നാലു വര്‍ഷത്തെ ബിരുദം 40 വര്‍ഷത്തെ കരിയറിനെ നിര്‍ണയിക്കാന്‍ അനുവദിക്കരുതെന്ന് ഐഐടി ബിരുദധാരി, കോളേജില്‍ പോയത് ജോലിക്കുവേണ്ടി മാത്രം, ക്ലാസെടുക്കുമ്പോള്‍ നോവലുകള്‍ വായിച്ചു, വൈറലായി ഒരു കുറിപ്പ്
മെറ്റലര്‍ജി പഠിപ്പിക്കുന്ന സമയത്ത് നോവലുകള്‍, ഉപന്യാസങ്ങള്‍, ആധുനിക ഇന്ത്യന്‍ ചരിത്രം, സാമ്പത്തികശാസ്ത്രം, രാഷ്ട്രമീമാംസ, അന്താരാഷ്ട്ര കാര്യങ്ങള്‍ തുടങ്ങിയ പുസ്തകങ്ങള്‍ വായിച്ചാണ് സമയം ചെലവഴിച്ചത്.
ന്യൂഡല്‍ഹി: നാലു വര്‍ഷത്തെ ഡിഗ്രി 40 വര്‍ഷത്തെ ജീവിതത്തെയും ജോലിയെയും നിര്‍ണയിക്കരുതെന്ന ഐഐടി ബിരുദധാരിയുടെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുന്നു. ഐഐടി (ബിഎച്ച്യു) വാരണാസിയില്‍ നിന്ന് ബിരുദം നേടിയ അകാഷ് സമ്പൂര്‍ണാനന്ദ് പാണ്ഡെ ആണ് എക്സില്‍ ശ്രദ്ധേയമായ കുറിപ്പ് പങ്കുവെച്ചത്. ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ ജോലി ചെയ്യുന്ന അദ്ദേഹം 2012-ല്‍ ഐഐടിയില്‍ പഠിച്ച കാലത്തെക്കുറിച്ച് തുറന്നെഴുതിയതാണ് ചര്‍ച്ചയ്ക്ക് കാരണം.
പോസ്റ്റില്‍ അദ്ദേഹം സ്വയം ''ലാസ്റ്റ് ബെഞ്ചര്‍'', ''വേസ്റ്റര്‍'', ''ലുക്കാ'' എന്നൊക്കെ വിശേഷിപ്പിച്ചു. 75 ശതമാനം ഹാജര്‍ നിര്‍ബന്ധമായതിനാല്‍ മാത്രമാണ് ക്ലാസിലേക്ക് പോയിരുന്നുള്ളൂ. മെറ്റലര്‍ജി പഠിപ്പിക്കുന്ന സമയത്ത് നോവലുകള്‍, ഉപന്യാസങ്ങള്‍, ആധുനിക ഇന്ത്യന്‍ ചരിത്രം, സാമ്പത്തികശാസ്ത്രം, രാഷ്ട്രമീമാംസ, അന്താരാഷ്ട്ര കാര്യങ്ങള്‍ തുടങ്ങിയ പുസ്തകങ്ങള്‍ വായിച്ചാണ് സമയം ചെലവഴിച്ചത്. ഓരോ സെമസ്റ്ററിലും 7 മുതല്‍ 10 വരെ പുസ്തകങ്ങള്‍ വായിച്ചിരുന്നു. അവയില്‍ ഭൂരിഭാഗവും യുപിഎസ്സി തയ്യാറെടുപ്പ് നടത്തിയിരുന്ന റൂംമേറ്റിന്റെ പുസ്തകങ്ങളായിരുന്നു.
''പരീക്ഷയ്ക്ക് 24 മണിക്കൂര്‍ മുമ്പ് മാത്രമേ ഞാന്‍ മെറ്റലര്‍ജി ടെക്സ്റ്റ്ബുക്ക് തൊട്ടിട്ടുള്ളൂ. ഏറ്റവും കുറഞ്ഞത് മാത്രം പഠിച്ചു. ജോബ് പ്ലേസ്മെന്റിന് യോഗ്യത നേടാന്‍ 7.5 ജിപിഎ നേടി. അക്കാദമിക്സ് ഒഴികെ എല്ലാം ആസ്വദിച്ചു,'' അദ്ദേഹം എഴുതി. ഐഐടി ടാഗ് നേടാന്‍ നാലുവര്‍ഷം ജയിലില്‍ കഴിഞ്ഞതുപോലെ തോന്നിയെന്നും യുവാവ് പറഞ്ഞു.
ബിരുദം കഴിഞ്ഞ് കണ്‍സള്‍ട്ടിങ് ജോലി ചെയ്ത ശേഷം എന്‍ജിനീയറിങ് മേഖലയില്‍ നിന്ന് പൂര്‍ണമായും മാറി. ഒരു നാലുവര്‍ഷത്തെ ഡിഗ്രി 40 വര്‍ഷത്തെ കരിയറിനെ നിര്‍ണയിക്കരുതെന്ന ഉപദേശത്തോടെ പോസ്റ്റ് അവസാനിപ്പിച്ചു.
പോസ്റ്റിന് മിശ്രിത പ്രതികരണങ്ങളാണ് ലഭിച്ചത്. ചിലര്‍ സ്വന്തം താല്‍പ്പര്യങ്ങള്‍ പിന്തുടര്‍ന്നതിനെ അഭിനന്ദിച്ചു. എന്നാല്‍, മറ്റു ചിലര്‍ കടുത്ത വിമര്‍ശനം നടത്തി. ഐഐടി ഡിഗ്രി നേടാന്‍ നിങ്ങള്‍ മറ്റൊരാള്‍ക്ക് ലഭിക്കേണ്ട മെറ്റലര്‍ജി സീറ്റ് തട്ടിയെടുത്തെന്ന് ഒരു ഉപയോക്താവ് എഴുതി.
.jpg)

