പെട്രോള്‍ പമ്പില്‍ ജോലി, നാണയം ഉരുക്കിവിറ്റ് പണമുണ്ടാക്കിയ ബുദ്ധിശാലി, ധീരുഭായി അംബാനി വ്യവസായ സാമ്രാജ്യം പടുത്തുയര്‍ത്തിയ കഥ ഇങ്ങനെ

dhirubhai ambani
dhirubhai ambani

റിലയന്‍സ് എന്നോ അംബാനി എന്നോ കേട്ടാല്‍ അറിയാത്ത ഇന്ത്യക്കാര്‍ ചുരുക്കമായിരിക്കും. ഇന്ത്യക്കാര്‍ മാത്രമല്ല ലോകമെമ്പാടും നൂറിലധികം രാജ്യങ്ങളിലായി പരന്നുകിടക്കുന്ന വ്യവസായ സാമ്രാജ്യമാണ് ഇന്ന് റിലയന്‍സ്. മുകേഷ് അംബാനിയുടേയും അനില്‍ അംബാനിയുടേയും പിതാവ് ധീരുഭായ് അംബാനിയാണ് റിലയന്‍സിന് തുടക്കമിട്ടത്. പ്രാഥമിക വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന ഒരു ചെറുപ്പക്കാരന്‍ പതിനാറാം വയസില്‍ ജോലിക്കിറങ്ങുകയും പിന്നീട് വ്യവസായ ലോകത്തിന്റെ അധിപനായി മാറുകയും ചെയ്ത ചരിത്രമാണ് ധീരുഭായ് അംബാനിയുടേത്.

ഗുജറാത്തിലെ ഒരു സ്‌കൂള്‍ അധ്യാപകന്റെ മൂന്നാമത്തെ മകനായി 1932 ഡിസംബര്‍ 28 നാണ് ധീരജ്ലാല്‍ ഹിരാചന്ദ് അംബാനി അല്ലെങ്കില്‍ ധീരുഭായ് അംബാനി ജനിച്ചത്. ഉപജീവനത്തിനായി 16 വയസ്സുള്ളപ്പോള്‍ അംബാനി യെമനിലെ ഏഡനിലേക്ക് താമസം മാറ്റി. ഷെല്‍ ഉല്‍പ്പന്നങ്ങളുടെ വിതരണക്കാരനാകുന്നതിന് മുമ്പ് ഒരു ഡിസ്പാച്ച് ക്ലാര്‍ക്കായി അദ്ദേഹം തന്റെ കരിയര്‍ ആരംഭിച്ചു. പിന്നീട് ഏഡന്‍ തുറമുഖത്തെ ഒരു ഓയില്‍ ഫില്ലിംഗ് സ്റ്റേഷനില്‍ മാനേജരായി സ്ഥാനക്കയറ്റം ലഭിച്ചു.

പെട്രോള്‍ പമ്പില്‍ ജോലി ചെയ്യാന്‍ തുടങ്ങിയ ഒരാള്‍ക്ക് എന്നെങ്കിലും ഒരു നല്ല കാറോ ബൈക്കോ സ്വന്തമാക്കാന്‍ ആഗ്രഹമുണ്ടായിരിക്കാം. എന്നാല്‍ ധീരുഭായ് അംബാനിയുടെ സ്വപ്നങ്ങള്‍ വളരെ വലുതായിരുന്നു.

യെമനിലെ പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുമ്പോള്‍ സാധാരണ ചായക്കടകള്‍ക്ക് പകരം ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ ചായ കുടിക്കുമായിരുന്നു. ഇത് അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചു എന്നുപറയാം. ചായയുടെ വില നാലരട്ടി ആണെങ്കിലും ചായ കുടിക്കുന്നതിനിടയില്‍ ഹോട്ടലുകളില്‍ പലപ്പോഴും കണ്ടുമുട്ടുന്ന വ്യവസായികളുടെ സംഭാഷണങ്ങള്‍ അദ്ദേഹം ശ്രദ്ധിക്കും. തല്‍ഫലമായി, ബിസിനസുകള്‍ എങ്ങനെ നടത്തപ്പെടുന്നു എന്നതിനെക്കുറിച്ച് അദ്ദേഹത്തിന് മികച്ച ഉള്‍ക്കാഴ്ച ലഭിച്ചു.

അക്കാലത്ത് യമന്‍ റിയാല്‍ നാണയത്തില്‍ ശുദ്ധമായ വെള്ളി അടങ്ങിയിട്ടുണ്ടായിരുന്നു. ഈ നാണയങ്ങള്‍ ഉരുക്കിവിറ്റാല്‍ നാണയത്തിനുള്ള വിലയേക്കാള്‍ കൂടുതല്‍ ലാഭം കൊയ്യാമെന്ന ബുദ്ധിയില്‍ നിന്നാണ് ധീരുഭായ് അംബാനിയിലെ വ്യവസായി ജനിക്കുന്നത്. ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ റിയാലിന് ഉയര്‍ന്ന ഡിമാന്‍ഡ് മനസ്സിലാക്കുകയും അവ മൊത്തമായി വാങ്ങി നാണയങ്ങള്‍ ഉരുക്കി, വെള്ളി ലണ്ടനിലെ ബുള്ളിയന്‍ വ്യാപാരികള്‍ക്ക് വില്‍ക്കുകയും ചെയ്തു. 3 മാസം കൊണ്ട് നിര്‍ത്തിയെങ്കിലും ഈ ഇടപാടില്‍ ഏതാനും ലക്ഷം രൂപ സമ്പാദിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. പിന്നീട് ഇന്ത്യയില്‍ തിരിച്ചെത്തി വ്യവസായം തുടങ്ങാനുള്ള മൂലധനം ലഭിക്കുന്നത് ഈ കച്ചവടത്തിലൂടെയായിരുന്നു.

1958-ല്‍ അദ്ദേഹം യെമനിലെ ജോലി ഉപേക്ഷിച്ച് മുംബൈയിലേക്ക് മാറി. 15,000 രൂപ നിക്ഷേപിച്ച അദ്ദേഹം തന്റെ ബിസിനസ് പങ്കാളിയായ ചമ്പക്ലാല്‍ ദമാനിയോടൊപ്പം സുഗന്ധവ്യഞ്ജനങ്ങളില്‍ വ്യാപാരം ആരംഭിച്ചു. കുറച്ച് വര്‍ഷങ്ങള്‍ ബിസിനസ്സ് നന്നായി നടന്നു. ബിസിനസ് കൂടുതല്‍ വിപുലമാക്കാന്‍ അംബാനി ആഗ്രഹിച്ചു. ദമാനി ഇതിന് വിസമ്മതിച്ചപ്പോള്‍, അംബാനി തന്റെ പങ്കാളിത്തം അവസാനിപ്പിക്കുകയും 1966-ല്‍ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കുകയും ചെയ്തു. റിലയന്‍സ് കൊമേഴ്സ്യല്‍ കോര്‍പ്പറേഷന്‍ എന്നാണ് ഈ ബിസിനസ്സിന്റെ പേര്, ഇന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നറിയപ്പെടുന്നു. 20 ലക്ഷത്തോളം ആസ്തി മൂല്യമുള്ളതാണ് ഇന്ന് റിലയന്‍സ്.

1964-ല്‍ റിലയന്‍സ് ടെക്‌സ്‌റ്റൈല്‍സ് സ്ഥാപിച്ച് വിമല്‍ എന്ന ബ്രാന്‍ഡ് നാമത്തില്‍ വില്‍പ്പന ആരംഭിച്ചു. ലോകബാങ്ക് ബ്രാന്‍ഡിനെ മികച്ച പോളിസ്റ്റര്‍ ക്ലോത്ത് എന്ന് അഭിനന്ദിച്ചതോടെ അത് വന്‍ വിജയമാവുകയും ചെയ്തു. ധീരുഭായ് 1970-കളിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് സ്ഥാപിച്ചത്.

ഇന്ത്യയില്‍ ഇക്വിറ്റി കള്‍ട്ട് ആരംഭിച്ചതിന്റെ ബഹുമതി ധീരുഭായ് അംബാനിക്കാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 58,000-ലധികം നിക്ഷേപകര്‍ 1977-ല്‍ റിലയന്‍സിന്റെ ഐപിഒ സബ്സ്‌ക്രൈബുചെയ്തു. തന്റെ കമ്പനിയുടെ ഓഹരിയുടമകളാകുന്നവര്‍ ഭാവിയില്‍ കോടീശ്വരന്മാരാകുമെന്ന ഉറപ്പ് നല്‍കാന്‍ ധീരുഭായിക്ക് കഴിഞ്ഞു.

വിപണിയും തന്റെ കഴിവുകളും മനസ്സിലാക്കി കണക്കുകൂട്ടിയ റിസ്‌കുകള്‍ എടുത്ത ആളാണ് ധീരുഭായ് അംബാനി. അദ്ദേഹം ജനങ്ങളുടെ വിശ്വാസം നേടി. ഇത് അദ്ദേഹത്തെ ഏറ്റവും വിജയകരമായ ബിസിനസുകാരില്‍ ഒരാളാക്കി. ഇന്ന്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഒരു ഓയില്‍-ടു-ടെലികോം ശൃംഘലയാണ്. വിപണി മൂലധനത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയാണിത്.

2002 ല്‍ ധീരുഭായ് അംബാനി അന്തരിച്ചു. മുകേഷ് അംബാനി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി, അനില്‍ അംബാനി വൈസ് ചെയര്‍മാനുമായി. എല്ലാം നന്നായി മുന്നോട്ടുപോകവെ സമ്പത്തിന്റെ അവകാശത്തിനായി തര്‍ക്കമുണ്ടായി. ഒരു വലിയ കലഹത്തിനുശേഷം, അവരുടെ അമ്മ കോകിലാബെന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ രണ്ട് ഭാഗങ്ങളായി വിഭജിക്കാന്‍ കരാര്‍ ഒപ്പിട്ടു.

2005 ജൂണ്‍ 18-ന് പെട്രോകെമിക്കല്‍സ്, ഓയില്‍ & ഗ്യാസ് പര്യവേക്ഷണം, ശുദ്ധീകരണം, തുണിത്തരങ്ങള്‍ എന്നിവയുള്‍പ്പെടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് മുകേഷ് അംബാനിയിലേക്ക് പോയി. അതേസമയം, സാമ്പത്തിക സേവന ബിസിനസ്സ്, പവര്‍, വിനോദം, ടെലികമ്മ്യൂണിക്കേഷന്‍ എന്നിവ അനില്‍ അംബാനിക്ക് ലഭിച്ചു.

മുകേഷ് തന്റെ ബിസിനസ് പുതിയ ഉയരങ്ങളിലെത്തിച്ചപ്പോള്‍ അനില്‍ അംബാനി പാപ്പരായി. മുകേഷ് അംബാനി ഇന്ന് ലോകത്തിലെ ഏറ്റവും സമ്പന്നരായ പത്ത് ബിസിനസുകാരില്‍ ഒരാളാണ്. നിലവില്‍, ഇഷ അംബാനി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ റീട്ടെയില്‍ ലെഗ് നടത്തുന്നു, ടെലികോം ബിസിനസ്സിന്റെ തലവന്‍ ആകാശ് അംബാനിയാണ്. റിലയന്‍സ് ജിയോ, കമ്പനിയുടെ പുതിയ ഗ്രീന്‍ എനര്‍ജി ബിസിനസിന്റെ ചുമതല അനന്ത് അംബാനിയാണ്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇന്ത്യയിലെ മിക്കവാറും എല്ലാ മേഖലകളിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്. റീട്ടെയില്‍, ഇലക്ട്രോണിക്സ്, ഇ-കൊമേഴ്സ്, ഓയില്‍ ആന്‍ഡ് ഗ്യാസ്, മീഡിയ, ഹെല്‍ത്ത് കെയര്‍, ഓണ്‍ലൈന്‍ വിദ്യാഭ്യാസം, വാലറ്റുകളും പേയ്മെന്റുകളും, വീഡിയോ കോണ്‍ഫറന്‍സിംഗ്, ടെലികോം, മ്യൂസിക് സ്ട്രീമിംഗ് എന്നിവയും പട്ടികയില്‍ ഉള്‍പ്പെടുന്നു.

 

Tags