കത്വ ബാലികയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികള്‍ക്കുവേണ്ടി റാലി നടത്തിയ നേതാവ് കോണ്‍ഗ്രസില്‍, ഒരക്ഷരം മിണ്ടാതെ ലീഗും അണികളും

Choudhary Lal Singh

ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച കത്വ ബലാത്സംഗ കേസിലെ പ്രതികള്‍ക്കുവേണ്ടി റാലി നടത്തിയ മുന്‍ ബിജെപി നേതാവ് കോണ്‍ഗ്രസില്‍. ബലാത്സംഗക്കേസ് പ്രതികളെ പിന്തുണച്ച് നടത്തിയ റാലിയില്‍ പങ്കെടുത്ത ജമ്മു കാശ്മീര്‍ മുന്‍ മന്ത്രി ചൗധരി ലാല്‍ സിംഗ് ആണ് കഴിഞ്ഞദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. റാലി നടത്തിയതിനെ തുടര്‍ന്ന് ഇയാള്‍ക്ക് മന്ത്രിസ്ഥാനം നഷ്ടമായിരുന്നു.

ബിജെപി ലോക്‌സഭാ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് സംഭവം നടന്ന് ആറ് വര്‍ഷത്തിന് ശേഷം, ഇയാള്‍ കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയത്. കോണ്‍ഗ്രസ് സീറ്റ് നല്‍കാതിരുന്നപ്പോള്‍ 10 വര്‍ഷത്തിന് മുന്‍പ് ചൗധരി ബിജെപിയിലേക്ക് പോവുകയായിരുന്നു. ഉധംപൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഇയാള്‍ ഇത്തവണ മത്സരിക്കാന്‍ സാധ്യതയുണ്ട്.

ലാല്‍ സിംഗിനെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള കോണ്‍ഗ്രസിന്റെ തീരുമാനം ഗുലാം നബി ആസാദിന്റെ ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടി (ഡിപിഎപി) പോലുള്ള പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. രാഹുലും പ്രിയങ്കാ ഗാന്ധിയും ഇയാളെ സ്വാഗതം ചെയ്യുന്നത് തികച്ചും ലജ്ജാകരമാണെന്ന് ഗുലാം നബി പറഞ്ഞു. 8 വയസ്സുകാരിയെ ബലാത്സംഗം ചെയ്തവരെ പിന്തുണച്ച വ്യക്തിയാണ് ലാല്‍ സിംഗ്. ഇത് കോണ്‍ഗ്രസിന്റെ അടിസ്ഥാന തത്വങ്ങളെയും പ്രത്യയശാസ്ത്രത്തെയും വഞ്ചിക്കുന്ന നടപടിയാണ്. ബലാത്സംഗം ചെയ്യുന്നവരെ പിന്തുണയ്ക്കുന്ന ഒരു പാര്‍ട്ടി വിടാനുള്ള ഞങ്ങളുടെ തീരുമാനത്തെ ഇത് സാധൂകരിക്കുന്നു. കോണ്‍ഗ്രസിന് ഇത് നാണക്കേടാണെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

2014-ല്‍, ഉധംപൂരില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് ടിക്കറ്റ് കോണ്‍ഗ്രസ് നിഷേധിച്ചതിനെത്തുടര്‍ന്നാണ് ലാല്‍ സിംഗ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. അതിന് മുന്‍പ് രണ്ട് തവണ ഉധംപൂര്‍ എംപിയായ അദ്ദേഹം പിന്നീട് ബിജെപിയില്‍ ചേരുകയും മെഹബൂബ-മുഫ്തിയുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാരില്‍ മന്ത്രിയാകുകയും ചെയ്തു.

കത്വ കേസിലെ പ്രതികള്‍ക്കുവേണ്ടി ഹിന്ദു ഏകതാ മഞ്ച് വിളിച്ച റാലിയിലെ അദ്ദേഹത്തിന്റെ സാന്നിധ്യമാണ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പിഡിപി) അണികള്‍ക്കിടയില്‍ വിള്ളലുണ്ടാക്കിയത്. ഒടുവില്‍, ബി.ജെ.പി-പി.ഡി.പി സഖ്യസര്‍ക്കാരിലെ ആരോഗ്യ-വനം മന്ത്രിക്ക് 2019-ല്‍ രാജിവെക്കേണ്ടി വന്നു.

കഴിഞ്ഞ വര്‍ഷം നവംബറില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ലാല്‍ സിംഗിനെ അദ്ദേഹത്തിന്റെ ഭാര്യയും മുന്‍ നിയമസഭാംഗവുമായ കാന്ത അന്ദോത്ര നടത്തുന്ന ഒരു വിദ്യാഭ്യാസ ട്രസ്റ്റുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.

2019ല്‍ ജമ്മുവിലും ഉധംപൂരിലും ലാല്‍ സിംഗ് മത്സരിച്ചിരുന്നു. ഉധംപൂരില്‍ നിന്ന് 20,000 വോട്ടുകള്‍ മാത്രം നേടിയ അദ്ദേഹം നാലാം സ്ഥാനത്തെത്തി. 7500 വോട്ടുകള്‍ നേടി നാലാം സ്ഥാനത്തെത്തിയ ജമ്മുവിലും ഫലം വ്യത്യസ്തമായിരുന്നില്ല. 2024ല്‍ ഉധംപൂരില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റ് ലഭിച്ചാല്‍ സിറ്റിംഗ് എംപിയും കേന്ദ്രമന്ത്രിയുമായ ഡോ. ജിതേന്ദ്ര സിങ്ങിനെ നേരിടും.

ദോഡ, കിഷ്ത്വാര്‍, കത്തുവ, ഉധംപൂര്‍, റംബാന്‍ എന്നീ അഞ്ച് ജില്ലകള്‍ ഉള്‍പ്പെടുന്നതാണ് ഉധംപൂര്‍ ലോക്‌സഭാ സീറ്റ്. ദോഡ, കിഷ്ത്വാര്‍, റംബാന്‍ എന്നിവ മുസ്ലീം ഭൂരിപക്ഷ ജില്ലകളാണെങ്കില്‍, ഉധംപൂരിലും കത്വയിലും ഹിന്ദുക്കളാണ് കൂടുതലുള്ളത്.

ചൗധരിക്ക് കോണ്‍ഗ്രസ് സീറ്റ് നല്‍കുന്നതില്‍ യാതൊരു പ്രതികരണവും മുസ്ലീം ലീഗ് നടത്തിയിട്ടില്ല. രാജ്യമെങ്ങും പ്രതിഷേധം അലയടിച്ച സംഭവമായിരുന്നു കത്വയിലേത്. കേരളത്തിലും ദിവസങ്ങളോളം പ്രതിഷേധം നടന്നു. കത്വ പെണ്‍കുട്ടിയുടെ കുടുംബത്തെ സഹായിക്കാന്‍ മുസ്ലീം ലീഗിന്റെ നേതൃത്വത്തല്‍ ഫണ്ട് ശേഖരണം നടത്തിയിരുന്നു. ഈ ഫണ്ട് ദുരുപയോഗം ചെയ്‌തെന്ന ആരോപണത്തെ തുടര്‍ന്ന് ലീഗ് വിവാദത്തിലുമായി.

Tags