ജമാഅത്തെ ഇസ്ലാമിയും ബിജെപിയും കൈകോര്‍ത്തിട്ടും കുല്‍ഗാമില്‍ അഞ്ചാം തവണയും സിപിഎം, തരിഗാമി നേടിയത് ചരിത്രവിജയം


ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ കുല്‍ഗാം നിയമസഭാ മണ്ഡലത്തില്‍ സിപിഎമ്മിനെ പരാജയപ്പെടുത്താന്‍ ജമാഅത്തെ ഇസ്ലാമിയും ബിജെപിയും കൈകോര്‍ത്തിട്ടും ജയം മുഹമ്മദ് യൂസഫ് തരിഗാമിക്കൊപ്പം. തുടര്‍ച്ചയായ അഞ്ചാം വിജയത്തില്‍ തരിഗാമി 7,838 വോട്ടിന്റെ ഭൂരിപക്ഷം നേടി. തരിഗാമിക്ക് 33,634 വോട്ടും സ്വതന്ത്ര വേഷംകെട്ടിയ ജമാഅത്തെ ഇസ്ലാമി നേതാവ് സയര്‍ അഹമ്മദ് റെഷിക്ക് 25,796 വോട്ടും ലഭിച്ചു
ഇവിടെ സിപിഎമ്മിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വര്‍ഗീയ പ്രചരണമാണ് ജമാഅത്തെ ഇസ്ലാമി അഴിച്ചുവിട്ടത്. ഇവരെ സഹായിക്കാന്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതുമില്ല. 1996 മുതല്‍ സിപിഎം തനിച്ച് മത്സരിച്ച് ജയിച്ച കുല്‍ഗാമില്‍ ഇത്തവണ ഇന്ത്യ കൂട്ടായ്മയുമായി സഹകരിച്ചാണ് മത്സരിച്ചത്.
തരിഗാം ഗ്രാമത്തില്‍ 1947ല്‍ ജനിച്ച തരിഗാമി വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് സിപിഎമ്മിലെത്തുന്നത്. 2005ല്‍ വീടിനുനേരെ ഉണ്ടായ ഭീകരാക്രമണത്തില്‍ കഷ്ടിച്ച്് രക്ഷപ്പെട്ടു. ഉറ്റബന്ധുക്കള്‍ കൊല്ലപ്പെട്ടു. 2019ല്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ബിജെപിസര്‍ക്കാര്‍ തരിഗാമി അടക്കമുള്ള നേതാക്കളെ തടവിലാക്കി. സീതാറാം യെച്ചൂരി സുപ്രീംകോടതിയെ സമീപിച്ചാണ് അദ്ദേഹത്തെ ചികിത്സയ്ക്കായി ഡല്‍ഹിയില്‍ എത്തിച്ചത്.

കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെയാണ് ജമ്മു കശ്മീര്‍ വോട്ട് ചെയ്തതെന്ന് മുഹമ്മദ് യൂസഫ് തരിഗാമി പറഞ്ഞു. ജനങ്ങളുടെ പങ്കാളിത്തമോ ഇടപെടലുകളോ ഇല്ലാതെ 2018 മുതലുള്ള ലഫ്റ്റനന്റ് ഗവര്‍ണറുടെ മേല്‍നോട്ടത്തിലുള്ള ഭരണം ജനങ്ങളുടെ ദുരിതങ്ങള്‍ ഇരട്ടിപ്പിച്ചു. പുതിയ മതനിരപേക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നതോടെ കശ്മീര്‍ ജനതയ്ക്ക് ആശ്വാസമുണ്ടാകുമെന്നാണ് ജനങ്ങളുടെ പ്രതീക്ഷയെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സികളോട് പ്രതികരിച്ചു.