ഡല്‍ഹി മദ്യനയ കേസ്, ആദ്യം അറസ്റ്റിലായ അരബിന്ദോ ഫാര്‍മ ഡയറക്ടര്‍ ശരത് റെഡ്ഡിയില്‍ നിന്നും ബിജെപി വാങ്ങിയത് 34.5 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ട്, അറസ്റ്റിന് പിന്നാലെ സംഭാവന, ഇപ്പോള്‍ മാപ്പുസാക്ഷി


ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിലേക്ക് നയിച്ച ഡല്‍ഹി മദ്യനയക്കേസില്‍ ആദ്യം അറസ്റ്റിലായ അരബിന്ദോ ഫാര്‍മ ഡയറക്ടര്‍ ശരത് റെഡ്ഡിയില്‍ നിന്നും കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് കിട്ടിയത് 34.5 കോടി രൂപ. കഴിഞ്ഞദിവസം ഇലക്ഷന്‍ കമ്മീഷന്‍ പുറത്തുവിട്ട രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. വമ്പന്‍ തുക സംഭാവന ലഭിച്ചതോടെ ഇയാളെ മാപ്പുസാക്ഷിയാക്കുകയും ചെയ്തു.
tRootC1469263">ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായിയായ പി ശരത് ചന്ദ്ര റെഡ്ഡി അരബിന്ദോ ഫാര്‍മ ലിമിറ്റഡിന്റെ ഡയറക്ടര്‍മാരില്‍ ഒരാളാണ്. ശരത് ചന്ദ്ര റെഡ്ഡിയുടെ പിതാവ് പി വി രാം പ്രസാദ് റെഡ്ഡിയാണ് കമ്പനി സ്ഥാപിച്ചത്. 2022 നവംബര്‍ 10 ന് മദ്യ കുംഭകോണ കേസുമായി ബന്ധപ്പെട്ട് ശരത് ചന്ദ്ര റെഡ്ഡിയെ ഇഡി അറസ്റ്റ് ചെയ്തു. സ്ഥാപനത്തിന്റെ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് റെഡ്ഡി.

അറസ്റ്റിന് തൊട്ടുപിന്നാലെ നവംബര്‍ 15 ന് അദ്ദേഹത്തിന്റെ കമ്പനിയായ അരബിന്ദോ ഫാര്‍മ 5 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങി. എല്ലാ ബോണ്ടുകളും 2022 നവംബര്‍ 21 ന് ബിജെപി എന്‍ക്യാഷ് ചെയ്തു.
അറസ്റ്റ് ചെയ്ത് ഏഴ് മാസത്തിന് ശേഷം, 2023 ജൂണില്‍ ശരത് ചന്ദ്ര റെഡ്ഡി കേസില്‍ മാപ്പുസാക്ഷിയായി. 2023 നവംബറില്‍ അരബിന്ദോ ഫാര്‍മ ബിജെപിക്ക് 25 കോടി രൂപ കൂടി നല്‍കി. മൊത്തത്തില്‍, സ്ഥാപനം 52 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങി. ഇതില്‍ 34.5 കോടി ബിജെപിക്കും 15 കോടി ഭാരത് രാഷ്ട്ര സമിതിക്കും (ബിആര്‍എസ്) 2.5 കോടി തെലുങ്കുദേശം പാര്‍ട്ടിക്കും (ടിഡിപി) ലഭിച്ചു. ശരത് റെഡ്ഡിയുടെ കേസ് ഡല്‍ഹി ഹൈക്കോടതിയില്‍ ജാമ്യത്തിനായി എത്തിയപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജാമ്യത്തെ എതിര്‍ത്തിരുന്നില്ല.
തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യാഴാഴ്ച ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട പ്രത്യേക നമ്പറുകള്‍ പുറത്തുവിട്ടതോടെയാണ് ഓരോ കമ്പനിയും ഏതു രാഷ്ട്രീയ പാര്‍ട്ടിക്കാണ് സംഭാവന നല്‍കിയതെന്ന വിവരം പുറത്തുവന്നത്. അന്നേദിവസം തന്നെ കെജ്രിവാളിനെ അറസ്റ്റ് ചെയ്തതോടെ ഇക്കാര്യം മാധ്യമങ്ങളില്‍ നിന്നും അകറ്റാനും ബിജെപിക്ക് സാധിച്ചു.