ഒടുവില്‍ പ്രവചന വിദഗ്ധന്‍ റാഷിദിന്റെ പ്രവചനമെത്തി, യുഡിഎഫിനെത്ര? എല്‍ഡിഎഫിനെത്ര? വടകരയിലാര്?

CP Rashid

കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രവചനങ്ങളിലെ കൃത്യതയിലൂടെ ശ്രദ്ധനേടിയ കോഴിക്കോട് സ്വദേശി സിപി റാഷിദ് കേരളത്തിലെ ലോക്‌സഭാ സീറ്റുകളിലെ ഫലം ഏതു രീതിയിലായിരിക്കുമെന്ന് പ്രവചിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് 10 ദിവസങ്ങള്‍ക്കുശേഷമാണ് റാഷിദ് പ്രവചനവുമായി ഫേസ്ബുക്കിലെത്തിയത്. തെരഞ്ഞെടുപ്പിന് പിന്നാലെ വടകരയിലെ ഫലം റാഷിദ് പ്രവചിച്ചിരുന്നു.

യുഡിഎഫും എല്‍ഡിഎഫും ശക്തമായ പോരാട്ടമാണ് നടത്തിയതെങ്കിലും ലോക്‌സഭയിലെ പാറ്റേണ്‍ അനുസരിച്ച് യുഡിഎഫിന് തന്നെയാണ് വ്യക്തമായ മേല്‍ക്കൈയെന്ന് റാഷിദ് പ്രവചിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ വോട്ടിങ് ശതമാനം കുറഞ്ഞെങ്കിലും അത് യുഡിഎഫിനെ ബാധിക്കില്ലെന്നാണ് റാഷിദിന്റെ വിലയിരുത്തല്‍. മാത്രമല്ല, ശതമാനം കുറഞ്ഞെങ്കിലും വോട്ട് ചെയ്തവരുടെ എണ്ണം കൂടിയതും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്.

തെരഞ്ഞെടുപ്പ് പ്രവചനമായി റാഷിദ് ഫേസ്ബുക്കിലെഴുതിയ കുറിപ്പ്,
 
യു  ഡി  എഫ്      14 - 17   ( 42.5 %   46 %  )
എല്‍ ഡി  എഫ്    3  - 5     ( 37.5 %    41 % )
എന്‍  ഡി എ           0 - 1    ( 14  %    18.5 % )

ഈ തിരഞ്ഞെടുപ്പില്‍ ഇടത് പക്ഷത്തിന് മുമ്പിലുണ്ടായിരുന്ന പ്രധാന വെല്ലുവിളിയായ ഭരണ വിരുദ്ധ വികാരം എന്ന പ്രധാന ഫാക്റ്ററിനെ ഒരു പരിധിവരെ, പ്രചരണ ഘട്ടങ്ങളില്‍ ചര്‍ച്ച ആവാതെ കൊണ്ട് പോവുന്നതില്‍ ഇടത് പക്ഷം വിജയിച്ചിരുന്നു. അപ്പോഴും മലയാളികളില്‍ മഹാ ഭൂരിപക്ഷവും തിരഞ്ഞെടുപ്പിന് ഏറെ നാള്‍ മുമ്പ് തന്നെ വോട്ട് ആര്‍ക്ക് എന്നതില്‍ തീരുമാനം എടുക്കുന്നവര്‍ ആയത് കൊണ്ട് തന്നെ, ഈ നാടിന്റെ ജനവിധിയില്‍ വലിയ മാറ്റം നിലവില്‍ പ്രതീക്ഷിക്കേണ്ടതില്ല.

വടകരയില്‍ ഷാഫി പറമ്പില്‍ ശൈലജ ടീച്ചറെ 80,000 വോട്ടുകളില്‍ അധികം നേടി തോല്‍പ്പിക്കുമെന്നാണ് റാഷിദ് നേരത്തെ പ്രവചിച്ചത്. വടകരയില്‍ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ശൈലിയും അവര്‍ ഉപയോഗിച്ച വിഷയങ്ങളുമെല്ലാം ഷാഫിയെ തുണയ്ക്കുമെന്നാണ് റാഷിദിന്റെ കണക്കുകൂട്ടല്‍. യുഡിഎഫ് വര്‍ഗീയ പ്രചരണം നടത്തിയെന്ന എല്‍ഡിഎഫ് ആരോപണം വന്‍ വിവാദമുണ്ടാക്കിയ മണ്ഡലമാണ് വടകര. എല്‍ഡിഎഫ് അഭിമാന പോരാട്ടമായി കണ്ട വടകരയില്‍ ഷാഫിക്കാണ് വിജയമെന്ന് റാഷിദ് ഉറപ്പിക്കുന്നു.

 

Tags