വടകരയില്‍ ആരു ജയിക്കും? സിപിഎം ബുത്ത് കമ്മറ്റികളുടെ റിപ്പോര്‍ട്ട് പുറത്ത്, കാര്യങ്ങള്‍ അത്ര പന്തിയല്ല

google news
kk shailaja shafi parambil

 

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏറ്റവും ശക്തമായ പോരാട്ടം നടന്ന മണ്ഡലമാണ് വടകര. എല്‍ഡിഎഫും യുഡിഎഫും അഭിമാന പോരാട്ടമായി കണ്ട വടകരയില്‍ തെരഞ്ഞെടുപ്പ് പ്രചരണം വര്‍ഗീയതയിലേക്ക് കടന്നതും വിവാദമായിരുന്നു. വടകരയിലെ തെരഞ്ഞെടുപ്പിന്റെ അലയൊലി ഇനിയും അടങ്ങിയിട്ടില്ല. യുഡിഎഫിന്റെ സിറ്റിങ് മണ്ഡലമായ ഇവിടെ ആരു ജയിക്കുമെന്നത് അപ്രവചനീയമാണ്.

തെരഞ്ഞെടുപ്പിന് ശേഷം ഇരു മുന്നണികളും ജയപ്രതീക്ഷ പുലര്‍ത്തുന്ന ഇവിടെ സിപിഎമ്മിന്റെ ബൂത്തുതല കമ്മറ്റികളുടെ റിപ്പോര്‍ട്ട് പുറത്തുവന്നു. ഓരോ ബൂത്തിലും എത്ര ശതമാനം വോട്ടിങ് നടന്നിട്ടുണ്ടെന്നും ആരൊക്കെ വോട്ടു ചെയ്‌തെന്നും ഇതില്‍ ഇടതുപക്ഷത്തിന് ലഭിക്കാവുന്ന ഉറച്ച വോട്ടുകളെത്രയെന്നും കണക്കാക്കിയാണ് ബൂത്തുതല റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പി ജയരാജന്‍ മത്സരിച്ചപ്പോള്‍ 50,000 വോട്ടുകളില്‍ അധികംനേടി ഇവിടെ ജയിക്കുമെന്നായിരുന്നു പാര്‍ട്ടിയുടെ വിലയിരുത്തലുകള്‍. എന്നാല്‍, ഇത്തവണ ആ രീതിയിലൊരു കണക്കുകൂട്ടലിലേക്ക് സിപിഎം കടന്നിട്ടില്ല. ഉറച്ച വോട്ടുകള്‍ മാത്രം കണക്കാക്കിയാല്‍ മതിയെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയപ്പോള്‍ 5,000 ത്തില്‍ താഴെ വോട്ടുകള്‍ക്ക് ശൈലജ ടീച്ചര്‍ക്ക് ജയിക്കാന്‍ കഴിയുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

തലശ്ശേരി, കൂത്തുപറമ്പ് നിയമസഭാ മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് ഇത്തവണ അല്പം മേല്‍ക്കോയ്മയുണ്ടാകുമെന്നും ഇത് ജയത്തിന് കാരണമാകുമെന്നും പറയപ്പെടുന്നു. വടകര, കൊയിലാണ്ടി, പേരാമ്പ്ര, കുറ്റ്യാടി, നാദാപുരം എന്നിവിടങ്ങളില്‍ കടുത്ത മത്സരമാണ് നടന്നത്. ശൈലജ ടീച്ചര്‍ക്കെതിരെ നടന്ന മുസ്ലീംവിരുദ്ധ പ്രചരണം തിരിച്ചടിയായാല്‍ ന്യൂനപക്ഷ വോട്ടുകളില്‍ ഇടതുപക്ഷത്തിന് ഇടിവുണ്ടാകുമെന്നും കണക്കുകൂട്ടുന്നു.

കോണ്‍ഗ്രസ് നേതാവും നിലവിലെ എം.പി.യുമായ കെ മുരളീധരന്‍ വീണ്ടും സ്ഥാനാര്‍ഥിയാകുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍, രാഷ്ട്രീയ സാഹചര്യം മാറിയതോടെ മുരളീധരനെ മറ്റി ഷാഫി പറമ്പിലിനെ ഇവിടെ സ്ഥാനാര്‍ത്ഥിയാക്കി. മുസ്ലീം സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ മുസ്ലീം ലീഗ് യുഡിഎഫിനായി സജീവമായി പ്രവര്‍ത്തിച്ച മണ്ഡലമാണിത്. അതേസമയം, സമസ്തയും ലീഗുമായുള്ള തര്‍ക്കവും സ്ത്രീ വോട്ടുകളുടെ കേന്ദ്രീകരണവും ശൈലജ ടീച്ചര്‍ക്ക് തുണയാകുമെന്ന് സിപിഎം പ്രതീക്ഷിക്കുന്നു.

 

Tags