വീണ്ടും സ്പിൽബർഗ് മാജിക്ക്...: 'ഡിസ്‌ക്ലോഷർ ഡേ' റിവ്യൂ
ഇതിഹാസ സംവിധായകൻ സ്റ്റീവൻ സ്പിൽബർഗ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ഡിസ്ക്ളോഷർ ഡേ. ജോഷ് ഓ കോണർ, എമിലി ബ്ലണ്ട്, കോളിൻ ഫിർത്ത് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രം സയന്റിഫിക് ഫിക്ഷൻ ജോണറിൽ ഉൾപ്പെടുന്നു. ആദ്യാവസാനം പ്രേക്ഷകരെ എൻഗേജ് ചെയ്ത് നിർത്തുന്ന ചിത്രം ഒരു മികച്ച സിനിമാനുഭവം ആണ്.

ജുറാസിക്ക് പാർക്ക് എന്ന ഒരു ഒരൊറ്റ ചിത്രം മതി സ്റ്റീവൻ സ്പിൽബർഗ് എന്ന സൃഷ്ടാവിനെ ലോക സിനിമാ ചരിത്രത്തിൽ അടയാളപ്പെടുത്താൻ. ദിനോസറുകളെ സ്‌ക്രീനിൽ വീണ്ടും ജീവൻ വെപ്പിച്ച് അക്ഷരാർത്ഥത്തിൽ സ്പിൽബർഗ് ലോക സിനിമാ ആസ്വാദകരെ ഒന്നാകെ നടുക്കി. ജുറാസിക് പാർക്ക് കുട്ടിക്കാലത്ത് കണ്ടവർ ഒക്കെ ഇപ്പോൾ ചെറുപ്പക്കാർ ആയിരിക്കുന്നു. അവർ ആണ് ഇന്ന് സിനിമയുടെ ആദ്യ കാഴ്ചക്കാർ. അവർക്ക് മുന്നിലേക്ക് വീണ്ടും വെള്ളിത്തിരയിൽ ഒരു വിസ്മയവുമായി എത്തിയിരിക്കുകയാണ് സ്പിൽബർഗ്.
വാനോളം പ്രതീക്ഷകളും പേറി വരുമ്പോളും ഡിസ്ക്ളോഷർ ഡേ നിരാശപ്പെടുത്താതിന്റെ കാരണം അത് കൈകാര്യം ചെയ്യുന്ന വിഷയം ആണ്. ഭൂമിയും മനുഷ്യരും വർഷങ്ങളായി അന്വേഷിച്ച് കൊണ്ടിരിക്കുന്ന ഏറ്റവും വലിയ ചോദ്യം ആണ് സിനിമ അഡ്രസ്സ് ചെയ്യുന്നത്. ഈ യൂണിവേഴ്സിൽ നമ്മൾ മനുഷ്യർ ഒറ്റയ്ക്ക് ആണോ..? സിനിമയിലെ ഒരു കഥാപാത്രം തന്നെ പറയുന്നത് ഇത്രയും വലിയ ഒരു പ്രപഞ്ചം സൃഷ്ടിച്ചിട്ട് ദൈവം അവിടെ നമ്മളെ മാത്രം താമസക്കാർ ആക്കുമോ എന്നാണ്. കൊച്ചു കുട്ടികളെ വരെ ആകർഷിക്കുന്ന ഈ ചോദ്യം ആണ് ഡിസ്ക്ളോഷർ ഡേ യുടെ അടിസ്ഥാനം.

എലിയൻസിന്റെ നിലനിൽപ്പുമായി ബന്ധപ്പെട്ട ഒരു നിർണ്ണായക തെളിവ് ലോകത്തിന്റെ മുന്നിലേക്ക് എത്തിക്കാൻ ശ്രമിക്കുന്ന നായകനിലൂടെ ആണ് ചിത്രം മുന്നേറുന്നത്. ഒപ്പം എമിലി ബ്ലണ്ട് അവതരിപ്പിക്കുന്ന ന്യൂസ് റീഡർ കഥാപാത്രം ചില അസ്വാഭാവികതകൾ കാണിച്ചു തുടങ്ങുന്നതോടെ അവർക്കും ഈ സത്യാന്വേഷണത്തിന്റെ പുറകെ സഞ്ചരിക്കേണ്ടി വരുന്നു. ഓരോ സീനിലും ഗ്രാഫിക്സ് കൊണ്ട് വിസ്മയങ്ങൾ സൃഷ്ടിക്കുന്ന ഒരു ബിഗ് ബഡ്ജറ്റ് ഹോളിവുഡ് ചിത്രമല്ല ഡിസ്ക്ളോഷർ ഡേ. പക്ഷെ ഓരോ കഥാപാത്രങ്ങളിലൂടെയും ഓരോ രംഗങ്ങളിലൂടെയും പ്രേക്ഷകരെ മുൾമുനയിൽ നിർത്തി കൊണ്ടുപോകാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.
ലോകത്തിന്റെ മുന്നിൽ മൂടി വെക്കപ്പെട്ട ആ രഹസ്യം എന്താണെന്ന് കാണാൻ പ്രേക്ഷകരുടെ മനസ്സും തുടിച്ച് കൊണ്ടിരിക്കും. കെട്ടുറപ്പുള്ള തിരക്കഥയും അതിനെ ഇലവേറ്റ് ചെയ്യുന്ന ദൃശ്യമികവും കൂടി ചേരുമ്പോൾ ഡിസ്ക്ളോഷർ ഡേ മികവിന്റെ പാരമ്യത്തിൽ എത്തുന്നു. സിനിമയുടെ അവസാന അര മണിക്കൂർ ആണ് അതുവരെ ഉണ്ടായിരുന്ന ബിൽഡ് അപ്പുകൾക്ക് ഉത്തരം കൊടുക്കുന്നത്. അവിടെ സ്‌ക്രീനിലെ കഥാപാത്രങ്ങളുടെ റിയാക്ഷൻസ് പ്രേക്ഷകരുടേത് കൂടി ആയി മാറുമ്പോൾ മികച്ച ഒരു പര്യവസാനം കൂടി ചിത്രത്തിന് ലഭിക്കുന്നു. തീയേറ്റർ വീട്ടിറങ്ങുമ്പോഴും മനസ്സ് അവിടെ തന്നെ ബാക്കി വെപ്പിക്കുന്ന സ്പിൽബർഗ് മാജിക് ഇക്കുറിയും കാണാം.
ജോഷ് ഓ കോണർ, എമിലി ബ്ലണ്ട് തുടങ്ങി ചിത്രത്തിൽ അഭിനയിച്ച പ്രമുഖർ എല്ലാം അവരുടെ കഥാപാത്രങ്ങൾ ഭംഗിയാക്കി. ടെക്നിക്കൽ സൈഡിലും എല്ലാ ഡിപ്പാർട്ട്മെന്റുകളുടെയും സിങ്ക് ഉറപ്പാക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. വർഷങ്ങൾ നീണ്ട വിജയകരമായ ഒരു കരിയർ സ്വന്തമായി ഉണ്ടായിട്ടും വീണ്ടും തന്റെ ചിന്തകൾ ഒരു തുടക്കക്കാരന്റെ ഉത്സാഹത്തോടെ സ്‌ക്രീനിലേക്ക് എത്തിക്കാൻ വെമ്പുന്ന സ്പിൽബർഗ് എന്ന കലാകാരന്റെ മനസ്സിന് ആണ് നിറഞ്ഞ കൈയ്യടി കൊടുക്കേണ്ടത്. ഇനിയും ഇനിയും ഇത്തരം വിസ്മയങ്ങളുമായി ആ അതുല്യ സംവിധായകന് തിരശ്ശീലയിൽ എത്താൻ സാധിക്കട്ടെ എന്ന് പ്രത്യാശിക്കാം.
.jpg)

