തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിൽ നാടകീയ നീക്കങ്ങൾ: രാജി വാർത്ത തള്ളി വൈസ് പ്രസിഡന്റ്; 'സമ്മർദ്ദ തന്ത്ര'മെന്ന് സംശയം
തളിപ്പറമ്പ്: തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്റും വൈസ് പ്രസിഡന്റും തമ്മിലുള്ള ഭിന്നതയെ തുടർന്ന് അരങ്ങേറിയ നാടകീയ സംഭവ വികാസങ്ങൾക്ക് ഒടുവിൽ വിശദീകരണവുമായി വൈസ് പ്രസിഡന്റ് അജേഷ് പൂവനാട്ട്. വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തികച്ചും അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് അദ്ദേഹം പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ബോർഡ് മീറ്റിംഗിന് ശേഷവും ഔദ്യോഗിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിട്ടുണ്ടെന്നും, രാജിവെച്ചെന്ന പ്രചാരണം വസ്തുതകൾക്ക് നിരക്കാത്തതാണെന്നുമാണ് അജേഷ് പൂവനാട്ടിന്റെ വിശദീകരണം. ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾക്കതീതമായി നാടിന്റെ വികസനത്തിന് ഭരണസമിതി ഒറ്റക്കെട്ടായി മുന്നോട്ടുപോവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ബ്ലോക്ക് പഞ്ചായത്തിൽ വൻ പൊട്ടിത്തെറിയാണ് നടന്നതെന്ന വിവരം പുറത്തുവന്നിരുന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ താൻപോരിമയിൽ പ്രതിഷേധിച്ച് വൈസ് പ്രസിഡന്റ് രാജി നൽകിയെന്ന വാർത്ത വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിതുറന്നത്.
രണ്ടു ദിവസം മുമ്പ് നടന്ന ബോർഡ് മീറ്റിങിന് ശേഷം പ്രസിഡന്റ് ജെസി ഷിജി വട്ടക്കാടുമായി വാക്കേറ്റമുണ്ടാകുകയും, തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് രാജി കത്ത് നൽകിയ ശേഷം തൻ്റെ പേര് പതിച്ച ബോർഡ് ഉൾപ്പെടെ സ്വയം നീക്കം ചെയ്ത് അജേഷ് പൂവനാട്ട് ഇറങ്ങിപ്പോയെന്നുമായിരുന്നു റിപ്പോർട്ടുകൾ. ഇനി വൈസ് പ്രസിഡന്റായി ഇവിടെ എത്തില്ലെന്ന് ജീവനക്കാരോട് പറഞ്ഞതായും വിവരങ്ങൾ പുറത്തുവന്നിരുന്നു.
കഴിഞ്ഞ കുറച്ചു നാളുകളായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റെ പ്രവർത്തനങ്ങൾ ഏകാധിപത്യപരമാണ് എന്ന് യു.ഡി.എഫിൽ തന്നെ വിമർശനമുയർന്നിരുന്നു. മുന്നണി മര്യാദകൾ പാലിക്കാനോ സഹപ്രവർത്തകരുമായി ആലോചിക്കാനോ തയ്യാറാകാതെ ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നു എന്നതായിരുന്നു പ്രധാന ആരോപണം.പ്രത്യേകം പി.ആർ ടീമിനെ നിയോഗിച്ച് സ്വയം പ്രമോട്ട് ചെയ്യുന്നതും, ഉദ്യോഗസ്ഥരുടെ പുനർവിന്യാസത്തിൽ നേരിട്ട് ഇടപെട്ടതും അമർഷത്തിന് ഇടയാക്കിയിരുന്നു. കൂടാതെ ഭരണമാറ്റത്തോടെ പുറത്തുപോയ സി.പി.എം അനുഭാവിയെ തൻ്റെ വാഹനത്തിൻ്റെ ഡ്രൈവറായി തിരികെയെത്തിച്ചതും സഖ്യകക്ഷികൾക്കിടയിൽ കടുത്ത അതൃപ്തി സൃഷ്ടിച്ചിരുന്നു.
ഒരു സീറ്റിന്റെ നേരിയ ഭൂരിപക്ഷത്തിൽ ചരിത്രത്തിലാദ്യമായി എൽ.ഡി.എഫിൽ നിന്ന് ഭരണം പിടിച്ചെടുത്ത യു.ഡി.എഫിന് (17-ൽ 9 സീറ്റ്), വൈസ് പ്രസിഡന്റിന്റെ രാജി വലിയ ഭരണപ്രതിസന്ധി സൃഷ്ടിക്കുമായിരുന്നു. ഈ സാഹചര്യത്തിലാണ് പെട്ടെന്നുള്ള നിലപാട് മാറ്റവും നിഷേധക്കുറിപ്പും പുറത്തുവരുന്നത്.
ആദ്യം രാജി ഭീഷണി മുഴക്കുകയും പേരുള്ള ബോർഡ് വരെ നീക്കം ചെയ്യുകയും ചെയ്ത വൈസ് പ്രസിഡന്റ്, പിന്നീട് വാർത്ത തള്ളി രംഗത്തെത്തിയത് പ്രസിഡന്റിനെ നിലയ്ക്കു നിർത്താനുള്ള "സമ്മർദ്ദ തന്ത്രം" ആണോയെന്ന സംശയത്തിലാണ് രാഷ്ട്രീയ നിരീക്ഷകർ. വരും ദിവസങ്ങളിൽ മുന്നണിക്കുള്ളിലെ സമവായ നീക്കങ്ങൾ എങ്ങനെ മുന്നോട്ടുപോകുമെന്നാണ് തളിപ്പറമ്പ് ഉറ്റുനോക്കുന്നത്.
.jpg)


