ആരു ജയിച്ചാലും വിധിനിര്‍ണയത്തിലെ പ്രധാന ഫാക്ടര്‍ വെള്ളാപ്പള്ളി, വര്‍ഗീയത ഏതു മുന്നണിക്ക് ഗുണം ചെയ്‌തെന്ന് വോട്ടെണ്ണലില്‍ വ്യക്തമാകും
കഴിഞ്ഞ രണ്ട് സംസ്ഥാന തെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷത്തിന് ന്യൂനപക്ഷ സമൂഹങ്ങളില്‍ നിന്ന് വലിയ പിന്തുണ കിട്ടിയിട്ടുണ്ട്. വിശിഷ്യാ മുസ്ലിം സമൂഹത്തില്‍ നിന്ന്.
കോഴിക്കോട്: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആരു ജയിച്ചാലും ആ വിധിനിര്‍ണയത്തില്‍ പ്രധാന ഫാക്ടര്‍ ആയി വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയത ഉണ്ടാകുമെന്ന് സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് ബഷീര്‍ വള്ളിക്കുന്ന്. മുസ്ലീം സമൂഹത്തെ ഇടതുമുന്നണിയില്‍ നിന്നും അകറ്റുന്നതില്‍ വെള്ളാപ്പള്ളി പങ്കുവഹിച്ചെന്നും അദ്ദേഹം പറഞ്ഞു.
ബഷീര്‍ വള്ളിക്കുന്നിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
നാലാം തിയ്യതി UDF വരികയാണെങ്കിലും LDF വരികയാണെങ്കിലും ആ വിധിനിര്‍ണ്ണയത്തില്‍ സ്വാധീനം ചെലുത്തിയ ഒരു പ്രധാന ഫാക്ടര്‍ ഉണ്ടായിരിക്കും. അത് വെള്ളാപ്പള്ളി നടേശനാണ്.
ആ ഫാക്ടര്‍ ഏത് മുന്നണിക്ക് അനുകൂലമായി ഭവിച്ചു, അത് ഉണ്ടാക്കിയ ഇമ്പാക്ട് എത്രയാണ് എന്നതൊക്കെ പിന്നീടേ പറയാന്‍ പറ്റൂ.. എന്നാല്‍ വിധി നിര്‍ണ്ണയിക്കുന്നതില്‍ സ്വാധീനം ചെലുത്തുന്ന ഒരു ഘടകമായിരിക്കും അത് എന്നതില്‍ സംശയമില്ല.
കഴിഞ്ഞ രണ്ട് സംസ്ഥാന തെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷത്തിന് ന്യൂനപക്ഷ സമൂഹങ്ങളില്‍ നിന്ന് വലിയ പിന്തുണ കിട്ടിയിട്ടുണ്ട്. വിശിഷ്യാ മുസ്ലിം സമൂഹത്തില്‍ നിന്ന്. എന്നാല്‍ വെള്ളാപ്പള്ളിയെ മുന്നില്‍ നിര്‍ത്തി പിണറായി കളിച്ച സോഷ്യല്‍ എഞ്ചിനീയിറിംഗ് ആ സമൂഹത്തെ വലിയ അളവില്‍ ഇടതുവിരുദ്ധരാക്കി എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്.
കേരളത്തിന്റെ ഒരു പതിറ്റാണ്ട് കാലത്തെ ചരിത്രത്തില്‍ ഇത്ര വലിയ സ്‌കെയിലില്‍ സാമുദായിക വിദ്വേഷവും മുസ്ലിം വിരുദ്ധതയും പറഞ്ഞ മറ്റൊരു മനുഷ്യനില്ല. വായ തുറന്നാല്‍ കൊടും വിഷം മാത്രം പ്രചരിപ്പിച്ചു കൊണ്ട് നടന്ന അയാളെ പൊന്നാട അണിയിച്ചും കാറില്‍ കയറ്റി സഞ്ചരിച്ചും പിണറായി കേരളത്തിന് നല്‍കിയ സന്ദേശം നാളിതുവരെയുള്ള ഇടത്പക്ഷ ലൈനില്‍ നിന്നുള്ള ഭീതിജനകമായ തിരിച്ചു പോക്കായിരുന്നു. യുഡിഎഫിന് അനുകൂലമായ ഒരു മുസ്ലിം കണ്‍സോളിഡേഷന് അത് കാരണമായിട്ടുണ്ട്.
നാലാം തിയ്യതി യുഡിഎഫ് വലിയ മുന്നേറ്റം നടത്തുമെങ്കില്‍ ആ മുന്നേറ്റം സൃഷ്ടിക്കുന്നതില്‍ ഒരു പ്രധാന ഘടകമായി വെള്ളാപ്പള്ളിയുണ്ടാകും എന്ന് പറയാനുള്ള കാരണമതാണ്. ഭരണരംഗത്ത് കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ ഏറെ നേട്ടങ്ങള്‍ എടുത്ത് പറയാനുണ്ടെങ്കിലും അത് ഫോക്കസ് ചെയ്യുന്ന ഒരു പൊളിറ്റിക്കല്‍ എഞ്ചിനീയറിങിന് പകരം വെള്ളാപ്പള്ളിയെ മുന്നില്‍ നിര്‍ത്തിയുള്ള സോഷ്യല്‍ എന്‍ജിനീയറിങ് വിപരീതഫലം ചെയ്തു എന്ന് ഈ ഒരു സെനാറിയോയില്‍ വിലയിരുത്താന്‍ പറ്റും.
അപ്പോള്‍ ഇടതുപക്ഷം ജയിച്ചാല്‍ അതിലും വെള്ളാപ്പള്ളി ഒരു ഫാക്ടറാകുന്നത് എങ്ങിനെ എന്ന് ചോദിക്കാം. അതിനുത്തരം വളരെ സിംപിളാണ്. പിണറായി ഉണ്ടാക്കാന്‍ ശ്രമിച്ച സോഷ്യല്‍ എഞ്ചിനീയറിങ് അതിന്റെ ഉദ്ദേശ്യലക്ഷ്യം കണ്ടു എന്ന് വിലയിരുത്താന്‍ പറ്റും. 'മുസ്ലിം സമൂഹം വലിയ തോതില്‍ അധികാരവും സമ്പത്തും കയ്യടക്കുന്നു, യുഡിഎഫ് വന്നാല്‍ ആ അധികാരം കൂടുതല്‍ ശക്തമാകും, മുസ്ലിംകള്‍ ഭൂരിപക്ഷമായ മലപ്പുറം ജില്ലയില്‍ മറ്റ് സമൂഹങ്ങള്‍ ഭീതിയോടെയാണ് ജീവിക്കുന്നത്' തുടങ്ങി വെള്ളാപ്പള്ളി സൃഷ്ടിച്ച നറേറ്റിവ് ഭൂരിപക്ഷ സമൂഹത്തില്‍ സിപിഎമ്മിന് അനുകൂലമായ ഒരു കണ്‍സോളിഡേഷനുള്ള സാധ്യത സൃഷ്ടിച്ചു. അതിസമര്‍ത്ഥമായി കളിച്ച ഈ സോഷ്യല്‍ എന്‍ജിനീയറിങ് വഴി മുസ്ലിം സമൂഹത്തില്‍ നിന്ന് നഷ്ടട്ടപെട്ട വോട്ടിനേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷ സമൂഹത്തില്‍ നിന്നും നേടിയെടുക്കാന്‍ പറ്റി എന്ന് വിലയിരുത്താന്‍ വളരെ എളുപ്പത്തില്‍ സാധിക്കും.
ഈ രണ്ട് സാധ്യതകള്‍ക്കൊപ്പം വെള്ളാപ്പള്ളിയിലൂടെ സി പി എം ഉണ്ടാക്കിയ മുസ്ലിം ഭീതിയുടെ റിസള്‍ട്ട് വോട്ടാക്കി മാറ്റിയത് ബിജെപിയാണോ എന്നും നാലാം തിയ്യതി അറിയാന്‍ പറ്റും. ചുരുക്കത്തില്‍ വെള്ളാപ്പള്ളി ഫാക്ടര്‍ ഈ തെരഞ്ഞെടുപ്പിന്റെ ഗതി നിര്‍ണ്ണയിക്കുന്നതില്‍ ഒരു പ്രധാന സൂചകമായിരിക്കും. ആ ഫാക്ടര്‍ ഏത് മുന്നണിക്ക് അനുകൂലമായി ഭവിച്ചു എന്നത് കണ്ടറിയണം കോശീ.
.jpg)

