'ഇലക്ടറല്‍ ബോണ്ട് നല്‍കിയ കരാറുകാര്‍ ചെയ്താല്‍ ഇങ്ങനെ', ബിഹാറില്‍ 1,716 കോടി രൂപയുടെ പാലവും തകര്‍ന്നു, പല പാലങ്ങളും നിര്‍മ്മിക്കുമ്പോള്‍ തന്നെ പൊളിയുന്നു

bihar bridge
bihar bridge

 

റാഞ്ചി: ബിഹാറിലെ അരാരിയ ജില്ലയിലെ സിക്തി ബ്ലോക്കില്‍ ബക്ര നദിക്കരയില്‍ നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണത് കഴിഞ്ഞദിവസങ്ങളല്‍ വലിയ വാര്‍ത്തയായിരുന്നു. പാലം ഉദ്ഘാടനം ചെയ്യാന്‍ ഒരു മാസം ശേഷിക്കെയാണ് അത് തകര്‍ന്നുവീണത്. 12 കോടി രൂപയായിരുന്നു പാലത്തിന്റെ നിര്‍മാണച്ചെലവ്. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പിനേയും സംസ്ഥാനം കരാറുകരനേയും കുറ്റപ്പെടുത്തിയപ്പോള്‍ നഷ്ടം ജനങ്ങള്‍ക്കാണ്.

നേപ്പാളിലെ വൃഷ്ടിപ്രദേശത്ത് തുടര്‍ച്ചയായി പെയ്ത മഴയെ തുടര്‍ന്ന് ബക്ര നദിയിലെ ജലനിരപ്പ് ഉയരുകയും കനത്ത ഒഴുക്ക് താങ്ങാനാവാതെ ശക്തമായ നീരൊഴുക്കില്‍ പാലം ഒലിച്ചുപോവുകയുമായിരുന്നു. പാലം പൂര്‍ത്തിയായിരുന്നെങ്കില്‍ സിക്തി ബ്ലോക്കും കുര്‍സ്‌കന്ത ബ്ലോക്കും തമ്മില്‍ യാത്രാ സൗകര്യം മെച്ചപ്പെടുമായിരുന്നു.

ബിഹാറില്‍ പാലം തകരല്‍ ഇതാദ്യമായല്ല. നേരത്തെ ഈ വര്‍ഷം മാര്‍ച്ച് 22 ന്, കോസി നദിക്ക് കുറുകെ നിര്‍മ്മിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ബക്കൗര്‍ പാലം സുപോള്‍ ജില്ലയില്‍ തകര്‍ന്നു. ഒരാള്‍ മരിക്കുകയും 9 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2023 ജൂണില്‍, ഭഗല്‍പൂര്‍ ജില്ലയില്‍ ഗംഗാനദിക്ക് കുറുകെയുള്ള നാലുവരിപ്പാലം തകര്‍ന്നു, 1,716 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പാലമാണ് തകര്‍ന്നത്. ഭഗല്‍പൂരിലെ സുല്‍ത്താന്‍ഗഞ്ചിനും ഖഗാരിയ ജില്ലയിലെ അഗുവാനിക്കും ഇടയിലാണ് പാലം നിര്‍മിക്കുന്നത്.

ബിഹാറിലെ പല നിര്‍മ്മാണ പ്രവര്‍ത്തികളിലും ശതകോടികളുടെ അഴിമതിയുണ്ടെന്ന ആരോപണം ശരിവെക്കുന്നതാണ് ഇപ്പോഴത്തെ സംഭവം. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കോടിക്കണക്കിന് രൂപ ഇലക്ടറല്‍ ബോണ്ടിലൂടെ നല്‍കുന്ന കമ്പനികള്‍ക്ക് കരാര്‍ ജോലി കിട്ടിയാല്‍ ഈ രീതിയിലാകും നിര്‍മ്മാണമെന്നാണ് സോഷ്യല്‍ മീഡിയയുടെ പ്രതികരണം.

 

Tags