മൃഗങ്ങള്‍ക്കുവേണ്ടി കണ്ണീര്‍ കുറിപ്പെഴുതും, സാക്ഷി മാലിക്കിന് വേണ്ടി ഒരക്ഷരം മിണ്ടാതെ ക്രിക്കറ്റ് താരങ്ങള്‍, ജയ് ഷായെ ഭയമോ?

Sakshi Malik
Sakshi Malik

 

ന്യൂഡല്‍ഹി: ഇന്ത്യയുടെ അഭിമാന പുത്രിയായ ഗുസ്തി താരം സാക്ഷി മാലിക് കണ്ണീരോടെ ബൂട്ടഴിച്ചുവെച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഒരക്ഷരം മിണ്ടാതെ ക്രിക്കറ്റ് താരങ്ങള്‍. മൃഗങ്ങള്‍ക്കുവേണ്ടിപ്പോലും തങ്ങളുടെ സോഷ്യല്‍ മീഡിയയില്‍ കണ്ണീര്‍ കുറിപ്പെഴുതുന്ന സൂപ്പര്‍ താരങ്ങളൊന്നും സാക്ഷി മാലിക്കിനുവേണ്ടി പ്രതികരിച്ചില്ലെന്നത് അത്ഭുതകരമാണ്.

2018ലെ റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ അഭിമാനം കാത്ത് ഗുസ്തിയില്‍ വെങ്കലം നേടിയ താരമാണ് സാക്ഷി. ഒരു മെഡല്‍പോലും ഇല്ലാതെ ഇന്ത്യ നാണംകെട്ട് തിരിച്ചുവരേണ്ടിവരുമെന്ന് കരുതിയിടത്ത് സാക്ഷിയുടെ വെങ്കലം രാജ്യത്തിന് നല്‍കിയ അഭിമാനവും ആശ്വാസവും ചെറുതായിരുന്നില്ല. അത്തരമൊരു താരം രാജ്യം ഭരിക്കുന്നവരില്‍ നിന്നും നീതി നിഷേധിക്കപ്പെട്ട് ഗുസ്തി ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചിട്ടും ക്രിക്കറ്റ് താരങ്ങള്‍ മൗനം പാലിക്കുന്നത് വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.

ക്രിക്കറ്റ് താരങ്ങളുടെ കാപട്യമാണ് സാക്ഷി മാലിക്കിനോടുള്ള അവഗണനയിലൂടെ തെളിഞ്ഞുകാണുന്നത്. തങ്ങളുടെ സ്ഥാനം ഉറപ്പിക്കുകയാണ് പ്രഥമ ലക്ഷ്യമെന്നും അതിനിടയില്‍ രാജ്യത്തിന് എന്തു സംഭവിച്ചാലും തങ്ങള്‍ക്കൊന്നുമില്ലെന്നും താരങ്ങള്‍ പറയാതെ പറയുന്നു. രാജ്യത്തെ ഏറ്റവും ജനപ്രിയ കായിക വിനോദം ആയതുകൊണ്ടുതന്നെ ക്രിക്കറ്റ് താരങ്ങളുടെ പിന്തുണ സാക്ഷി മാലിക്കിന് ഏറെ ആശ്വാസകരമാകുമായിരുന്നു.

ഗുസ്തി ഫെഡറേഷന്‍ മുന്‍ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷണിന്റെ ലൈംഗിക പീഡനങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ സമാനതകളില്ലാത്ത സമരം നയിച്ചവരാണ് ഗുസ്തി താരങ്ങള്‍. അടുത്തിടെ നടന്ന ഗുസ്തി ഫെഡറേഷന്‍ തെരഞ്ഞെടുപ്പില്‍ ബ്രിജ്ഭൂഷന്റെ പാവ സ്ഥാനാര്‍ഥി സഞ്ജയ് സിങ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനെതിരെയാണ് സാക്ഷി ഉള്‍പ്പെടെയുള്ള താരങ്ങള്‍ വീണ്ടും പ്രതിഷേധവുമായെത്തിയത്.

ബ്രിജ്ഭൂഷന്റെ അടുപ്പക്കാരെ ഫെഡറേഷന്‍ തലപ്പത്ത് മത്സരിക്കാന്‍ അനുവദിക്കില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പ് ലംഘിക്കപ്പെട്ടു. സര്‍ക്കാരിന്റെ വഞ്ചനയില്‍ മനംമടുത്ത് സാക്ഷി മലിക് ഗുസ്തി അവസാനിപ്പിച്ചതിനുപിന്നാലെ പത്മശ്രീ പുരസ്‌കാരം തെരുവില്‍ ഉപേക്ഷിച്ചാണ് ബജ്റംഗ് പൂനിയ പിന്തുണ നല്‍കിയത്. ബോക്സിങ് താരം വിജേന്ദര്‍ സിങ്, ബജ്റംഗിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. മറ്റൊരു ഗുസ്തി താരമായ വിരേന്ദര്‍ സിങ് പദ്മശ്രീ തിരിച്ചുകൊടുക്കുമെന്ന് പ്രഖ്യാപിച്ചു. കായിക രംഗത്തെ പല പ്രമുഖരും സാക്ഷിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

സാക്ഷി മാലിക്കിനോ പീഡനത്തിന് ഇരയായ ഗുസ്തി താരങ്ങള്‍ക്കോ പിന്തുണ നല്‍കാതെ ക്രിക്കറ്റ് കളിക്കാര്‍ മാറിനില്‍ക്കുന്നത് സ്വന്തം നിലനില്‍പ് ഭയന്നാണെന്ന് സൂചനയുണ്ട്. ബിസിസിഐ സെക്രട്ടറിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനുമായ ജയ് ഷാ തങ്ങള്‍ക്കെതിരെ പ്രതികാര നടപടികള്‍ കൈക്കൊള്ളുമെന്ന ഭയം കളിക്കാര്‍ക്കുണ്ട്.

നേരത്തെ ഡല്‍ഹിയില്‍ നടന്ന ചരിത്ര സമരത്തിന്റെ കാലത്തും ക്രിക്കറ്റ് കളിക്കാര്‍ ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ നല്‍കിയിരുന്നില്ല. അന്ന് 1983ല്‍ ലോകകപ്പ് നേടിയ കപില്‍ ദേവും സഹകളിക്കാരും ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി പിന്തുണ നല്‍കാതെ മാറിനിന്നത് വിവാദമായി. സാക്ഷി മാലിക് വിഷയം ഒരിക്കല്‍ക്കൂടി ഉയര്‍ന്നുവരുമ്പോള്‍ ക്രിക്കറ്റ് കളിക്കാര്‍ മിണ്ടാതിരിക്കുന്നത് ടീമിലെ സ്ഥാനം നഷ്ടമാകുമെന്ന ഭയത്താലും കേന്ദ്ര ഏജന്‍സികളെ ദുരപയോഗം ചെയ്യുമെന്ന ആശങ്കകൊണ്ടുമാണെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം.   

 

Tags