ദുബൈയിൽ നിന്ന് ഐഫോണുമായി നാട്ടിലെത്തിയാൽ കസ്റ്റംസ് തീരുവ നൽകണോ? പ്രവാസികൾ അറിഞ്ഞിരിക്കണം ഈ കാര്യങ്ങൾ
വിദേശത്തുനിന്ന് നാട്ടിലെത്തുന്ന യാത്രക്കാരുടെ ബാഗേജുമായി ബന്ധപ്പെട്ട നിയമങ്ങളിൽ പ്രധാനപ്പെട്ട മാറ്റം വന്നത് 2026 ഫെബ്രുവരി രണ്ടിനാണ്. കേന്ദ്ര ധനമന്ത്രാലയം വിജ്ഞാപനം ചെയ്ത പുതിയ ബാഗേജ് ചട്ടങ്ങൾ, പത്ത് വർഷമായി നിലനിന്നിരുന്ന 2016ലെ ചട്ടങ്ങൾക്ക് പകരമായാണ് പ്രാബല്യത്തിൽ വന്നത്.
ദുബൈയിൽനിന്ന് കൊച്ചിയിലേക്ക് വിമാനമിറങ്ങുന്ന ഒരു പ്രവാസി. കൈയിൽ പുതിയ ഐഫോൺ. സ്വന്തം സിം കാർഡ് ഇട്ടിട്ടുണ്ട്. യാത്രയ്ക്കിടയിലും ഫോൺ ഉപയോഗിച്ചു. എന്നാൽ വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയ്ക്കിടെ ചോദ്യം ഉയരുന്നു. ഫോൺ എവിടെനിന്ന് വാങ്ങി? വില എത്രയാണ്? തീരുവ അടയ്ക്കണം!
ഇത്തരമൊരു സാഹചര്യം ഉണ്ടായാൽ യാത്രക്കാരൻ എന്തുചെയ്യണം? സ്വന്തം ആവശ്യത്തിനായി കൊണ്ടുവരുന്ന ഫോണിനും കസ്റ്റംസ് തീരുവ നൽകേണ്ടിവരുമോ? 2026 ഫെബ്രുവരിയിൽ പ്രാബല്യത്തിൽ വന്ന പുതിയ ബാഗേജ് ചട്ടങ്ങൾ എന്താണ് പറയുന്നത്? പ്രവാസികൾ മാത്രമല്ല, വിദേശത്തുനിന്ന് വിലകൂടിയ ഇലക്ട്രോണിക് ഉപകരണങ്ങളുമായി നാട്ടിലെത്തുന്ന എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണിവ.
വിദേശത്തുനിന്ന് നാട്ടിലെത്തുന്ന യാത്രക്കാരുടെ ബാഗേജുമായി ബന്ധപ്പെട്ട നിയമങ്ങളിൽ പ്രധാനപ്പെട്ട മാറ്റം വന്നത് 2026 ഫെബ്രുവരി രണ്ടിനാണ്. കേന്ദ്ര ധനമന്ത്രാലയം വിജ്ഞാപനം ചെയ്ത പുതിയ ബാഗേജ് ചട്ടങ്ങൾ, പത്ത് വർഷമായി നിലനിന്നിരുന്ന 2016ലെ ചട്ടങ്ങൾക്ക് പകരമായാണ് പ്രാബല്യത്തിൽ വന്നത്.
പുതിയ ചട്ടപ്രകാരം, പതിനെട്ട് വയസ്സ് തികഞ്ഞ് വിമാനമാർഗമോ കപ്പൽമാർഗമോ ഇന്ത്യയിലെത്തുന്ന ഇന്ത്യൻ താമസക്കാർക്കും ഇന്ത്യൻ വംശജരായ യാത്രക്കാർക്കും സാധുവായ നോൺ ടൂറിസ്റ്റ് വിസയുള്ള വിദേശികൾക്കും 75,000 രൂപ വരെയുള്ള സാധനങ്ങൾ തീരുവയില്ലാതെ കൊണ്ടുവരാം. നേരത്തേ ഈ പരിധി 50,000 രൂപയായിരുന്നു. വിദേശ ടൂറിസ്റ്റുകൾക്കുള്ള പരിധി 15,000 രൂപയിൽനിന്ന് 25,000 രൂപയായും ഉയർത്തി. എന്നാൽ കരമാർഗം ഇന്ത്യയിലെത്തുന്നവർക്ക് ഈ പൊതുവായ ഇളവ് ബാധകമല്ല.
ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. പതിനെട്ട് വയസ്സ് കഴിഞ്ഞ യാത്രക്കാർക്ക്, വിമാനജീവനക്കാരെ ഒഴികെ, പൊതുവായ തീരുവയിളവിന് പുറമേ ഒരു പുതിയ ലാപ്ടോപ്പ് കൂടി തീരുവയില്ലാതെ കൊണ്ടുവരാം. എന്നാൽ മൊബൈൽ ഫോണിന് സമാനമായ പ്രത്യേക ഇളവ് ചട്ടത്തിൽ നൽകിയിട്ടില്ല.അപ്പോഴാണ് പ്രധാന ചോദ്യം ഉയരുന്നത്. സ്വന്തം ഉപയോഗത്തിനായി കൊണ്ടുവരുന്ന ഐഫോണിനും തീരുവ നൽകേണ്ടിവരുമോ?
ദൈനംദിന ഉപയോഗത്തിലുള്ള സ്വകാര്യ വസ്തുക്കൾ യാത്രക്കാരന് തീരുവയില്ലാതെ കൊണ്ടുവരാമെന്ന് ചട്ടങ്ങൾ പറയുന്നു. 75,000 രൂപയുടെ പൊതു ഇളവ് അതിൽനിന്ന് വേറെയാണ്. ആ 75,000 ഓരോ ഉപകരണത്തിനുമുള്ള പ്രത്യേക ഇളവല്ല, കൊണ്ടുവരുന്ന സാധനങ്ങൾക്കാകെയുള്ള പരിധിയാണ്. അതുകൊണ്ട് ഒരു ചോദ്യമാണ് പ്രസക്തം: ഇത് യാത്രക്കാരൻ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സാധനമാണോ, അതോ വിദേശത്തുനിന്ന് കൊണ്ടുവരുന്ന പുതിയ ചരക്കാണോ?
വർഷങ്ങളായി ഉപയോഗിക്കുന്ന ഫോണുമായി നാട്ടിലെത്തുന്ന ആളും, ദുബൈയിൽനിന്ന് ഇന്നലെ വാങ്ങിയ ഫോൺ പെട്ടി പൊട്ടിക്കാതെ കൊണ്ടുവരുന്ന ആളും, വിൽക്കാൻ പത്ത് ഫോണുമായി വരുന്ന ആളും ഒരേ വിഭാഗത്തിൽ വരുന്നില്ല.
എങ്കിലും പുതിയതാണോ പഴയതാണോ എന്നത് മാത്രമല്ല മാനദണ്ഡം. ഉപകരണങ്ങളുടെ എണ്ണം, വാങ്ങിയ സാഹചര്യം, വാണിജ്യ ഉദ്ദേശ്യത്തിന്റെ സൂചനകൾ എന്നിവയും പരിഗണിക്കപ്പെടും. സിം ഇട്ടിട്ടുണ്ടെന്നതും ഫോൺ പ്രവർത്തിക്കുന്നുണ്ടെന്നതും വ്യക്തിഗത ഉപയോഗത്തിന്റെ സൂചനകളാണ്, നിയമപരമായ ഉറപ്പല്ല. പാക്കിങ് പൊട്ടിച്ചിട്ടില്ല എന്നതുകൊണ്ട് മാത്രം അത് വിൽപ്പനച്ചരക്കാകുന്നുമില്ല.
ഒരു കാര്യം വ്യക്തമാണ്. പൊതു ഇളവിന് പുറത്തുനിർത്തിയിട്ടുള്ള വസ്തുക്കളുടെ പട്ടികയിൽ മൊബൈൽ ഫോൺ ഇല്ല. തോക്കുകൾ, അമ്പതിലധികം വെടിയുണ്ടകൾ, നൂറിലധികം സിഗരറ്റ്, രണ്ട് ലിറ്ററിലധികം മദ്യം, ആഭരണമല്ലാത്ത സ്വർണവും വെള്ളിയും, ടെലിവിഷൻ എന്നിവയാണ് ആ പട്ടികയിലുള്ളത്.
യാത്രക്ക് മുമ്പ് ചില കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കണം. വിലകൂടിയ ഉപകരണവുമായി നാട്ടിലേക്ക് പോകുന്നവർക്ക് നാല് കാര്യങ്ങൾ. പുതുതായി വാങ്ങിയ സാധനമാണെങ്കിൽ ഇൻവോയ്സും പേയ്മെന്റ് രേഖയും കൈയിൽ വയ്ക്കുക. ഒന്നിലധികം പുതിയ ഫോണുകൾ കൊണ്ടുപോകുന്നുണ്ടെങ്കിൽ പരിധികൾ നേരത്തേ നോക്കുക. തീരുവ ചോദിച്ചാൽ ചട്ടവും മൂല്യനിർണയവും ചോദിക്കുക. സാധനം തടഞ്ഞാൽ രസീത് വാങ്ങുക, തർക്കമുണ്ടെങ്കിൽ ബന്ധപ്പെട്ട കസ്റ്റംസ് അധികാരിയെ സമീപിക്കുക. യാത്രയ്ക്ക് മുമ്പ് സിബിഐസിയുടെ അന്താരാഷ്ട്ര യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ ഒന്ന് നോക്കുന്നതും നല്ലതാണ്.
.jpg)


