തളിപ്പറമ്പില്‍ സുവര്‍ണാവസരം നഷ്ടമാക്കി കോണ്‍ഗ്രസ്, സിപിഎം വിമതനുള്ള പിന്തുണ തിരിച്ചടിയായേക്കും, അണികളില്‍ രോഷം പുകയുന്നു, ശ്യാമള ടീച്ചര്‍ക്ക് ഇനി വിജയം എളുപ്പമാകും
പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നെങ്കില്‍ ജയപ്രതീക്ഷയുണ്ടായിരുന്ന മണ്ഡലത്തില്‍ ടി.കെ. ഗോവിന്ദന് പിന്തുണ നല്‍കിയതോടെ ശ്യാമള ടീച്ചര്‍ക്ക് അനായാസ വിജയം സൃഷ്ടിക്കുന്ന സാഹചര്യമാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്.
കണ്ണൂര്‍: തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തില്‍ സിപിഎം വിമതനെ പിന്തുണയ്ക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തില്‍ അണികള്‍ക്ക് അമര്‍ഷം. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നെങ്കില്‍ ജയപ്രതീക്ഷയുണ്ടായിരുന്ന മണ്ഡലത്തില്‍ ടി.കെ. ഗോവിന്ദന് പിന്തുണ നല്‍കിയതോടെ ശ്യാമള ടീച്ചര്‍ക്ക് അനായാസ വിജയം സൃഷ്ടിക്കുന്ന സാഹചര്യമാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്.
സിപിഎം കോട്ടയായ തളിപ്പറമ്പ് മണ്ഡലത്തില്‍ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ (മുന്‍ ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍) സ്ഥാനാര്‍ത്ഥിയാക്കിയതോടെയാണ് പാര്‍ട്ടിയില്‍ വിമതനീക്കം ശക്തമായത്.
ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടി.കെ. ഗോവിന്ദന്‍ പാര്‍ട്ടി വിട്ട് സ്വതന്ത്രനായി മത്സരിക്കാന്‍ പ്രഖ്യാപിച്ചു. എം.വി. ഗോവിന്ദന്‍ എംഎല്‍എയായിരുന്ന മണ്ഡലത്തില്‍ ഭാര്യയെ മത്സരിപ്പിക്കുന്നത് സ്വജനപക്ഷപാതവും അഴിമതിയുമാണെന്നാണ് ഗോവിന്ദന്റെ ആരോപണം.
തളിപ്പറമ്പിലെ സിപിഎം വിമതനീക്കം നിരീക്ഷിച്ചിരുന്ന യുഡിഎഫ് നേതൃത്വം സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ ടി.കെ. ഗോവിന്ദനെ പിന്തുണയ്ക്കാനാണ് തീരുമാനം. യുവനേതാവ് വി.പി. അബ്ദുള്‍റഷീദിന് ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാനായ മണ്ഡലമാണിത്. എന്നാല്‍, സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ തളിപ്പറമ്പിലും പയ്യന്നൂരിലും ഇടത് വിമതരെ പിന്തുണയ്ക്കാനുള്ള തീരുമാനം കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാനാകില്ലെന്നാണ് വിലയിരുത്തല്‍.
കോണ്‍ഗ്രസ് തീരുമാനം അണികള്‍ക്കിടയില്‍ വലിയ അമര്‍ഷമുണ്ടാക്കിയിരിക്കുന്നു. ഇത്തവണ യുഡിഎഫിന് വിജയസാധ്യതയുള്ള മണ്ഡലം കളഞ്ഞുകുളിക്കുകയാണ്. സിപിഎം വിമതന് പിന്തുണ നല്‍കി ശ്യാമള ടീച്ചര്‍ക്ക് അനായാസ വിജയം സൃഷ്ടിക്കുന്നത് വല്ലാത്ത വിസ്മയമാണെന്നാണ് അണികളുടെ പ്രതികരണം.
കഴിഞ്ഞ അഞ്ച് വര്‍ഷമായി മണ്ഡലത്തില്‍ താഴെത്തട്ടില്‍ പ്രവര്‍ത്തനം നടത്തിയ വി.പി. അബ്ദുള്‍റഷീദിനെ ധര്‍മടത്തേക്ക് തട്ടിയതും, തളിപ്പറമ്പില്‍ ടി.കെ. ഗോവിന്ദന് പിന്തുണ നല്‍കി സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരുന്നതും അണികള്‍ക്ക് ക്ഷോഭമുണ്ടാക്കിയിരിക്കുന്നു.
സിപിഎമ്മിലെ അടിയൊഴുക്കുകള്‍ മുതലെടുത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നെങ്കില്‍ ജയിക്കാമായിരുന്നു. വിമതന്റെ വോട്ടുകള്‍ ചിതറി ശ്യാമളയ്ക്ക് സുരക്ഷിത മികച്ച ഭൂരിപക്ഷം ലഭിക്കും, എന്നാണ് പ്രാദേശിക നേതാക്കളുടെ വാദം.
തളിപ്പറമ്പ് സിപിഎം ശക്തമായ കോട്ടയാണെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേടിയ വോട്ടുകള്‍ യുഡിഎഫിന് പ്രതീക്ഷ നല്‍കിയിരുന്നു. വിമതനീക്കം പൂര്‍ണമായി മുതലെടുത്തിരുന്നെങ്കില്‍ യുഡിഎഫിന് ചരിത്ര വിജയം സാധ്യമായിരുന്നു. എന്നാല്‍, ഗോവിന്ദന് പിന്തുണ നല്‍കിയതോടെ സിപിഎം അണികളുടെ വോട്ടുകള്‍ നേടാന്‍ സാധ്യത കുറഞ്ഞു.
.jpg)


