പാഠ്യപദ്ധതി പരിഷ്‌കരണ പ്രഖ്യാപനം, ആര്‍എസ്എസ് സിലബസ് നടപ്പാക്കാനുള്ള നീക്കമോ, പിഎംശ്രീ ഫണ്ട് കിട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ ബിജെപിക്ക് വഴങ്ങുകയാണോ?
പിഎംശ്രീ നടപ്പാക്കുന്നകാര്യം പരിശോധിക്കുകയാണെന്ന് ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചശേഷം മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞിരുന്നു. എന്നാല്‍, പാഠ്യപദ്ധതി പരിഷ്‌കരണ നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്ന് വി ശിവന്‍കുട്ടി വ്യക്തമാക്കി.
തിരുവനന്തപുരം: പിഎംശ്രീ ഫണ്ടിനായി സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്‌കരിക്കാന്‍ ശ്രമം ആരംഭിച്ചെന്ന ആരോപണവുമായി മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പിഎംശ്രീ നടപ്പാക്കുന്നകാര്യം പരിശോധിക്കുകയാണെന്ന് ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചശേഷം മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞിരുന്നു. എന്നാല്‍, പാഠ്യപദ്ധതി പരിഷ്‌കരണ നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്ന് വി ശിവന്‍കുട്ടി വ്യക്തമാക്കി.
വി ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്,
കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കാനുള്ള ഗൂഢനീക്കം അനുവദിക്കില്ല
കേരള സിലബസ് കാലഹരണപ്പെട്ടതാണെന്നും അത് അടിമുടി മാറ്റണമെന്നും ഉള്ള മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസ്താവന അങ്ങേയറ്റം ദൗര്‍ഭാഗ്യകരവും വസ്തുതകള്‍ക്ക് നിരക്കാത്തതുമാണ്. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല കൈവരിച്ച ചരിത്രപരമായ നേട്ടങ്ങളെയും, ശാസ്ത്രീയമായ പാഠ്യപദ്ധതി പരിഷ്‌കരണത്തെയും അധിക്ഷേപിക്കുന്നതാണ് ഈ പ്രസ്താവന. ഏത് അടിസ്ഥാനത്തിലാണ് സിലബസ് കാലഹരണപ്പെട്ടതെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറാകണം.
ഒരു വ്യാഴവട്ടക്കാലത്തെ ഇടവേളയ്ക്ക് ശേഷം, രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് കേരളം സമഗ്രമായ പാഠ്യപദ്ധതി പരിഷ്‌കരണം നടപ്പിലാക്കിയത്. ഒന്നു മുതല്‍ പത്തുവരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങള്‍ പൂര്‍ണമായും മാറ്റി എഴുതി. പതിനൊന്നാം ക്ലാസില്‍ പുതിയ പാഠപുസ്തകങ്ങള്‍ ഈ വര്‍ഷം മുതല്‍ പഠനം തുടങ്ങി, പന്ത്രണ്ടാം ക്ലാസില്‍ അടുത്ത വര്‍ഷവും ഇത് നിലവില്‍ വരും. വ്യാപകമായ ജനകീയ ചര്‍ച്ചകളിലൂടെയും, ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായങ്ങള്‍ ആരായുകയും ചെയ്തുകൊണ്ട് രൂപകല്‍പ്പന ചെയ്തതാണ് ഈ പാഠ്യപദ്ധതി. ആ ഘട്ടത്തില്‍, വികസനാത്മകമായ ഒരു നിര്‍ദ്ദേശം പോലും നല്‍കാന്‍ തയ്യാറാകാതിരുന്ന പ്രതിപക്ഷ നേതാവ് ആയിരുന്ന വി ഡി സതീശന്‍, ഇന്ന് അതിനെ തള്ളിപ്പറയുന്നത് രാഷ്ട്രീയമായ പാപ്പരത്തമാണ്.
തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനും കലാ-കായിക പരിപോഷണത്തിനും ഊന്നല്‍ നല്‍കി, 243 സ്‌കില്‍ സെന്ററുകള്‍ സംസ്ഥാനത്തുടനീളം സ്ഥാപിച്ചത് നമ്മുടെ കുട്ടികള്‍ ആധുനിക തൊഴില്‍ ലോകത്തേക്ക് സജ്ജരാകാനാണ്. ഇതെല്ലാം അറിഞ്ഞുകൊണ്ട് തന്നെ, ഇത്തരം അവാസ്തവങ്ങള്‍ പ്രചരിപ്പിക്കുന്നത് ദേശീയ വിദ്യാഭ്യാസ നയം കേരളത്തില്‍ അടിച്ചേല്‍പ്പിക്കാനുള്ള കുറുക്കുവഴിയാണ്.
അന്ധവിശ്വാസങ്ങളും അശാസ്ത്രീയതകളും നിറഞ്ഞുനില്‍ക്കുന്ന ദേശീയ വിദ്യാഭ്യാസ നയം കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കും. പതിറ്റാണ്ടുകള്‍ കൊണ്ട് കേരളം കെട്ടിപ്പടുത്ത വിദ്യാഭ്യാസ സംസ്‌കാരം ഇല്ലാതാക്കാനേ ഇത് ഉപകരിക്കൂ. ദേശീയ വിദ്യാഭ്യാസ നയം അടിച്ചേല്‍പ്പിക്കും എന്ന ഘട്ടത്തിലാണ് പി എം ശ്രീ പദ്ധതി സംബന്ധിച്ച കരാര്‍ മരവിപ്പിക്കാന്‍ കേരളം തയ്യാറായത്. എന്നാല്‍, പ്രധാനമന്ത്രിയുമായും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായും നടത്തിയ കൂടിക്കാഴ്ചകള്‍ക്ക് ശേഷം സതീശന്‍ നടത്തുന്ന ഈ വെളിപാട് അതീവ ഗൗരവകരമാണ്.
നവോത്ഥാന മൂല്യങ്ങളില്‍ അധിഷ്ഠിതമായ നമ്മുടെ പൊതുവിദ്യാഭ്യാസത്തെ തകര്‍ത്ത്, കാവിവല്‍ക്കരണത്തിന് വഴിയൊരുക്കാനുള്ള ഏത് നീക്കത്തെയും പുരോഗമന കേരളം ചെറുത്തുതോല്‍പ്പിക്കും. വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയുള്ള മുസ്ലിം ലീഗിന്റെ മന്ത്രിക്ക് ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളതെന്ന് അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. കേരളത്തിന്റെ വിദ്യാഭ്യാസ മാതൃകയെ സംരക്ഷിക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം ഞങ്ങള്‍ തുടരുക തന്നെ ചെയ്യും.
.jpg)

