ഇതാ മറ്റൊരു മോദി ഗ്യാരന്റി, ബിജെപിക്ക് കോടികള്‍ ഇലക്ടറല്‍ ബോണ്ടായി നല്കിയ വൈദ്യുത കമ്പനി ചെറുകിട വ്യവസായങ്ങളെ പിഴിയുന്നു, വന്‍ തകര്‍ച്ചയിലേക്കെന്ന് വ്യവസായികള്‍


മുംബൈ: സഹസ്രകോടികള്‍ വമ്പന്‍ കമ്പനികളില്‍ നിന്നും ഇലക്ടറല്‍ ബോണ്ടായി വാങ്ങുകയും പിന്നീട് ഈ കമ്പനികള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ പല ഇളവുകളും നല്‍കുകയും ചെയ്ത റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞദിവസങ്ങളിലായി പുറത്തുവന്നിരുന്നു. ഇപ്പോഴിതാ, ബിജെപിക്ക് കോടികള്‍ ഇളക്ടറല്‍ ബോണ്ടായി നല്കിയ ടൊറന്റ് പവര്‍ ലിമിറ്റഡ് എന്ന സ്വകാര്യ വൈദ്യുതി കമ്പനി ഒരു പ്രദേശത്തെ ചെറുകിട വ്യവസായത്തെ തന്നെ ഇല്ലാതാക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.
രാജ്യത്തെ പവര്‍ലൂം വ്യവസായത്തിന്റെ 33 ശതമാനം പങ്കുവഹിക്കുന്ന മഹാരാഷ്ട്രയിലെ ഭീവണ്ടിയിലെ വ്യവസായശാലകള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണ്. നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്ന വൈദ്യുതിവിലയാണ് ഈ വ്യവസായങ്ങളുടെ തകര്‍ച്ചയ്ക്ക് ആക്കംകൂട്ടുന്നത്. 2007 മുതല്‍ മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷന്‍ കോ ലിമിറ്റഡിന്റെ വിതരണ ഫ്രാഞ്ചൈസിയായ ടോറന്റ് പവര്‍ ലിമിറ്റഡാണ് ഭിവണ്ടിയില്‍ വൈദ്യുതി വിതരണം ചെയ്യുന്നത്.

ഫ്രാഞ്ചൈസി കൊണ്ടുവന്നതിനുശേഷം വൈദ്യുതി ബില്ലുകള്‍ ഇരട്ടിയോ മൂന്നിരട്ടിയോ ആയെന്നും 10,000 കോടി രൂപയുടെ പവര്‍ലൂം വ്യവസായത്തിന് ഇത് കനത്ത തിരിച്ചടിയായെന്നും പവര്‍ലൂം ഉടമകളും ജനപ്രതിനിധികളും പറയുന്നു. 30%-40% പവര്‍ലൂമുകള്‍ ഇതിനകം അടച്ചുപൂട്ടിക്കഴിഞ്ഞു. ഭിവണ്ടിയെ തകര്‍ത്തശേഷം ഗുജറാത്തിലെ സൂറത്തിലേക്ക് ഈ വ്യവസായങ്ങള്‍ എത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആരോപണവും ശക്തമാണ്.
2019 നും 2024 നും ഇടയില്‍ ടോറന്റ് പവര്‍ 106.5 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങി. ഇതില്‍ 76 കോടി രൂപയുടെ ബോണ്ടുകള്‍ ഭാരതീയ ജനതാ പാര്‍ട്ടിയും 17 കോടി രൂപ കോണ്‍ഗ്രസ്സും 3.5 കോടി രൂപ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയും 3 കോടി രൂപയും എന്‍ക്യാഷ് ചെയ്തു. ശേഷിക്കുന്നത് ശിവസേനയും ആം ആദ്മി പാര്‍ട്ടിയും പങ്കിട്ടു.
ടൊറന്റ് ഫാര്‍മ ഉള്‍പ്പെടെയുള്ള ടൊറന്റ് ഗ്രൂപ്പ് ആകെ 184 കോടി രൂപയാണ് ഇലക്ടറല്‍ ബോണ്ടായി നല്‍കിയത്. ഇതില്‍ 137 കോടി രൂപയും ബിജെപിക്കാണ്. ഇലക്ടറല്‍ ബോണ്ട് വാങ്ങിനല്‍കിയ കമ്പനികളില്‍ മുന്‍നിരക്കാരാണ് ടൊറന്റ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ശതകോടികള്‍ സംഭാവന നല്കി അവയുടെ നൂറിരട്ടി സാധാരണക്കാരന്റെ കീശയില്‍ നിന്നും ഇടാക്കുകയാണ് ഈ കമ്പനികള്‍.
ഒരുകാലത്ത് ഇന്ത്യയുടെ പവര്‍ലൂം വ്യവസായത്തെ നിയന്ത്രിച്ചിരുന്ന ഭീവണ്ടി കോര്‍പ്പറേറ്റ് ഭീമന്റെ പിടിയില്‍ അകപ്പെട്ടുകഴിഞ്ഞു. ഉയര്‍ന്ന വൈദ്യുതി വിലയ്ക്കെതിരെ പരാതി നല്കാന് പോലും സംവിധാനമില്ലെന്നാണ് വ്യവസായികള്‍ പറയുന്നത്. കല്‍ക്കരി അധിഷ്ഠിത, വാതക അധിഷ്ഠിത, പുനരുപയോഗിക്കാവുന്ന വൈദ്യുത നിലയങ്ങളുള്ള ടോറന്റ് പവറിന് 4,110 മെഗാവാട്ട് ശേഷിയുണ്ട്. മഹാരാഷ്ട്ര സര്‍ക്കാരിന്റെ അനുമതിയോടെ പുതിയ പ്രൊജക്ടുകളും അവര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
2007-ന് മുമ്പ്, ഭിവണ്ടിയില്‍ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലെന്നപോലെ സര്‍ക്കാരിന്റെ വൈദ്യുതി വിതരണം ഉണ്ടായിരുന്നു. 2007-ല്‍ ഡിസ്ട്രിബ്യൂഷന്‍ ഫ്രാഞ്ചൈസി ആയതോടെയാണ് വൈദ്യുതി ബില്‍ കുതിച്ചുയര്‍ന്നത്. പ്രതിമാസ വൈദ്യുതി ബില്ലുകള്‍ വര്‍ഷങ്ങളായി 8,000-10,000 രൂപ ഉണ്ടായിരുന്നത് 35,000 രൂപയായി ഉയര്‍ന്നതായി പവര്‍ലൂം ഉടമകള്‍ പറയുന്നു. കുടിശ്ശിക ആയവരുടെ വൈദ്യുതി കണക്ഷന് അതിവേഗം വിച്ഛേദിക്കും. വൈദ്യുതി താരിഫ് നിരക്കുകള്‍ ഇപ്പോഴത്തെ നിരക്കില്‍ തുടരുകയാണെങ്കില്‍ വരും വര്‍ഷങ്ങളില്‍ തന്നെ പവര്‍ലൂം വ്യവസായം പൂര്‍ണമായും തകരുമെന്ന് വ്യവസായികള്‍ പറയുന്നു.