വാഗ്ദാനം ചെയ്തത് 25 വീടുകള്‍, 20 ലക്ഷം രൂപയുടെ 100 വീടുകള്‍ക്കുള്ള 20 കോടി രൂപ കൈമാറി ഡിവൈഎഫ്‌ഐ, രാഹുലിന്റെ യൂത്ത് കോണ്‍ഗ്രസ് എന്തു ചെയ്‌തെന്ന് സോഷ്യല്‍ മീഡിയയുടെ ചോദ്യം

DYFI
DYFI

25 വീടുകളാണ് സംഘടന വാഗ്ദാനം ചെയ്തത്. എന്നാല്‍, ആക്രി പെറുക്കിയും കൂലിപ്പണിയെടുത്തുമെല്ലാം ഡിവൈഎഫ്‌ഐ സ്വരൂപിച്ചത് 20 കോടി രൂപയാണ്.

കോഴിക്കോട്: വയനാട്ടിലെ മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടലില്‍ വീട് നഷ്ടമായവര്‍ക്ക് 100 വീടുകള്‍ പണിയാനുള്ള 20 കോടി രൂപ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി ഡിവൈഎഫ്‌ഐ. 25 വീടുകളാണ് സംഘടന വാഗ്ദാനം ചെയ്തത്. എന്നാല്‍, ആക്രി പെറുക്കിയും കൂലിപ്പണിയെടുത്തുമെല്ലാം ഡിവൈഎഫ്‌ഐ സ്വരൂപിച്ചത് 20 കോടി രൂപയാണ്.

ഒരു യുവജന സംഘടന ഏതു രീതിയിലാണ് നാടിനെ ചേര്‍ത്തുപിടിക്കേണ്ടത് എന്നതിന് മാതൃകയാണ് ഡിവൈഎഫ്‌ഐയുടെ പ്രവൃത്തി. 100 വീടുകള്‍ക്കുള്ള പണം കൈമാറിയ ഡിവൈഫ്‌ഐയ്ക്ക് സോഷ്യല്‍ മീഡിയ കൈയ്യടിച്ചു. രാഹുല്‍ മാങ്കൂട്ടത്തില്‍ നയിക്കുന്ന യൂത്ത് കോണ്‍ഗ്രസ് എന്താണ് ചെയ്‌തെന്നും സമൂഹമാധ്യമങ്ങളില്‍ ചോദ്യമുയരുന്നുണ്ട്. കോണ്‍ഗ്രസും യുവമോര്‍ച്ചയും യൂത്ത് ലീഗുമെല്ലാം ഡിവൈഎഫ്‌ഐയെ കണ്ടു പഠിക്കണമെന്നും അവര്‍ പറയുന്നു.

ഡിവൈഎഫ്‌ഐയുടെ ഇടപെടലിനെക്കുറിച്ച് കെടി ജലീല്‍ എഴുതിയ കുറിപ്പ്,

DYFI ക്ക് പകരം DYFl മാത്രം

വയനാട് ദുരന്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടവര്‍ക്ക് 100 വീടുകള്‍ ഒരുക്കാന്‍ DYFI വിവിധ പ്രോഗ്രാമുകളിലൂടെ സമാഹരിച്ച് നല്‍കിയത് 20 കോടി രൂപ. കേരളത്തിന്റെ ചരിത്രത്തില്‍ ഒരു യുവജന സംഘടനക്കും  ഇന്നോളം കഴിയാത്ത നേട്ടം! ഭാവിയില്‍ ഏതെങ്കിലും പ്രസ്ഥാനങ്ങള്‍ക്ക് സ്വപ്നം കാണാന്‍ പോലും കഴിയാത്ത മഹാകാര്യം! ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സ്വന്തം പ്രയത്‌നത്തിലൂടെ സ്വന്തമാക്കിയ സല്‍കീര്‍ത്തി കാലങ്ങളെ അതിജയിച്ച് നിലനില്‍ക്കും. ഒരു പൈസ ഒരാളില്‍ നിന്ന് പിരിക്കാതെയാണ് നാടിന്റെ പുതുയവ്വനം ലോകത്തിന് തന്നെ മാതൃകയായ പ്രവര്‍ത്തനം കാഴ്ചവെച്ചത്. മാനവികത ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാവര്‍ക്കും DYFl പ്രവര്‍ത്തകരെ ഓര്‍ത്ത് അഭിമാനിക്കാം. അവര്‍ക്കിരിക്കട്ടെ ഈ റംസാനിലെ പുണ്യങ്ങളുടെ കുതിരപ്പവന്‍.

ഓരോ DYFI പ്രവര്‍ത്തകന്റെയും വിയര്‍പ്പിന്റെ വിലയാണ് അവര്‍ വയനാട് ദുരന്തബാധിതര്‍ക്കായി മുഖ്യമന്ത്രിക്ക് കൈമാറിയ 20 കോടി. റസീറ്റ് ബുക്കുണ്ടാക്കി പിരിച്ചിട്ടല്ല DYFI ഭീമമായ ആ തുക സമാഹരിച്ചത്. പള്ളികളില്‍ നിന്ന് വെള്ളിയാഴ്ച ബക്കറ്റില്‍ ശേഖരിച്ചതുമല്ല ആ തുക. ക്ഷേത്രങ്ങളില്‍ നിന്നോ ചര്‍ച്ചുകളില്‍ നിന്നോ സ്വരൂപിച്ചുണ്ടാക്കിയതുമല്ല 20 കോടി. പ്രവാസികള്‍ക്കും നാട്ടുകാര്‍ക്കും ഗൂഗ്ള്‍ പേ നമ്പര്‍ കൊടുത്ത്, 'പണശേഖരണ' മല്‍സരം നടത്തി, നേതാക്കന്‍മാര്‍ ബിഗ് സ്‌ക്രീനിന്റെ മുന്നിലിരുന്ന് കൈ നനയാതെ വാരിക്കൂട്ടിയതല്ല ആ 20 കോടി. 25000 യൂണിറ്റുകളിലെ ലക്ഷക്കണക്കിന് വരുന്ന DYFI യുടെ സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവര്‍ത്തകര്‍ കൂലിപ്പണിക്ക് പോയും, കല്ല്യാണ വീടുകളില്‍ കാറ്ററിംഗ് ജോലിയെടുത്തും, ഫ്‌ലാറ്റുകളിലെയും വഴിയോരങ്ങളിലെയും കാറുകള്‍ കഴുകിയും കിട്ടിയ വിയര്‍പ്പിന്റെ മണമുള്ള വേതനം കരുതിവെച്ച് ഉണ്ടാക്കിയതാണ് ആ 20 കോടി. വീടുകളില്‍ നിന്ന് പാഴ് വസ്തുക്കളും പഴയ പത്രങ്ങളും ശേഖരിച്ചും, നാളികേര കര്‍ഷകരില്‍ നിന്ന് നാളികേരങ്ങള്‍ സ്വരൂപിച്ചും, തെരുവുകളില്‍ നിന്ന് ആക്രികള്‍ പെറുക്കിക്കൂട്ടിയും വിററു കിട്ടിയ പണം ഒരുക്കൂട്ടിവെച്ച് ചോര നീരാക്കി ഉണ്ടാക്കിയതാണ് ആ 20 കോടി. DYFl പ്രവര്‍ത്തകള്‍ മല്‍സ്യം വിറ്റും, പപ്പടം വിറ്റും, ചായക്കടകള്‍ നടത്തിയും, അച്ചാര്‍ വില്‍പ്പന നടത്തിയും, അപ്പങ്ങള്‍ വിറ്റും, ബിരിയാണി ചാലഞ്ചുകള്‍ നടത്തിയും, പായസം ചാലഞ്ചുകള്‍ സംഘടിപ്പിച്ചും സമാഹരിച്ച സംഖ്യയാണ് വയനാട് ദുരിതാശ്വാസ നിധിയിലേക്ക് DYFI നല്‍കിയ 20 കോടി. ഇതിന് പുറമെ 47 ലക്ഷത്തിലധികം രൂപയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേറെയും അവര്‍ വയനാട്ടില്‍ നടത്തിയിരുന്നു.

എന്നെ അതിശയിപ്പിച്ചത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥതയും സത്യസന്ധതയുമാണ്. കിട്ടുന്ന ഓരോ നാണയത്തുട്ടിനും അവര്‍ കൃത്യമായ കണക്കുവെച്ചു. സംസ്ഥാന പ്രസിഡണ്ട്, സെക്രട്ടറി മുതല്‍ താഴേതട്ടിലെ പ്രവര്‍ത്തകന്‍ വരെ DYFI നടത്തിയ കേമ്പയ്‌നില്‍ കണ്ണികളായി. ലഭിച്ച പണത്തില്‍ നിന്ന് ഒരു രൂപ പോലും എടുത്ത് അവര്‍ പുട്ടടിച്ചില്ല. ഒട്ടിയ വയറുമായി കേരളമൊട്ടുക്കും അവര്‍ അലഞ്ഞു. വീടുവീടാന്തരം കയറി ഇറങ്ങി. പിരിച്ച് കിട്ടുന്നത് മുക്കിനക്കുന്ന ഏര്‍പ്പാട് ഇല്ലാത്തത് കൊണ്ട് ഒരു നയാപൈസ പോലും അവരുടെ കണക്കു പുസ്തകത്തില്‍ ഇടം പിടിക്കാതെ പോയില്ല. ഒരു രൂപ ജനങ്ങളില്‍ നിന്ന് പിരിക്കാതെ, സ്വന്തം അദ്ധ്വാനത്തിന്റെ ബലത്തില്‍ ദുരിതം പേറുന്നവരെ സഹായിക്കാന്‍ ലോകത്ത് തന്നെ ഒരു യുവജന സംഘടനക്ക് കഴിഞ്ഞെതായി ഞാനെവിടെയും വായിച്ചത് ഓര്‍ക്കുന്നില്ല. അങ്ങിനെ വായിച്ചവരോ കേട്ടവരോ മനസ്സിലാക്കിയവരോ ഉണ്ടെങ്കില്‍ അവര്‍ക്കത് കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം.

കേരളത്തിലെ ജനങ്ങള്‍ DYFI എന്ന യുവജന പ്രസ്ഥാനത്തില്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെ ആഴവും പരപ്പും വ്യക്തമാക്കുന്നതാണ് അവരുണ്ടാക്കിയ അമൂല്യമായ 20 കോടി 47 ലക്ഷം രൂപ. റീല്‍സ് എടുക്കാന്‍ പ്രൊഫഷണല്‍സിനെ വെച്ച് ക്യാമറക്കു മുന്നില്‍ നടന്‍മാര്‍ അഭിനയിക്കും പോലെ അഭിനയിച്ച് തിമര്‍ത്ത് നാട്ടുകാരെ പറ്റിക്കലല്ല യുവജന സംഘടനാ പ്രവര്‍ത്തനമെന്ന്, മാലോകര്‍ക്ക് കാണിച്ച് കൊടുക്കാന്‍ DYFl-ക്ക് സാധിച്ചത് ഒരു റെക്കാര്‍ഡ് തന്നെയാണ്. കേരളത്തിലെ ഇതര യുവജന സംഘടനകള്‍ക്ക് DYFI-യെ എല്ലാ അര്‍ത്ഥത്തിലും അനുകരിക്കാം.  റംസാന്‍ അതിന്റെ അവസാനത്തിലേക്ക് കടക്കുന്ന നാളുകള്‍, പുണ്യപ്രവൃത്തികള്‍ക്ക് ഒരുപാടിരട്ടി പ്രതിഫലം ലഭിക്കുന്ന രാപ്പകലുകളാല്‍ നിര്‍ഭരമാണ്. പടച്ച തമ്പുരാന്‍ DYFl-ക്കാര്‍ക്ക് തക്കപ്രതിഫലം നല്‍കട്ടെ.

 

Tags

News Hub