സ്വന്തം അളിയനായതുകൊണ്ട് പറയുകയല്ല, അശ്ലീല പരാമര്‍ശത്തില്‍ ഹരിഹരനെ ന്യായീകരിച്ച് ആര്‍എംപി സഹയാത്രികന്‍ ഡോ. ആസാദ്

azad malayattil

കോഴിക്കോട്: ശൈലജ ടീച്ചര്‍ക്കും മഞ്ജു വാര്യര്‍ക്കും എതിരെ അശ്ലീല പരാമര്‍ശം നടത്തിയ ആര്‍എംപി നേതാവ് കെഎസ് ഹരിഹരനെ ന്യായീകരിച്ച് ഡോ. ആസാദ്. ഹരിഹരന്റെ ആഭാസ പ്രസംഗത്തിനെതിരെ പ്രതികരിക്കാതിരുന്ന ആര്‍എംപി സഹയാത്രികന്‍ കൂടിയായ ആസാദ് സ്‌ഫോടകവസ്തു എറിഞ്ഞതിലാണ് പ്രതികരണവുമായെത്തിയത്. ആസാദിന്റെ സഹോദരി ഭര്‍ത്താവാണ് ഹരിഹരന്‍.

ഖേദം പ്രകടിപ്പിച്ചാല്‍ ആ വിഷയം പിന്നീടും ആളിക്കത്തിക്കുന്നത് ശരിയല്ലെന്നും മറ്റൊരു നേതാവും ചെയ്യാത്ത രീതിയില്‍ ഖേദപ്രകടനം നടത്താന്‍ ഹരിഹരന്‍ തയ്യാറായെന്നും ആസാദ് തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. വടകര ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശൈലജ ടീച്ചര്‍ക്കെതിരെ നടത്തിയ അശ്ലീല പ്രചാരണത്തിന്റെ തുടര്‍ച്ചയെന്നോണമാണ് യുഡിഎഫ് വേദിയില്‍ ഹരിഹരന്‍ നടത്തിയത് എന്നാണ് സിപിഎം ആരോപിക്കുന്നത്.

ഡോ. ആസാദിന്റെ ഫേസ്ബുക്ക് കുറിപ്പ്,

മലയാററില്‍ എന്ന, ഞാന്‍ ദീര്‍ഘകാലം അച്ഛനും അമ്മയ്ക്കും സഹോദരിമാര്‍ക്കും ഒപ്പം ജീവിച്ച വീടിനു നേരെ ഇന്നലെ രാത്രി അക്രമമുണ്ടായി. പടക്കത്തെക്കാള്‍ മാരകശേഷിയുള്ള സ്‌ഫോടകവസ്തു എറിയുകയായിരുന്നു. ഈ പ്രദേശത്തു രാഷ്ട്രീയം സജീവമാണെങ്കിലും ഇത്തരത്തിലുള്ള ഹിംസാത്മക ആയുധ പ്രയോഗം മുമ്പ് നടന്നതായി ഓര്‍ക്കുന്നില്ല.

വീട്ടിലിപ്പോള്‍ താമസം സഹോദരി സുധയും അവരുടെ ജീവിതപങ്കാളിയായ കെ എസ് ഹരിഹരനുമാണ്. അവരുടെ രണ്ടു മക്കളും സ്ഥലത്തില്ല. ആ വീടിനുനേരെ ഇന്നലെ വൈകീട്ട് കാറിലെത്തി ചിലര്‍ അസഭ്യം വിളിച്ചു പറഞ്ഞു ഭീഷണിപ്പെടുത്തി പോകുന്നു. വൈകീട്ട് ഭീഷണിയുമായി നാട്ടില്‍ സി പി എം പ്രകടനവും പൊതുയോഗവും നടക്കുന്നു. രാത്രി എട്ടേകാലിന് വീടിനുമുന്നില്‍ ബോംബുസ്‌ഫോടനം ഉണ്ടാകുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുന്നു.

ഹരിഹരന്‍ തന്റെ വടകര പ്രസംഗത്തില്‍ ചില തെറ്റായ, സ്തീവിരുദ്ധമായ പരാമര്‍ശങ്ങള്‍ വന്നതായും അതില്‍ നിര്‍വ്യാജം ഖേദിക്കുന്നതായും പറഞ്ഞിരുന്നു. അതിനു ശേഷവും ആ പ്രസംഗത്തിനു നേരെയുള്ള പ്രതിഷേധങ്ങള്‍ അവസാനിച്ചില്ല. അതില്‍ അസ്വാഭാവികത കാണുന്നില്ല. ചില പരാമര്‍ശങ്ങള്‍ കനലുപോലെ ആളി നില്‍ക്കാം. എതിരാളികള്‍ക്ക് ആ കനലുകള്‍ ഊതി വളര്‍ത്താന്‍ നോക്കാം. എന്നാല്‍ ഒരു തെറ്റോ കുറ്റമോ വന്നാല്‍ ഖേദപ്രകടനം നടത്തി തിരുത്തലുകള്‍ക്ക് സന്നദ്ധനാവാനും അതു സംബന്ധിച്ച് ഉണ്ടാകാവുന്ന നിയമനടപടികള്‍ക്ക് വിധേയനാവാനുമേ ഏതൊരാള്‍ക്കും കഴിയൂ. അതിനപ്പുറം കാര്യങ്ങളെ കത്തിച്ചു നിര്‍ത്താനും വീടിനും ആള്‍ക്കുംനേരെ സായുധ അക്രമം അഴിച്ചുവിടാനും നടത്തുന്ന ശ്രമം അപലപനീയയാണ്. കടുത്ത കുറ്റകൃത്യവുമാണ്.

ഹരിഹരന്‍ പറഞ്ഞ തെറ്റായ പരാമര്‍ശം ഞാനിവിടെ ഉദ്ധരിക്കുന്നില്ല. അത് തോന്നുന്നതുപോലെ നീട്ടിയും വ്യാഖ്യാനിച്ചും ഏതറ്റവുംവരെ പോകാനുമുള്ള നീക്കം ദുരുദ്ദേശ്യപരമാണ്. കുറ്റമേറ്റ് ഖേദം പ്രകടിപ്പിച്ച ഒരാള്‍ക്കു നേരെ അതുകൊണ്ട് പ്രശ്‌നം തീരില്ലെന്നും വിചാരണ നടത്തി ശിക്ഷിക്കേണ്ടത് നിയമവ്യവസ്ഥയല്ല 'ഞങ്ങളാ'ണെന്നും ചിലര്‍ക്കൊക്കെ തോന്നുന്നതാണ് പ്രശ്‌നം. അത് കൊലവിളിയാണ്. ടി പി വധത്തില്‍ കണ്ടതുപോലെയുള്ള ഹിംസയിലേക്കുള്ള കടന്നുപോക്കാണ്.
ഹരിഹരനോട് എടുത്ത സമീപനം അതേപോലെയോ അതിലുമധികമോ കുറ്റകരമായ സ്ത്രീവിരുദ്ധ വാക്കുകളും ചെയ്തികളും ഉതിര്‍ത്ത മറ്റ് രാഷ്ട്രീയ നേതാക്കന്മാര്‍ക്കെതിരെ കണ്ടിട്ടില്ലെന്ന് നാം ഓര്‍ക്കണം. അവരാരും ഒരു ഖേദപ്രകടനത്തിനുപോലും സന്നദ്ധരായിട്ടില്ല. സമൂഹത്തിലെ  മുഖ്യ പദവികളില്‍ അവര്‍ തുടരുകയുമാണ്. ഇപ്പോള്‍ ഹരിഹരനെതിരെ അലറിയെത്തുന്ന രാഷ്ട്രീയക്കാരോ സാംസ്‌കാരിക ബുദ്ധിജീവികളോ അതൊന്നും ഓര്‍ക്കുന്നുപോലുമില്ല. ഹരിഹരന്റെ മാപ്പിനെ അപഹസിച്ച സാംസ്‌കാരിക ബുദ്ധിജീവി, ഒരു ഖേദപ്രകടനത്തിനുപോലും തയ്യാറല്ലാത്ത അധികാരബദ്ധ രാഷ്ട്രീയ നേതാക്കളുടെ സ്ത്രീവിരുദ്ധ പ്രവൃത്തി പൊറുത്തുകൊടുക്കുകയാണ്. വാസ്തവത്തില്‍ അവര്‍ക്ക് സ്ത്രീവിരുദ്ധ പ്രവൃത്തിയോടുള്ള അമര്‍ഷമോ പ്രതിഷേധമോ അല്ല പറഞ്ഞ വ്യക്തികളുടെ പദവിയോ രാഷ്ട്രീയസ്വാധീനമോ ആണ് പരിഗണനാവിഷയമായി തോന്നുന്നത്.

നിയമവ്യവസ്ഥയില്‍ വിശ്വാസമുള്ള ഏതൊരു ജനാധിപത്യവാദിയും നിയമത്തിന്റെ വഴി സ്വീകരിക്കണം. ഹിംസയില്‍ ഏര്‍പ്പെടുകയോ അതിന് പ്രേരണ നല്‍കുകയോ ചെയ്യുന്ന തിന്മയുടെ രാഷ്ട്രീയത്തിന് അവസാനമുണ്ടാവണം. വീടിനു മുന്നില്‍ ഭീഷണി മുഴക്കിയും ബോംബെറിഞ്ഞും കൂടുതല്‍ അക്രമങ്ങളിലേക്കും കലാപങ്ങളിലേക്കും മുന്നേറുന്ന രാഷ്ട്രീയം ജനാധിപത്യത്തിനു ഭൂഷണമല്ല. അക്രമം രാഷ്ട്രീയമാര്‍ഗമല്ല. സൈബര്‍ രംഗം കലാപാന്തരീക്ഷം സൃഷ്ടിക്കാനും വിയോജിക്കുന്നവരെ വേട്ടയാടാനും ഉപയോഗിക്കുന്ന ഫാഷിസത്തിന്റെ രീതി  ആര്‍ക്കും ഗുണകരമല്ല. അത് പൗരസമൂഹത്തിന്റെ ഭാവിതന്നെ അപകടത്തിലാക്കും.

വടകരയിലെ പരാജയഭീതി സി പി എമ്മിനെ വീണ്ടും ക്വട്ടേഷന്‍ - അക്രമരീതികളുടെ പഴയ പാതയില്‍തന്നെ എത്തിച്ചിരിക്കുന്നു. ടി പിയോടു ചെയ്തത് ആവര്‍ത്തിക്കാന്‍ ആവശ്യമായ അന്തരീക്ഷം മാധ്യമങ്ങളിലും സൈബറിടങ്ങളിലും സൃഷ്ടിക്കുന്നുമുണ്ട്. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തി എന്നത് അവരുടെ ഹിംസയെ ന്യായീകരിക്കാന്‍ മാത്രം ഉന്നയിക്കുന്ന നിലയാണ്. അല്ലെങ്കില്‍ അതുപോലെ സ്ത്രീവിരുദ്ധ അതിക്രമങ്ങള്‍ കാണിച്ച നേതാക്കളെയെല്ലാം ഇതുപോലെ നേരിടാന്‍ അവര്‍ തയ്യാറാവണമായിരുന്നു.  ചുരുങ്ങിയപക്ഷം ഒരു ഖേദപ്രകടനത്തിനെങ്കിലും അവരെ നിര്‍ബന്ധിക്കണമായിരുന്നു. അതൊന്നും കണ്ടില്ലല്ലോ. ഹരിഹരന്റെ പരാമര്‍ശത്തിനെതിരെ സാംസ്‌കാരിക ബുദ്ധിജീവികളെ മുഴുവന്‍ അണിനിരത്തി അടുത്ത അതിക്രമത്തിന് സാധുത വരുത്താന്‍ ഇപ്പോള്‍ ദേശാഭിമാനിയിലൂടെ നടത്തുന്ന ശ്രമവും കാണാതിരുന്നുകൂടാ.

അതിക്രമങ്ങളുടെ ഫാഷിസ്റ്റ് രാഷ്ട്രീയം ഖേദപ്രകടനങ്ങളിലോ മാപ്പപേക്ഷകളിലോ തിരുത്തലുകളിലോ നിയമ നടപടികളിലോ തൃപ്തിപ്പെട്ടു പിന്‍വാങ്ങില്ല. അത്തരം രാഷ്ട്രീയ ബലപ്രയോഗങ്ങള്‍ക്ക് പിന്നിലും മുന്നിലും നിന്ന് തുണയ്ക്കുന്ന ആളുകള്‍ നിഷ്‌കളങ്കരല്ല. അവര്‍ അറിയപ്പെടുന്നവരാവാം, എഴുത്തുകാരാവാം, സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തകരാവാം പക്ഷേ നീതിയിലും നിയമത്തിലും ജനാധിപത്യ ജീവിതത്തിലും വിശ്വസിക്കുന്ന മനുഷ്യരല്ല. ഹരിഹരനെ അക്രമികള്‍ക്ക് എറിഞ്ഞു കൊടുക്കാനും തങ്ങളോടൊപ്പമുള്ള സ്ത്രീവിരുദ്ധ അതിക്രമം നടത്തിയവരെ ഉന്നത പദവികളിലെത്തിക്കാനും ശ്രമിക്കുന്ന മനോനില നമ്മുടെ നല്ല ഭാവിക്ക് ഭീഷണിയാണ്.

 

Tags