ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികള്‍ താമസിക്കുന്നത് മാടുകളെപ്പോലെ, ഇതോ വികസിത ഇന്ത്യയുടെ വിദ്യാഭ്യാസത്തിന്റെ അവസ്ഥ
കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും ഹോസ്റ്റല്‍ നിര്‍മ്മാണം, സുരക്ഷാ പരിശോധന, നിയന്ത്രണം എന്നിവയില്‍ കടുത്ത വീഴ്ചയുണ്ട്.
ന്യൂഡല്‍ഹി: ഡല്‍ഹി യൂണിവേഴ്സിറ്റിയുടെ സൗത്ത് ക്യാമ്പസിന് സമീപം സത്യനികേതനിലെ അഞ്ചുനില കെട്ടിടം തകര്‍ന്നുവീണപ്പോള്‍, അതിനടിയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളുടെ നിലവിളി മാത്രമല്ല കേട്ടത്. ദശാബ്ദങ്ങളായി തുടരുന്ന ഒരു ദുരന്തത്തിന്റെ ശബ്ദമാണ് ഉയര്‍ന്നത്.
ഹോസ്റ്റല്‍ ഡേസ് എന്ന പേരില്‍ പ്രവര്‍ത്തിച്ച പേയിങ് ഗസ്റ്റ് (പിജി) അക്കമോഡേഷന്‍ തകര്‍ന്നപ്പോള്‍ ഒട്ടേറെ വിദ്യാര്‍ത്ഥികള്‍ അതിനകത്തുണ്ടായിരുന്നു. പലരും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി. ഇത് ഒറ്റപ്പെട്ട അപകടമല്ല. വിദ്യാര്‍ഥികളുടെ താമസസൗകര്യം പതിറ്റാണ്ടുകളായി അവഗണിക്കപ്പെടുന്നതിന്റെ ഭീകരമായ തെളിവാണ്.
ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ മൂന്ന് ലക്ഷത്തിലധികം വിദ്യാര്‍ഥികളുണ്ട്. എന്നാല്‍, ഹോസ്റ്റല്‍ സീറ്റുകള്‍ ഏകദേശം നാലായിരം മാത്രം. ബാക്കിയുള്ളവര്‍ സ്വകാര്യ പിജികളിലേക്ക് തള്ളപ്പെടുന്നു. സത്യനികേതനും സമാന പ്രദേശങ്ങളും ഈ ആവശ്യത്തിന്റെ കേന്ദ്രങ്ങളായി മാറി. ഇടുങ്ങിയ മുറികളില്‍ രണ്ടോ മൂന്നോ പേര്‍ ഒരുമിച്ച്, വായുസഞ്ചാരം കുറഞ്ഞ, സുരക്ഷയില്ലാത്ത കെട്ടിടങ്ങളില്‍ താമസിക്കുന്നു. പ്രതിമാസം 12,000-15,000 രൂപയോ അതിലധികമോ ആണ് വാടക. ചില സ്ഥലങ്ങളില്‍ ഒരു നിലയില്‍ പത്തോളം കിടക്കകള്‍. മാടുകളെപ്പോലെ ഇടുങ്ങിയ ഇടങ്ങളില്‍ തളച്ചിട്ട അവസ്ഥ. ഇത് പുതിയതല്ല. പതിറ്റാണ്ടുകളായി ഇതാണ് അവസ്ഥ.
തകര്‍ന്നുവീണ കെട്ടിടം 50 വര്‍ഷത്തോളം പഴക്കമുള്ളതായിരുന്നു. അനധികൃതമായി നിലകള്‍ കൂട്ടിച്ചേര്‍ത്തു, ബേസ്മെന്റില്‍ പണി നടത്തി, അടിത്തറ ദുര്‍ബലമായി. മഴവെള്ളം കെട്ടിനിന്നു. അടിയന്തര നിര്‍ഗമന മാര്‍ഗങ്ങളില്ല. പരിശോധനകള്‍ നടക്കാത്ത, നിയമങ്ങള്‍ ലംഘിക്കപ്പെടുന്ന, ലാഭത്തിനായി വിദ്യാര്‍ഥികളെ ഇടുങ്ങിയ മുറികളില്‍ തളച്ചിടുന്ന സംവിധാനം. യൂണിവേഴ്സിറ്റി ഹോസ്റ്റലുകള്‍ അപര്യാപ്തമായതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് മറ്റ് മാര്‍ഗവുമില്ല.
വികസിത ഇന്ത്യയുടെ പ്രഖ്യാപനങ്ങള്‍ നടക്കുമ്പോള്‍, രാജ്യത്തിന്റെ പ്രധാന സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ അവസ്ഥ ഇതാണ്. വിദ്യാഭ്യാസം മുന്‍ഗണനയാണെന്ന് പറയുമ്പോള്‍, അടിസ്ഥാന താമസസൗകര്യം ഉറപ്പാക്കാന്‍ പോലും കഴിയുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും ഹോസ്റ്റല്‍ നിര്‍മ്മാണം, സുരക്ഷാ പരിശോധന, നിയന്ത്രണം എന്നിവയില്‍ കടുത്ത വീഴ്ചയുണ്ട്. പതിറ്റാണ്ടുകളായി ഈ പ്രശ്‌നം നിലനില്‍ക്കുമ്പോഴും ഫലപ്രദമായ ഇടപെടലില്ല.
വിദൂര സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നു. മോട്ടിലാല്‍ നെഹ്റു, ആത്മാറാം സനാതന്‍ ധര്‍മ്മ, ശ്രീ വെങ്കിടേശ്വര തുടങ്ങിയ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് താമസ സൗകര്യം ഇടുങ്ങിയ ഗലികളിലെ കെട്ടിടങ്ങളിലും മറ്റുമാണ്.
ഉന്നതവിദ്യാഭ്യാസത്തിന്റെ കേന്ദ്രത്തില്‍ തന്നെ വിദ്യാര്‍ഥികള്‍ മാടുകളെപ്പോലെ തളച്ചിടപ്പെടുകയും, അവരുടെ ജീവന്‍ അപകടത്തിലാകുകയും ചെയ്യുമ്പോള്‍, വികസനത്തിന്റെ അടിസ്ഥാനം എവിടെയാണ്? ഹോസ്റ്റല്‍ സീറ്റുകള്‍ വര്‍ധിപ്പിക്കുക, നിലവിലുള്ള പിജികളുടെ സുരക്ഷാ പരിശോധന നിര്‍ബന്ധമാക്കുക, അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുക, യൂണിവേഴ്സിറ്റി തലത്തില്‍ ഉത്തരവാദിത്തം ഉറപ്പാക്കുക ഇവയൊന്നും ഇതുവരെ ഫലപ്രദമായി നടപ്പിലാക്കിയിട്ടില്ല.
വിദ്യാര്‍ഥികളുടെ ജീവന് വിലയില്ലാത്തതായി കാണുന്ന നിഷ്‌ക്രിയത തുടരരുത്. സര്‍ക്കാരും സര്‍വകലാശാലയും ഉടന്‍ ദീര്‍ഘകാല പരിഹാരങ്ങള്‍ കണ്ടെത്തണം. വികസിത ഇന്ത്യയുടെ വിദ്യാഭ്യാസം വിദ്യാര്‍ഥികളുടെ സുരക്ഷയും അന്തസ്സും ഉറപ്പാക്കുന്നതായിരിക്കണം.
.jpg)

