പിഎം ശ്രീയില്‍ ഇരട്ടത്താപ്പുമായി വിഡി സതീശനും യുഡിഎഫും, തെരഞ്ഞെടുപ്പിന് മുന്‍പ് അറബിക്കടലിലെറിയുമെന്ന് പറഞ്ഞ പദ്ധതിക്ക് കൈയ്യടിച്ച് ലീഗ്, നിലപാടില്‍ മലക്കംമറിഞ്ഞ സര്‍ക്കാരിന് രൂക്ഷ വിമര്‍ശനം

PM Shri

തെരഞ്ഞെടുപ്പിന് മുന്‍പ് പിഎം ശ്രീ മുന്‍നിര്‍ത്തി എല്‍ഡിഎഫിനെതിരെ വന്‍ പ്രതിഷേധം സംഘടിപ്പിച്ച മുന്നണിയാണ് അതേ പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുന്നത് എന്നതാണ് ശ്രദ്ധേയം.

തിരുവനന്തപുരം: പിഎം ശ്രീ നടപ്പാക്കാനുള്ള തീരുമാനത്തില്‍ മുഖ്യമന്ത്രി വിഡി സതീശനും യുഡിഎഫിനും രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷവും സോഷ്യല്‍ മീഡിയയും. തെരഞ്ഞെടുപ്പിന് മുന്‍പ് പിഎം ശ്രീ മുന്‍നിര്‍ത്തി എല്‍ഡിഎഫിനെതിരെ വന്‍ പ്രതിഷേധം സംഘടിപ്പിച്ച മുന്നണിയാണ് അതേ പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുന്നത് എന്നതാണ് ശ്രദ്ധേയം.

2025 ഒക്ടോബറില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതിയുടെ ധാരണാപത്രത്തില്‍ ഒപ്പിട്ടപ്പോള്‍ യുഡിഎഫ്, പ്രത്യേകിച്ച് കോണ്‍ഗ്രസ് നേതാക്കള്‍, അതിനെ രൂക്ഷമായി വിമര്‍ശിച്ചു. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശന്‍ പദ്ധതിയെ ആര്‍എസ്എസ്സിന്റെ പദ്ധതി വിദ്യാര്‍ത്ഥികളില്‍ കുത്തിവയ്ക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചു. ഭരണത്തിലെത്തിയാല്‍ പദ്ധതി ഒരിക്കലും നടപ്പാക്കില്ലെന്ന് മുസ്ലീം ലീഗും വ്യക്തമാക്കി.

കെ.എം. ഷാജിയെ പോലുള്ളവര്‍ പദ്ധതി നടപ്പാക്കില്ലെന്ന് പ്രസംഗിച്ചു. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പിഎം ശ്രീ അറബിക്കടലിലെറിയും എന്ന തരത്തിലുള്ള പ്രസ്താവനകളും പുറത്തുവന്നു. മുതിര്‍ന്ന നേതാവ് കുഞ്ഞാലിക്കുട്ടിയും പിഎം ശ്രീ നടപ്പാക്കില്ലെന്നാണ് വ്യക്തമാക്കിയത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിലും ഇത് വലിയ വിഷയമായിരുന്നു. എല്‍ഡിഎഫ് ബിജെപി ഡീല്‍ എന്ന് മുദ്രകുത്തി യുഡിഎഫ് വോട്ട് ചോദിച്ചു. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചതിനു ശേഷം പദ്ധതിക്ക് അനുകൂലമായി എത്തുകയായിരുന്നു.

എല്‍ഡിഎഫ് പദ്ധതിയില്‍ ഒപ്പിട്ടെന്നും പണം വാങ്ങിയെന്നും കേരളം ഇതിനകം പങ്കാളിയാണെന്നും സതീശന്‍ പറയുന്നു. പദ്ധതിയില്‍ തുടരാന്‍ നിര്‍ബന്ധിതരാണെന്നാണ് മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നത്. അതേസമയം, മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മുഖ്യമന്ത്രി പച്ചക്കള്ളം പറയുകയാണെന്ന് വ്യക്തമാക്കി. ധാരണാപത്രം റദ്ദാക്കാന്‍ കത്ത് നല്‍കിയിരുന്നെന്നും കേരളത്തിന് യാതൊരു ബാധ്യതയുമില്ലെന്നും മുന്‍ മന്ത്രി ചൂണ്ടിക്കാട്ടി.

നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചാണ് ഇപ്പോള്‍ ഫണ്ട് നേടിയെടുക്കാന്‍ ശ്രമം നടക്കുന്നത്. ബിജെപി ഡീല്‍ എന്നാരോപിച്ച അതേ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുത്തെന്ന് വ്യക്തം.

പ്രതിപക്ഷത്തിരുന്ന് ആശയപരമായ എതിര്‍പ്പ് ഉയര്‍ത്തിയവര്‍ ഭരണത്തിലെത്തിയ ശേഷം പ്രായോഗിക ഫണ്ട് പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി മലക്കം മറിയുന്നത് വ്യക്തമായ ഇരട്ടത്താപ്പാണ്. എല്‍ഡിഎഫ് 'സംഘപരിവാര്‍ അജണ്ട'യ്ക്ക് വഴങ്ങിയെന്ന് വിമര്‍ശിച്ച യുഡിഎഫ് ഇപ്പോള്‍ അതേ അജണ്ടയുമായി മുന്നോട്ടുപോകുന്നത് രാഷ്ട്രീയ നിലപാടിന്റെ മലക്കംമറിച്ചിലായി വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
 

Tags