വര്‍ഗീയം മാത്രം പറയുന്ന വെള്ളാപ്പള്ളിയെ അടുപ്പിക്കരുത്, സിപിഎം അണികള്‍ കടുത്ത അമര്‍ഷത്തില്‍, എസ്എന്‍ഡിപി നേതാവിന്റേത് മകനും ബിജെപിക്കും വേണ്ടിയുള്ള തന്ത്രപരമായ നീക്കം

vellappally natesan

സിപിഎം അണികളില്‍ വെള്ളാപ്പള്ളിയുമായുള്ള നേതൃത്വത്തിന്റെ അടുപ്പത്തോട് കടുത്ത അതൃപ്തി ഉയരുന്നുണ്ട്. പാര്‍ട്ടിയുടെ മതനിരപേക്ഷ നിലപാടുകളോട് വിരുദ്ധമായി വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്ന ഒരാളുമായുള്ള സഖ്യം, താഴെത്തട്ടിലെ പ്രവര്‍ത്തകരെ അസ്വസ്ഥരാക്കുന്നു.

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ വര്‍ഗീയ വിദ്വേഷത്തിന്റെ വിത്തുകള്‍ പാകുന്ന വെള്ളാപ്പള്ളി നടേശന്റെ സമീപകാല പ്രസ്താവനകള്‍ വിവാദമായി മാറിയിരിക്കുകയാണ്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയായ വെള്ളാപ്പള്ളി, മുസ്ലിം സമുദായത്തിനെതിരെയും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിനെതിരെയും നടത്തിയ കടുത്ത പരാമര്‍ശങ്ങള്‍, സിപിഎം നേതൃത്വവുമായുള്ള അദ്ദേഹത്തിന്റെ അടുപ്പം, പാര്‍ട്ടി അണികളിലെ അസംതൃപ്തി എന്നിവയെല്ലാം ചേര്‍ന്ന് സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയിരിക്കിയത്.

tRootC1469263">

കഴിഞ്ഞദിവസം ചാനല്‍ റിപ്പോര്‍ട്ടറെ തീവ്രവാദി എന്ന് വിളിക്കുകകൂടി ചെയ്തതോടെ വെള്ളാപ്പള്ളിക്കെതിരായ പൊതുരോഷം ശക്തമാണ്. ഇതിനു മുന്‍പ്, ലീഗിനെതിരേയും മലപ്പുറം ജില്ലയ്‌ക്കെതിരേയും വെള്ളാപ്പള്ളി നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു. ലീഗ് ഇഴവരെ മുസ്ലിം വിരുദ്ധരായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നുവെന്നും, 40 വര്‍ഷത്തിനുള്ളില്‍ കേരളം മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ പരാമര്‍ശങ്ങള്‍ സംഘപരിവാര്‍ ആശയങ്ങളോട് സാമ്യമുള്ളതാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

സമീപകാലത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള വെള്ളാപ്പള്ളിയുടെ അടുപ്പവും ഇപ്പോഴത്തെ വിവാദ പരാമര്‍ശങ്ങളും സിപിഎമ്മിനകത്ത് പുതിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്. ഇരുവരും ഒരുമിച്ച് കാറില്‍ സഞ്ചരിച്ചത് സിപിഐയുടെ ശക്തമായ വിമര്‍ശനത്തിനു കാരണമായി. തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് വെള്ളാപ്പള്ളിയുമായുള്ള അടുപ്പം വിനയായെന്നും സിപിഐ ചൂണ്ടിക്കാട്ടുന്നു.

സിപിഎം അണികളില്‍ വെള്ളാപ്പള്ളിയുമായുള്ള നേതൃത്വത്തിന്റെ അടുപ്പത്തോട് കടുത്ത അതൃപ്തി ഉയരുന്നുണ്ട്. പാര്‍ട്ടിയുടെ മതനിരപേക്ഷ നിലപാടുകളോട് വിരുദ്ധമായി വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്ന ഒരാളുമായുള്ള സഖ്യം, താഴെത്തട്ടിലെ പ്രവര്‍ത്തകരെ അസ്വസ്ഥരാക്കുന്നു. സിപിഐ സംസ്ഥാന കൗണ്‍സിലിലും മുഖ്യമന്ത്രിയുടെ ശൈലിയെ വിമര്‍ശിച്ചു. എല്‍ഡിഎഫിന്റെ ഐക്യത്തെക്കുറിച്ചുള്ള പൊതു ധാരണയെ തകര്‍ക്കുന്നുവെന്നാണ് സിപിഐയുടെ ആരോപണം.

മകന്‍ തുഷാറിന്റെ ബിഡിജെഎസിനെ ബിജെപിയോട് ചേര്‍ത്തുനിര്‍ത്തി, ഇഴവ വോട്ടുകള്‍ ബിജെപിക്ക് കൈമാറാനുള്ള തന്ത്രമാണ് വെള്ളാപ്പള്ളിയുടേതെന്ന ആരോപണവും ശക്തമാണ്. ബിഡിജെഎസ് ബിജെപി സഖ്യത്തിലുള്ളതിനാല്‍, വര്‍ഗീയ പരാമര്‍ശങ്ങള്‍ വഴി ഇഴവ സമുദായത്തിലെ ഹിന്ദുത്വ വികാരങ്ങള്‍ ഉണര്‍ത്താനുള്ള ശ്രമമായി ഇതിനെ വിലയിരുത്തുന്നു. അതുകൊണ്ടുതന്നെ സിപിഎം നേതൃത്വം വെള്ളാപ്പള്ളിയെ അകറ്റിനിര്‍ത്തണമെന്ന ആവശ്യമാണ് അണികളില്‍ നിന്ന് ഉയരുന്നത്.

കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തെ ദുര്‍ബലപ്പെടുത്തുന്ന നീക്കങ്ങള്‍, അടുത്ത തിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് തിരിച്ചടിയാകുമോ എന്നാണ് ഇനി കാണേണ്ടത്. വെള്ളാപ്പള്ളിയുടെ വാക്കുകള്‍ വര്‍ഗീയതയുടെ വിഷവിത്തുകള്‍ മാത്രമല്ല, രാഷ്ട്രീയ തന്ത്രങ്ങളുടെ ഭാഗമായും മാറുന്നു.

Tags