മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ജിയോയും ഉള്‍പ്പെടെയുള്ള ഇന്റര്‍നെറ്റ് സേവനങ്ങള്‍ സ്റ്റാര്‍ലിങ്ക് വാഗ്ദാനം ചെയ്യുന്നതിനേക്കാള്‍ വേഗതകുറവാണ്.

മൊബൈല്‍ നെറ്റ്വര്‍ക്ക് ഇന്‍ഫ്രാസ്ട്രക്ചര്‍ ആവശ്യമില്ലാതെ വിദൂര പ്രദേശങ്ങളില്‍ പോലും കണക്റ്റിവിറ്റി നല്‍കാനുള്ള കഴിവാണ് സ്റ്റാര്‍ലിങ്കിന്റെ പ്രധാന പ്രത്യേകത. സ്റ്റാര്‍ലിങ്ക് ഉപയോഗിച്ച്, ഉപയോക്താക്കള്‍ക്ക് നെറ്റ്വര്‍ക്ക് കവറേജില്ലാത്ത പ്രദേശങ്ങളില്‍ പോലും കോളുകള്‍ ചെയ്യാനും സന്ദേശങ്ങള്‍ അയയ്ക്കാനും കഴിയും. കൂടാതെ പ്രത്യേക ഉപകരണമൊന്നും വാങ്ങാതെ തന്നെ അതിവേഗ ഇന്റര്‍നെറ്റ് ആക്സസ് ചെയ്യാനും സാധിക്കും. സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം നിലവില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ഓസ്ട്രേലിയ, ചില യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ലഭ്യമാണ്.

Tags