പ്രവചനത്തില്‍ വീണ്ടും മൂക്കുകുത്തി പ്രവചന വിദഗ്ധന്‍ റാഷിദ്, കണക്കുകൂട്ടലുകളെല്ലാം പാടെ തെറ്റി
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും പിന്നീട് ഹരിയാണ നിയമസഭാ തെരഞ്ഞെടുപ്പിലും കൃത്യതയോടെ പ്രവചിക്കാന്‍ റാഷിദിന് കഴിഞ്ഞിരുന്നില്ല.
കൊച്ചി: കേരളം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഉപതെരഞ്ഞെടുപ്പുകളിലെ ഫലപ്രഖ്യാപനം പുറത്തുവന്നിരിക്കുകയാണ്. അട്ടിമറികളൊന്നും ഇല്ലാത്തതാണ് തെരഞ്ഞെടുപ്പുഫലം. ഭരണകക്ഷി എന്ന നിലയില്‍ രണ്ടാം പിണറായി സര്‍ക്കാര്‍ ഉപതെരഞ്ഞെടുപ്പില്‍ ആദ്യം ജയം ചേലക്കരയില്‍ നേടിയപ്പോള്‍ പാലക്കാടും വയനാടും യുഡിഎഫും സ്വന്തമാക്കി. ബിജെപിക്ക് പ്രതീക്ഷയുണ്ടായിരുന്ന പാലക്കാട് വിജയം നേടാനായില്ലെന്ന് മാത്രമല്ല 10,000ത്തില്‍ അധികം വോട്ടുകള്‍ മണ്ഡലത്തില്‍ നഷ്ടമാവുകയും ചെയ്തു.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ പ്രവചന വിദഗ്ധനായ സി പി റാഷിദിന്റെ പ്രവചനം വീണ്ടും തെറ്റി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും പിന്നീട് ഹരിയാണ നിയമസഭാ തെരഞ്ഞെടുപ്പിലും കൃത്യതയോടെ പ്രവചിക്കാന്‍ റാഷിദിന് കഴിഞ്ഞിരുന്നില്ല. കേരളത്തിലെ ഉപതെരഞ്ഞെടുപ്പില്‍ മൂന്നിടത്തും യുഡിഎഫ് ജയിക്കുമെന്നായിരുന്നു റാഷിദിന്റെ പ്രവചനം. എന്നാല്‍, ചേലക്കര 12,000ത്തില്‍ അധികം വോട്ടുകള്‍ക്ക് ഇടതുപക്ഷം നിലനിര്‍ത്തി.
ചേലക്കരയില്‍ 4,500 വോട്ടുകള്‍ക്കെങ്കിലും രമ്യ ഹരിദാസ് വിജയിക്കുമെന്നായിരുന്നു റാഷിദ് പ്രവചിച്ചിരുന്നത്. രമ്യയ്ക്ക് മണ്ഡലത്തില്‍ വോട്ടുയര്‍ത്താന്‍ സാധിച്ചെങ്കിലും ജയം നേടാനായില്ല. അവിടെ സ്ഥാനാര്‍ത്ഥി നിര്‍ണയവും പിവി അന്‍വറിന്റെ ഡിഎംകെ പാര്‍ട്ടിയുടെ സ്വാധീനവും ബിജെപി 10,000ത്തില്‍ അധികം വോട്ടുകളുയര്‍ത്തിയതും യുഡിഎഫ് വിജയത്തിന് വിലങ്ങുതടിയായി. ഇക്കാര്യം മുന്‍കൂട്ടികാണാന്‍ റാഷിദിന്റെ രാഷ്ട്രീയ നിരീക്ഷണത്തിന് സാധിച്ചില്ല.
പാലക്കാട് 10,000 വോട്ടുകള്‍ക്ക് താഴെ ഭൂരിപക്ഷം നേടി രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിക്കുമെന്നായിരുന്നു റാഷിദിന്റെ പ്രവചനം. എന്നാല്‍, ബിജെപിക്ക് വോട്ട് കുത്തനെ കുറഞ്ഞപ്പോള്‍ രാഹുലിന്റെ ഭൂരിപക്ഷം 18,000 കടന്നു. ബിജെപിയുടെ തകര്‍ച്ച റാഷിദ് പ്രതീക്ഷിച്ചിരുന്നില്ല. അതേസമയം, ചിഹ്നം മാറ്റിയിട്ടും വിമത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ഇടതുപക്ഷത്തിന് വോട്ടുയര്‍ത്താനും സാധിച്ചു.
റാഷിദിന്റെ പ്രവചനങ്ങള്‍,
വയനാട്ടില്‍ പ്രിയങ്ക ഗാന്ധി 342000 - 380000 വോട്ടിന് വിജയിക്കും.
യു ഡി എഫ് 60.5 % - 63.5%
എല്‍ ഡി എഫ് 23.5% - 27%
ബി ജെ പി 8.5 % - 11.5 %
ചേലക്കര 1850 - 4400 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ രമ്യ ഹരിദാസ് വിജയിക്കും. പാര്‍ട്ടി കൂറ് എന്നതിനേക്കാളും, വിഷയാധിഷ്ഠിത വോട്ടിഗ് എന്നതിലേക്കുള്ള ആളുകളുടെ മാറ്റം ചേലക്കരയില്‍ പ്രകടാമാവും.
യു ഡി എഫ് 41 % - 44.5%
എല്‍ ഡി എഫ് 40.5 % - 43 %
ബി ജെ പി 12.5 % - 16%
ഡി എം കെ 1.5 % - 3 %
രാഹുല്‍ മാങ്കൂട്ടത്തില്‍ 5600 - 9100 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കും.
യു ഡി എഫ് 36.5% - 39.5%
ബി ജെ പി 33.5% - 37%
എല്‍ ഡി എഫ് 21.5% - 24 %