അറസ്റ്റിലായാൽ പ്രതിരോധത്തിലാവുക സി.പി.എം ; മുൻകൂർ ജാമ്യ ഹരജി തള്ളിയാൽ ദിവ്യ അകത്താവും


സി.പി.എമ്മിന് വലിയ ക്ഷീണം ചെയ്തേക്കും
കണ്ണൂര്‍ : കണ്ണൂർ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ അറസ്റ്റ് സി.പി.എമ്മിനെ രാഷ്ട്രീയ പ്രതിരോധത്തിലാക്കും.നിലവിൽ പാർട്ടി കണ്ണൂർ ജില്ലാ കമ്മിറ്റിയംഗമാണ് പി.പി ദിവ്യ .അതുകൊണ്ടുതന്നെ തങ്ങളുടെ സർക്കാർ ഭരിക്കുന്ന കാലത്ത് പാർട്ടിയിലെ ഉന്നത നേതാവ് അറസ്റ്റിലായാൽ അതു സി.പി.എമ്മിന് വലിയ ക്ഷീണം ചെയ്തേക്കും.
പൊലിസ് നിയമനടപടികളിൽ പ്രത്യക്ഷത്തിൽ ഇടപെടേണ്ടയെന്നതാണ് കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി ജില്ലാ സെക്രട്ടറിയേറ്റിൻ്റെ തീരുമാനമെങ്കിലും ദിവ്യയ്ക്ക് മുൻകൂർ ജാമ്യഹരജിയുമായി തലശേരി കോടതിയെ സമീപിച്ചത് പാർട്ടി അഭിഭാഷകൻ കെ. വിശ്വനാണ്. പുറത്ത് ദിവ്യയെ തള്ളിപ്പറയുന്നുണ്ടെങ്കിലും പ്രതിസന്ധി ഘട്ടത്തിൽ അത്ര എളുപ്പത്തിൽ ഇവരെ തള്ളിപ്പറയാൻ പാർട്ടി നേതൃത്വത്തിന് കഴിയില്ല.
ഇതിനിടെ പി.പി ദിവ്യ അറസ്റ്റ് നടപടികളിൽ നിന്നും താൽക്കാലികമായി ഒഴിവാകുന്നതിനായി ഒളിവിൽ പോയെന്ന് സൂചനയുമുണ്ട്. ഇരിണാവിലെ സ്വന്തം വീട്ടില്‍ നിന്ന് ഇവർ മാറിയെന്നാണ് വിവരം. ദിവ്യയെ ചോദ്യം ചെയ്യാനുള്ള പൊലീസ് തീരുമാനത്തിന് പിന്നാലെയാണ് നീക്കം. ഇന്നലെവരെ ഇരിണാവിലെ വീട്ടില്‍ ദിവ്യയുണ്ടായിരുന്നു.

ദിവ്യയെ ചോദ്യം ചെയ്യാന്‍ വീട്ടിലും ബന്ധുവീട്ടിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് ശേഷം പുറത്തിറങ്ങാതിരുന്ന ദിവ്യ ഒളിച്ചെത്തിയാണ് ജില്ലാ പഞ്ചായത്ത് ഓഫീസിന് സമീപത്തു നിന്നും ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറിയത്. ജില്ലാ പഞ്ചായത്ത് സെക്രട്ടറിയെ റെയില്‍വേ സ്റ്റേഷന്‍ കിഴക്കേ കവാടത്തിനിരികില്‍ കാത്തിരുന്നാണ് ദിവ്യ രാജിക്കത്ത് കൈമാറിയത്.
നവീന്റെ മരണത്തിന് ശേഷം രാജിക്കത്തിലൂടെ മാത്രമാണ് പി പി ദിവ്യ പൊതു സമൂഹത്തോട് പ്രതികരിച്ചത്. എന്നാല്‍ എ പി ജെ അബ്ദുല്‍ കലാമിന്റെ വാചകങ്ങള്‍ ദിവ്യ വാട്‌സ്ആപ്പില്‍ ഡിപിയായും സ്റ്റാറ്റസായും പങ്കുവെച്ചിരുന്നു. 'ഒരായിരം തവണ വിളിച്ചുപറഞ്ഞാലും നമ്മളെ കുറിച്ച് നമ്മള്‍ പറയുന്ന സത്യത്തേക്കാള്‍ ഈ ലോകം വിശ്വസിക്കുന്നത് മറ്റുള്ളവര്‍ പതുക്കെ പറയുന്ന കള്ളങ്ങളായിരിക്കാം', എന്നായിരുന്നു സന്ദേശം.
യാത്രയയപ്പ് ചടങ്ങിനിടെ ദിവ്യ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു നവീന്‍ ബാബു ജീവനൊടുക്കിയത്. എഡിഎം കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്ന് ആരോപിച്ച പി പി ദിവ്യ പത്തനംതിട്ടയില്‍ ഈ രീതിയില്‍ പ്രവര്‍ത്തിക്കരുതെന്നും പറഞ്ഞിരുന്നു. രണ്ട് ദിവസത്തിനകം മറ്റു വെളിപ്പെടുത്തലുണ്ടാകുമെന്നും ദിവ്യ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ദിവ്യയെ മുൻകൂർ ജാമ്യ ഹരജി കോടതി തള്ളിയതിനു ശേഷം മാത്രമെ പൊലിസ് അറസ്റ്റുചെയ്യുകയുള്ളുവെന്നാണ് വിവരം. ജനപ്രതിനിധിയായതിനാൽ ജനപ്രാതിനിധ്യ നിയമം പാലിച്ചു കൊണ്ടു മാത്രമേ അറസ്റ്റുണ്ടാവുകയുള്ളൂ. എന്നാൽ കീഴ്കോടതി ജാമ്യ ഹരജി തള്ളിയാൽ ഹൈക്കോടതിയെ സമീപിക്കാനും ദിവ്യ നീക്കം നടത്തുന്നുണ്ട്. മരണമടഞ്ഞ മുൻ എ.ഡി.എം നവീൻ ബാബുവിൻ്റെ കുടുംബാംഗങ്ങൾ ദിവ്യ സമർപ്പിച്ച മുൻകൂർ ജാമ്യഹരജിയിൽ തടസ വാദം ഉന്നയിച്ചിട്ടുണ്ട്. ജീവനൊടുക്കിയത് ഭരണനിർവഹണത്തിൽ ജില്ലാ മജിസ്ട്രേറ്റിൻ്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ കൂടിയായതിനാൽ മുൻകൂർ ജാമ്യഹരജി കോടതി പരിഗണിക്കാനും സാധ്യത കുറവാണ്. ഈ സാഹചര്യത്തിൽ ഹൈക്കോടതിയിൽ നിന്നും അനുകൂല വിധിയുണ്ടായില്ലെങ്കിൽ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് ഒന്നാം പ്രതിയാക്കപ്പെട്ട പി.പി ദിവ്യ യ്ക്ക് പൊലിസിൽ കീഴടങ്ങേണ്ടി വന്നേക്കും. നിയമസഭാ ഉപതെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ ഇത് സി.പി.എമ്മിന് ഏറെ ക്ഷീണം ചെയ്തേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.