സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സിനെതിരെ വ്യാപക പരാതി, ക്ലെയിം കൃത്യമായി നല്‍കുന്നില്ല, 18 വര്‍ഷം അടച്ചത് 3.35 ലക്ഷം രൂപ, കിട്ടിയത് 7,642 രൂപ, കോടതി പിഴയിട്ടത് 2 കോടി രൂപയും
സ്റ്റാര്‍ ഹെല്‍ത്ത് ഇപ്പോള്‍ ഈ ക്ലെയിമിന്റെ സുതാര്യമായ പുനഃപരിശോധനയും ന്യായമായ തീര്‍പ്പും നല്‍കണം. റെഗുലേറ്ററും ഉപഭോക്തൃ കോടതികളും ഇടപെടുമ്പോള്‍ മാത്രം നീതി ലഭിക്കുന്ന സ്ഥിതി ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു.
കൊച്ചി: സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സിനെതിരെ സോഷ്യല്‍ മീഡിയ വഴി വ്യാപകമായ ആരോപണങ്ങള്‍ ഉയരുകയാണ്. ഏറ്റവുമൊടുവില്‍ തിരുവനന്തപുരത്തെ കാര്‍ഡിയോളജിസ്റ്റ് ഡോ. രാജേഷ് രാജന് ആണ് സ്റ്റാറിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
ഡാ. രാജേഷ് രാജന് 2008 ഏപ്രില്‍ മുതല്‍ തുടര്‍ച്ചയായി സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസി നിലനിര്‍ത്തിയിരുന്നു. പ്രീമിയം അടച്ചത് 18 വര്‍ഷം. കവര്‍ 25 ലക്ഷത്തില്‍ നിന്ന് ഒരു കോടിയായും പിന്നീട് രണ്ട് കോടിയായും വര്‍ധിപ്പിച്ചു. ഭാര്യയുടെ ഹെര്‍ണിയ സര്‍ജറിക്ക് ആശുപത്രി ബില്‍ ഏകദേശം 3.25 ലക്ഷം രൂപയായിരുന്നു ബില്‍. എന്നാല്‍, സ്റ്റാര്‍ ഹെല്‍ത്ത് അനുവദിച്ചത് വെറും 7,642 രൂപ മാത്രം.
കുടുംബത്തിന് ഏകദേശം 3.17 ലക്ഷം രൂപ സ്വന്തമായി വഹിക്കേണ്ടി വന്നു എന്നാണ് ഡോ. രാജേഷ് രാജന് പറയുന്നത്. യഥാര്‍ത്ഥ 25 ലക്ഷം കവറിന്റെ തുടര്‍ച്ചയും വെയിറ്റിംഗ് പീരീഡ് ക്രെഡിറ്റുകളും എങ്ങനെ കണക്കാക്കി? കവര്‍ വര്‍ധിപ്പിച്ചതിന് പുതിയ വെയിറ്റിംഗ് പീരീഡ് ബാധകമാകുമെങ്കില്‍ യഥാര്‍ത്ഥ കവറിനെ അത് എങ്ങനെ ബാധിക്കും? 1 ലക്ഷം ഡിഡക്ടിബിള്‍ ഉണ്ടെന്ന് അംഗീകരിക്കുമ്പോഴും 3.25 ലക്ഷം ബില്ലിന് 7,642 രൂപ മാത്രം നല്‍കുന്നത് എങ്ങനെ നീതീകരിക്കാം? ഐറ്റം വൈസ് കണക്കുകൂട്ടല്‍ എന്തുകൊണ്ട് നല്‍കിയില്ല? എന്നൊക്കെയാണ് അദ്ദേഹം ചോദിക്കുന്നത്.
ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. നവംബര്‍ 20-ന് ഐആര്‍ഡിഎഐ സ്റ്റാര്‍ ഹെല്‍ത്തിന് 2 കോടി രൂപ പിഴ ചുമത്തിയിരുന്നു. 2022-ലെ പരിശോധനയില്‍ കണ്ടെത്തിയ ക്ലെയിം തീര്‍പ്പാക്കലിലെ വീഴ്ചകളാണ് കാരണം. കോവിഡ് ക്ലെയിമുകള്‍ ഉള്‍പ്പെടെ നീതീകരിക്കാനാവാത്ത കാരണങ്ങളില്‍ ക്ലെയിമുകള്‍ തള്ളിയതും, പോളിസി നിബന്ധനകള്‍ക്ക് വിരുദ്ധമായി തുക വെട്ടിക്കുറച്ചതും, തീരുമാനം ഉപഭോക്താവിന് വ്യക്തമായി അറിയിക്കാത്തതും റെഗുലേറ്റര്‍ ചൂണ്ടിക്കാട്ടി. പിഴയുടെ ഒരു കോടി രൂപ ക്ലെയിം റിജക്ഷനുകള്ക്കും മറ്റൊരു കോടി രൂപ തുക വെട്ടിക്കുറയ്ക്കലിനും ആശയവിനിമയ വീഴ്ചകള്ക്കുമാണ്.
ഫൈനാന്‍ഷ്യല്‍ ഇയര്‍ 2023-24-ല്‍ ഇന്‍ഷുറന്‍സ് ഒംബുഡ്സ്മാന് റിപ്പോര്‍ട്ട് അനുസരിച്ച് സ്റ്റാര്‍ ഹെല്‍ത്തിനെതിരെ 13,308 പരാതികളുണ്ടായി. ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയില്‍ ഏറ്റവും കൂടുതല്‍ പരാതിയാണിത്. അതില്‍ 10,000-ത്തിലധികം ക്ലെയിം പൂര്‍ണ്ണമായോ ഭാഗികമായോ തള്ളിയതുമായി ബന്ധപ്പെട്ടതാണ്. ഒംബുഡ്സ്മാന് 7,506 കേസുകളില്‍ കമ്പനിക്കെതിരെ ശുപാര്‍ശയോ അവാര്‍ഡോ നല്കി.
കണ്‍സ്യൂമര്‍ കോടതികളും ഇതേ ചിത്രം കാണിക്കുന്നു. ബെംഗളൂരുവില്‍ മാതാപിതാക്കള്‍ക്കായി മൂന്ന് വര്‍ഷം പ്രീമിയം അടച്ച ഒരാള്‍ക്ക് ക്ലെയിം തള്ളിയതിന് കോടതി ഇടപെട്ടു. താനെയില്‍ ഒരു സീനിയര്‍ സിറ്റിസണിന്റെ 3.74 ലക്ഷം രൂപയുടെ ക്ലെയിം തെറ്റായി തള്ളിയതിന് കമ്പനിയോട് തുക തിരിച്ചടയ്ക്കാന്‍ ഉത്തരവിട്ടു. ചണ്ഡീഗഢില്‍ 2.25 ലക്ഷം ബില്ലിന് 69,958 രൂപ മാത്രം നല്കിയ കേസില്‍ ബാക്കി തുകയും പലിശയും നല്കാന് നിര്‍ദേശിച്ചു. ധാര്‍വാഡില്‍ ആവശ്യമില്ലാത്ത ഹോസ്പിറ്റലൈസേഷന് എന്ന കാരണത്തില്‍ തള്ളിയ ക്ലെയിമുകള്‍ക്ക് പിഴയും നഷ്ടപരിഹാരവും വിധിച്ചു.
പോളിസി വാങ്ങുമ്പോള്‍ ലോയല്റ്റിയും സംരക്ഷണവും വാഗ്ദാനം ചെയ്യുന്നു. ക്ലെയിം സമയത്ത് വരുന്നത് വ്യക്തമല്ലാത്ത കണക്കുകൂട്ടലുകളും, വെയിറ്റിംഗ് പീരീഡ് വാദങ്ങളും, റൂം റെന്റ് നിയന്ത്രണങ്ങളും, ഡിഡക്ഷനുകളുമാണ്. ദീര്‍ഘകാല ഉപഭോക്താക്കള്‍ക്ക് പോലും ഇത് ബാധകമാകുമ്പോള്‍, ചെറിയ കവറുള്ള സാധാരണ പോളിസി ഉടമകള്‍ക്ക് എന്ത് ഉറപ്പ്?
ഡോ. രാജേഷ് രാജന് പറയുന്നത് ശ്രദ്ധേയമാണ്: ''ഞാന്‍ മുന്‍ഗണന ചോദിക്കുന്നില്ല. ന്യായമായ പെരുമാറ്റവും സുതാര്യതയും ഉത്തരവാദിത്തവുമാണ് ചോദിക്കുന്നത്. 18 വര്‍ഷം പ്രീമിയം അടച്ച് 2 കോടി രൂപ കവറുള്ള ഒരാള്‍ക്ക് 7,642 രൂപ ലഭിക്കുകയാണെങ്കില്‍, സാധാരണ കുടുംബങ്ങള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സില്‍ എന്ത് വിശ്വാസമുണ്ടാകും?''
സ്റ്റാര്‍ ഹെല്‍ത്ത് ഇപ്പോള്‍ ഈ ക്ലെയിമിന്റെ സുതാര്യമായ പുനഃപരിശോധനയും ന്യായമായ തീര്‍പ്പും നല്‍കണം. റെഗുലേറ്ററും ഉപഭോക്തൃ കോടതികളും ഇടപെടുമ്പോള്‍ മാത്രം നീതി ലഭിക്കുന്ന സ്ഥിതി ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു. പോളിസി ഉടമകള്‍ പോളിസി നിബന്ധനകള്‍, വെയിറ്റിംഗ് പീരീഡുകള്‍, ഡിഡക്ടിബിളുകള്, ക്ലെയിം കണക്കുകൂട്ടല്‍ രീതി എന്നിവ സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്. ഇന്‍ഷുറന്‍സ് ആവശ്യമായ നിര്‍ണായക സമയത്ത് കുടുംബങ്ങള്‍ വിശദീകരണത്തിനായി പോരാടേണ്ട അവസ്ഥ അവസാനിക്കണം.
.jpg)

