മഞ്ഞപ്പിത്തം പടരുന്നു, കുപ്പിവെള്ളം പോലും വിശ്വസിക്കരുത്, ഈ കാര്യങ്ങള്‍ നിര്‍ബന്ധമായി ശ്രദ്ധിക്കുക, വൈറലായി ഡോക്ടറുടെ കുറിപ്പ്

Prevent
Prevent

ജ്യൂസ് കച്ചവടം നടത്തുന്നവരോട്. നിങ്ങള്‍ കൊടുക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പു വരുത്തേണ്ട ചുമതല നിങ്ങള്‍ക്കുണ്ട്. ശുദ്ധമെന്ന് പറഞ്ഞാല്‍ കിണറില്‍ നിന്ന് മോട്ടോര്‍ വെച്ചടിച്ച വെള്ളം ശുദ്ധമെന്ന് കരുതരുത്.

 

കോഴിക്കോട്: സംസ്ഥാനത്ത് പലഭാഗത്തും പ്രത്യേകിച്ചും മലബാറില്‍ മഞ്ഞപ്പിത്തം അഥവാ ഹെപറ്റൈറ്റീസ് എ പടര്‍ന്നു പിടിക്കുന്നതില്‍ ജാഗ്രതകാട്ടണമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോ. ഷമീര്‍ വി കെ. ശ്രദ്ധക്കുറവാണ് രോഗം പടരുന്നതിനുള്ള പ്രധാന കാരണം. ഭക്ഷണത്തിലൂടേയും വെള്ളത്തിലൂടേയും പകരുന്ന രോഗമാണിത്. കുടിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പിക്കണമെന്ന് ഡോക്ടര്‍ പറയുന്നു.

ഡോ. ഷമീര്‍ വി കെയുടെ ഫേസ്ബുക്ക് പോസ്റ്റ്,

 

ഇന്നലെ അത്യാഹിത വിഭാഗത്തില്‍ 25 വയസ്സായ ഒരു ചെറുപ്പക്കാരന്‍. നാലഞ്ചു ദിവസത്തെ പനിയും ഛര്‍ദ്ദിയും തുടര്‍ന്ന് ശക്തമായ ക്ഷീണവും, കഴിഞ്ഞ ദിവസം മുതല്‍ പെരുമാറ്റത്തില്‍ വ്യത്യാസം. ടെസ്റ്റുകളില്‍ ഹെപറ്റൈറ്റീസ് എ. കരളിന്റെ പ്രവര്‍ത്തനം പൂര്‍ണമായും പരാജയപ്പെട്ടു കൊണ്ടിരിക്കുന്ന അവസ്ഥ. ഇന്നലെ തന്നെ പ്ലാസ്മഫെറെസിസ് തുടങ്ങി. ഇന്ന് രാവിലെ കാണുമ്പോള്‍ വെന്റിലേറ്ററില്‍.

അത്യന്തം വേദനിപ്പിക്കുന്ന കാഴ്ച. ഇത് ഒന്നാമത്തെയോ രണ്ടാമെത്തെയോ അല്ല. നിരവധി പേര്‍ ഇതിനോടകം ഹെപറ്റൈറ്റീസ് എ ക്കു കീഴടങ്ങി കഴിഞ്ഞു. മിക്കവാറും ചെറുപ്പക്കാര്‍, നേരത്തേ ഒരു രോഗവും ഇല്ലാത്തവര്‍. എന്നാല്‍ ഇപ്പോഴും ഇതിനൊരു അന്ത്യം കാണാന്‍ കഴിയുന്നില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മെഡിസിന്‍ വിഭാഗത്തില്‍ മിക്കവാറും എല്ലാ ദിവസവും അഞ്ചോ ആറോ പേര് ഹെപറ്റൈറ്റീസ് എ യെ തുടര്‍ന്ന് അഡ്മിറ്റ് ആകുന്നുണ്ട്. ഇവിടെ അഡ്മിറ്റ് ആകുന്നത് പുറത്തു നിന്ന് റെഫര്‍ ചെയ്തു വരുന്നവരും സങ്കീര്‍ണതകള്‍ ഉള്ളവരും ആകണമല്ലോ. അപ്പോള്‍ സമൂഹത്തിലെ അണുബാധയുടെ എണ്ണം ഊഹിക്കാമല്ലോ.

സാങ്ക്രമിക രോഗങ്ങള്‍ ചികില്‍സിക്കുന്ന വിഭാഗത്തിന്റെ ഭാഗമായിട്ട്  ഇരുപത് വര്‍ഷം ആവാറായി. കരള്‍ സംബന്ധമായ രോഗികളില്‍ ഹെപറ്റൈറ്റീസ് എ സ്ഥിരീകരിക്കുമ്പോള്‍ എന്നും ഒരു സന്തോഷം ആയിരുന്നു.
'രണ്ടോ മൂന്നോ ദിവസം കൂടി ഛര്‍ദ്ദി ഉണ്ടാകും, അതു കഴിഞ്ഞു ലിവര്‍ ടെസ്റ്റിലെ അളവുകള്‍ മെല്ലെ കുറഞ്ഞു തുടങ്ങും, മഞ്ഞ കുറയാന്‍ കുറച്ചു ദിവസം കൂടി എടുക്കും ഒന്നും പേടിക്കണ്ട, വിശ്രമിക്കുക, നന്നായി വെള്ളം കുടിക്കുക'

ഈ ഉപദേശവും കൊടുത്ത് അങ്ങ് വിടാറായിരുന്നു പതിവ്. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ അങ്ങനെ അല്ല. പല തരം സങ്കീര്‍ണതകള്‍, മരണം വരെ.... ചികില്‍സിക്കുമ്പോള്‍ ഭയമാണിപ്പോള്‍.
കാര്യങ്ങള്‍ ഇങ്ങനെ തുടരവേ നിത്യേന പുതിയ രോഗികള്‍ വരുന്നു എന്നത് ഒട്ടും ആശാവഹം അല്ല.ഹെപറ്റൈറ്റീസ് എ പകരുന്നത് വെള്ളത്തിലൂടെയും ഭക്ഷത്തിലൂടെയും മാത്രമാണെന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം, എന്നിട്ടും എന്തേ വീണ്ടും വീണ്ടും അണുബാധ?

ശ്രദ്ധ വേണ്ടത്ര പതിയുന്നില്ലെന്നര്‍ത്ഥം. ഇപ്പോഴും നമ്മള്‍ വൃത്തിയില്ലാത്ത വെള്ളം കുടിക്കുന്നു എന്നര്‍ത്ഥം.

വിശ്വാസം തോന്നാത്ത ഒരു സ്ഥലത്തു നിന്നും വെള്ളം, ജ്യൂസ് ഒന്നും തന്നെ കുടിക്കരുത്. വീട്ടില്‍ കുടിക്കാന്‍ ആവശ്യത്തിന് വെള്ളം തിളപ്പിച്ചു വെക്കണം. അത് സ്വന്തം കിണറിലെ വെള്ളം ആണെങ്കിലും.  അല്ലെങ്കില്‍ വിശ്വസിക്കാവുന്ന പ്യൂരിഫയര്‍ ഉണ്ടാവണം. പുറത്തേക്ക് പോകുമ്പോള്‍ ചമ്മല്‍ വിചാരിക്കേണ്ട, ഇച്ചിരി ഭാരം സഹിച്ചാലും സാരമില്ല, ആവശ്യത്തിന് വെള്ളം കുപ്പിയില്‍ ആക്കി കൊണ്ടു പോവുക തന്നെ. പുറത്ത് നിന്നു തിളപ്പിച്ച ചായ, കാപ്പി പോലത്തെ പാനീയങ്ങള്‍ കുടിക്കാം. കല്യാണം പോലെയുള്ള ചടങ്ങുകളിലും തണുത്ത വെള്ളം ഒഴിവാക്കി ചായയോ കാപ്പിയോ ആക്കുന്നതാകും പ്രായോഗികം.

ജ്യൂസ് കച്ചവടം നടത്തുന്നവരോട്. നിങ്ങള്‍ കൊടുക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പു വരുത്തേണ്ട ചുമതല നിങ്ങള്‍ക്കുണ്ട്. ശുദ്ധമെന്ന് പറഞ്ഞാല്‍ കിണറില്‍ നിന്ന് മോട്ടോര്‍ വെച്ചടിച്ച വെള്ളം ശുദ്ധമെന്ന് കരുതരുത്.  തിളപ്പിച്ചാറിയതോ വിശ്വസിക്കാവുന്ന പ്യൂരിഫയറില്‍ നിന്ന് എടുത്തതോ ആവണം. നിങ്ങള്‍ അതിനുള്ള അമിത ചെലവ് ജ്യൂസിന്റെ വിലയില്‍ കൂട്ടി ഇട്ടാലും സാരമില്ല. ഹോട്ടലില്‍ കുടിക്കാന്‍ കൊടുക്കുന്ന വെള്ളവും ഇതേ പോലെ ആവണം. പകുതി തിളപ്പിച്ചതില്‍ പകുതി പൈപ്പ് വെള്ളം ഒഴിച്ചുള്ള തണുപ്പിക്കല്‍ പാടില്ല. നിങ്ങളുടെ ജോലി വളരെ ഉത്തരവാദിത്തം ഉള്ളതാണ്. നിങ്ങള്‍ അശ്രദ്ധമായി കൊടുക്കുന്ന ജ്യൂസ് കാരണം ഒരാളുടെ ജീവന്‍ വരെ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഓര്‍ക്കണം.

കുപ്പി വെള്ളത്തിന്റെ ശുദ്ധിയുടെ കാര്യത്തില്‍ ഒരു ഉറപ്പും ഇല്ല. കാരണം  തോന്നിയ വെള്ളം നിറച്ചു വില്‍ക്കുന്നവര്‍ ഉണ്ടെന്ന് പറയപ്പെടുന്നു. സത്യം അറിയില്ല. റിസ്‌ക് എടുക്കാതിരിക്കല്‍ ആണ് ഉത്തമം. വിശ്വസിക്കാവുന്ന ബ്രാന്‍ഡ്, സീല്‍ പൊട്ടിക്കില്ലെന്ന് ഉറപ്പുള്ളതൊക്കെ ആണെങ്കില്‍ വേറെ വഴികള്‍ ഇല്ലെങ്കില്‍  ഉപയോഗിക്കാം. വീട്ടില്‍ നിന്ന് കുപ്പിയും കൊണ്ട് നടക്കാന്‍ ഉള്ള മടി കാരണം കുപ്പി വെള്ളത്തെ ആശ്രയിക്കരുത്.


ഇനി ഇതില്‍ ഒന്നും കാര്യങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്തവര്‍ക്ക്, ഉദാഹരണത്തിന് എപ്പോഴും യാത്ര ചെയ്യുന്നവര്‍, എപ്പോഴും പുറത്തു നിന്നുള്ള ഭക്ഷണത്തെ ആശ്രയിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് വാക്സിനെ ആശ്രയിക്കാം.


കാര്യം ഗൗരവമായി എടുക്കണം. ഇനിയും ഇത്തരത്തിലുള്ള മരണങ്ങള്‍ സംഭവിച്ചു കൂടാ. നമുക്ക് തടയാവുന്ന ഒരു രോഗമാണ്.

 

 

Tags