ഒരിക്കലെങ്കിലും മന്ത്രിയാകണമെന്ന് പലരും ആഗ്രഹിച്ചിരുന്നയാള്‍ ഒടുവില്‍ മന്ത്രിയായപ്പോള്‍ നിരാശ മാത്രം, ധാര്‍ഷ്ട്യവും നിരുത്തരവാദിത്തവുമെന്ന് വിമര്‍ശനം
സൗജന്യ ബസ് യാത്രാ പദ്ധതി അവതരിപ്പിച്ച മന്ത്രിതന്നെ അതില്‍ കയറുന്ന സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തില്‍ പരാമര്‍ശിച്ചതാണ് വിവാദത്തിനിടയാക്കിയത്.
തിരുവനന്തപുരം: ഗതാഗതവകുപ്പ് മന്ത്രി സിപി ജോണിന്റെ പ്രസംഗവും പ്രവര്‍ത്തിയും സംസ്ഥാന സര്‍ക്കാരിലെ മോശം മന്ത്രിമാരില്‍ ഒരാളെന്ന പേരുദോഷം വരുത്തിവെച്ചിരിക്കുകയാണ്. സൗജന്യ ബസ് യാത്രാ പദ്ധതി അവതരിപ്പിച്ച മന്ത്രിതന്നെ അതില്‍ കയറുന്ന സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തില്‍ പരാമര്‍ശിച്ചതാണ് വിവാദത്തിനിടയാക്കിയത്.
കേരള രാഷ്ട്രീയത്തില്‍ ദശാബ്ദങ്ങളായി സജീവമായ നേതാവാണ് സി.പി. ജോണ്‍. എസ്.എഫ്.ഐ.യുടെ സംസ്ഥാന സെക്രട്ടറിയും ദേശീയ ഉപാധ്യക്ഷനുമായി തിളങ്ങിയ യുവകമ്മ്യൂണിസ്റ്റ്. 1986-ല്‍ എം.വി. രാഘവനൊപ്പം സിപിഎം വിട്ട് സി.എം.പി. രൂപീകരിച്ച് യുഡിഎഫിനൊപ്പം പോവുകയായിരുന്നു. പ്ലാനിങ് ബോര്‍ഡ് അംഗമായും യുഡിഎഫ് വക്താവായും പ്രവര്‍ത്തിച്ച് 'ബുദ്ധിജീവി'യെന്ന പേരുണ്ടാക്കിയ വ്യക്തി ഒരിക്കലെങ്കിലും മന്ത്രിയാകണമെന്ന് പലരും ആഗ്രഹിച്ചിരുന്നു. വി.ഡി. സതീശന്‍ മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ പലരും ആശ്വസിച്ചു. എന്നാല്‍, ആ പ്രതീക്ഷ നിരാശയിലേക്ക് മാറി. ധാര്‍ഷ്യവും നിരുത്തരവാദിത്തവും വിവാദങ്ങളുമായി മന്ത്രി സി.പി. ജോണ്‍ ചര്‍ച്ചയാകുകയാണ്.
ഏറ്റവും വലിയ വിവാദം ഉണ്ടാക്കിയത് പ്രിയദര്‍ശിനി സൗജന്യ ബസ് യാത്രാ പദ്ധതിയുമായി ബന്ധപ്പെട്ട പരാമര്‍ശമാണ്. പാലക്കാട്ട് നടന്ന കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ മന്ത്രി കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നു എന്ന് ചൂണ്ടിക്കാട്ടി. ബസിന് പണമില്ലാത്ത സ്ത്രീകള്‍ മക്കളെ ഫീസ് നല്‍കി സ്വകാര്യ സ്‌കൂളുകളില്‍ ചേര്‍ക്കുന്നു. കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം അതിശയിപ്പിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
പ്രിയദര്‍ശിനി പദ്ധതിയുടെ ഉദ്ഘാടന വേദിയിലും വിവാദമുണ്ടായി. മുഖ്യമന്ത്രി വി.ഡി. സതീശനെ പൊന്നാടയണിയിക്കാന്‍ എത്തിയ പ്രവര്‍ത്തകനെ മന്ത്രി സി.പി. ജോണ്‍ തടയുന്ന വീഡിയോ പുറത്തുവന്നിരുന്നു. കൂടാതെ, ബസ്സില്‍ നിന്നും മാധ്യമപ്രവര്‍ത്തകരെ ദാക്ഷീണ്യമില്ലാതെ പുറത്താക്കുകയും ചെയ്തു. ഈ രീതിയിലുള്ള മന്ത്രിയുടെ പെരുമാറ്റരീതി ചോദ്യം ചെയ്യപ്പെട്ടു.
മന്ത്രിയാകുമ്പോള്‍ പലരും പ്രതീക്ഷിച്ചത് അനുഭവസമ്പന്നനായ ഒരു നേതാവിന്റെ കാര്യക്ഷമമായ ഭരണമായിരുന്നു. എന്നാല്‍ ഗതാഗത വകുപ്പിന്റെ ചുമതലയില്‍ വന്നതിന് ശേഷം വിവാദങ്ങള്‍ തുടര്‍ക്കഥയായി.
ധാര്‍ഷ്യവും നിരുത്തരവാദിത്തവും മന്ത്രിയില്‍ ആരോപിക്കപ്പെടുന്നു. വര്‍ഷങ്ങളായി പഠിച്ചും പ്രസംഗിച്ചും വന്ന നേതാവ്, മന്ത്രിപദവിയിലെത്തിയപ്പോള്‍ പൊതുജനാഭിപ്രായം തിരിച്ചറിയാനോ വാക്കുകള്‍ തിരഞ്ഞെടുക്കാനോ കഴിയാത്ത നിലയിലെത്തിയതായി വിമര്‍ശകര്‍ പറയുന്നു.
.jpg)

