ജന്‍ ഔഷധിയിലെ മരുന്നുകള്‍ക്കെതിരെ പരാതികള്‍ വ്യാപകം, കൃത്യമായ പരിശോധന വേണമെന്ന് ഡോക്ടര്‍, കുറഞ്ഞ വിലയിലുള്ള മരുന്ന് വാങ്ങി ജനങ്ങള്‍ വഞ്ചിക്കപ്പെടുന്നുണ്ടോ?


ബ്രാന്‍ഡഡ് മരുന്നുകളുടെ അതേ ഗുണനിലവാരമില്ലാത്തതിനാല്‍ ജന ഔഷധിയിലെ മരുന്ന് സ്ഥിരമായി കഴിക്കുന്നത് രോഗമുക്തി നല്‍കുന്നില്ലെന്നാണ് പലരും ആരോപിക്കുന്നത്.
കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ജന ഔഷധി ഫാര്‍മസികളിലെ മരുന്നിന് ഗുണനിലവാരമില്ലെന്ന സോഷ്യല്‍ മീഡിയയിലെ പോസ്റ്റ് വൈറലായതിന് പിന്നാലെ പലരും സമാന അനുഭവം ചൂണ്ടിക്കാട്ടി രംഗത്തെത്തി. ബ്രാന്‍ഡഡ് മരുന്നുകളുടെ അതേ ഗുണനിലവാരമില്ലാത്തതിനാല്‍ ജന ഔഷധിയിലെ മരുന്ന് സ്ഥിരമായി കഴിക്കുന്നത് രോഗമുക്തി നല്‍കുന്നില്ലെന്നാണ് പലരും ആരോപിക്കുന്നത്.
tRootC1469263">സ്‌ട്രോക്കിനുള്ള മരുന്ന് കഴിച്ചശേഷവും സ്‌ട്രോക്ക് വന്നത് ജന ഔഷധിയിലെ മരുന്നിന്റെ ഗുണനിലവാരമില്ലായ്മയാണെന്ന ആരോപണവുമായി ബദരി നാരായണന്‍ എന്നയാളാണ് ഫേസ്ബുക്കില്‍ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ഇതോടെ സമാന അനുഭവം പങ്കിട്ട് പലരും രംഗത്തെത്തി. അതേസമയം, ആരോപണം ശരിയല്ലെന്നും ബ്രാന്‍ഡഡ് മരുന്ന് കമ്പനികളാണ് ഇത്തരം വ്യാജ പ്രചരണം നടത്തുന്നതെന്ന മറുവാദവും ഉയരുന്നുണ്ട്.

ജന ഔഷധിയിലെ മരുന്നുകള്‍ക്കെതിരെ പരാതികള്‍ വ്യാപകമായതോടെ കൃത്യമായ പരിശോധന വേണമെന്നാണ് ഡോക്ടര്‍ ജിനേഷ് പിഎസ്സിന്റെ പ്രതികരണം. സാധാരണക്കാരായ ജനങ്ങള്‍ ആശ്രയിക്കുന്ന സ്ഥാപനം ആയതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ നിരീക്ഷണം നിരന്തരമുണ്ടാകണമെന്നും ഗുണനിലവാരമില്ലാത്ത മരുന്ന് കമ്പനിക്കാരെ ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തണമെന്നുമാണ് അദ്ദേഹം പറയുന്നത്.
ഡോക്ടര്‍ ജിനേഷ് പിഎസ്സിന്റെ ഫേസ്ബുക്ക് പോസ്റ്റ്,
ജന്‍ ഔഷധി വിവാദങ്ങളുടെ പശ്ചാത്തലത്തില്‍,
എന്തുകൊണ്ടാണ് മനുഷ്യര്‍ ജന്‍ ഔഷധിയില്‍ പോയി മരുന്നു വാങ്ങുന്നത്?
പല കാരണങ്ങള്‍ ഉണ്ടാവും.
1. ഏറ്റവും പ്രധാനപ്പെട്ടത് വില കുറവ് എന്ന കാരണം തന്നെയാണ്. പല ബ്രാന്‍ഡഡ് കമ്പനികളും അഫോര്‍ഡ് ചെയ്യാന്‍ സാധിക്കാത്ത മനുഷ്യര്‍ മറ്റു വഴികള്‍ ഇല്ലാതെ പോകുന്നത്.
പല ബ്രാന്‍ഡുകളുടെയും വില താരതമ്യം ചെയ്താല്‍ ജന്‍ ഔഷധിയിലെ വില വളരെ തുച്ഛമാണ്.
ബ്രാന്‍ഡഡ് കോമ്പിനേഷന്‍ മരുന്നുകളുടെ വില കൂടുതല്‍ കാരണം ജീവിതശൈലി രോഗങ്ങളുടെ മരുന്നുകള്‍ നിര്‍ത്തുന്നവര്‍ വരെ നമുക്കിടയിലുണ്ട്.
കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമായ മരുന്നുകള്‍ അവിടെ നിന്നും വാങ്ങുന്ന നല്ലൊരു ശതമാനം ആള്‍ക്കാരുണ്ട്. അവിടെ ഏതെങ്കിലും മരുന്ന് ഇല്ലാതെ വരുമ്പോള്‍ മാത്രമാണ് അവരൊക്കെ ജന്‍ ഔഷധിയെ ആശ്രയിക്കുന്നത്.
2. സര്‍ക്കാര്‍ ഇടപെടല്‍ കൂടി ഉള്ള ഒരു മേഖലയോടുള്ള ആഭിമുഖ്യം കൊണ്ട് വാങ്ങുന്നവര്‍.
സര്‍ക്കാര്‍ ആശുപത്രികളോടും സര്‍ക്കാര്‍ സ്‌കൂളുകളോടും കെഎസ്ആര്‍ടിസിയോടും ഒക്കെ ആഭിമുഖ്യമുള്ള മനുഷ്യരില്ലേ, അങ്ങനെയുള്ളവര്‍.
3. രാഷ്ട്രീയ നിലപാട് മൂലം,
ബിജെപി സര്‍ക്കാരിനോടുള്ള ആഭിമുഖ്യം മൂലം ജന്‍ ഔഷധി പ്രചരിപ്പിക്കുന്നവര്‍.
4. ബ്രാന്‍ഡഡ് കമ്പനികളെ അല്ലെങ്കില്‍ മെഡിക്കല്‍ സ്റ്റോറുകളെ താല്പര്യമില്ലാത്തവര്‍,
കമ്പനികളും മെഡിക്കല്‍ സ്റ്റോറുകളും ചൂഷണം ചെയ്യുന്നു എന്ന ചിന്താഗതിയുള്ളവര്‍.
ഇത് കൂടാതെ മറ്റ് കാരണങ്ങളും ഉണ്ടാവാം. അതായത് ഏറ്റവും എളുപ്പം വാങ്ങാന്‍ സാധിക്കുന്ന സ്ഥലമോ അടുത്തുള്ള മെഡിക്കല്‍ സ്റ്റോര്‍ ആണെന്ന കാരണമോ അങ്ങനെ പലതും.
ഞാന്‍ എഴുതിയ വിഭാഗത്തില്‍ 2, 3, 4 ഗ്രൂപ്പില്‍ പെട്ട ആള്‍ക്കാര്‍ ഒരു ക്യാമ്പയിന്‍ ഉണ്ടായാല്‍ അതനുസരിച്ച് അഭിപ്രായം മാറ്റുകയും തിരഞ്ഞെടുക്കുകയും ചെയ്യും. അതുപോലെ വ്യക്തിപരമായ അനുഭവത്തിന്റെ വെളിച്ചത്തിലും അവര്‍ തീരുമാനമെടുക്കും.
പക്ഷേ ഒന്നാമത്തെ വിഭാഗം, അവര്‍ക്ക് മറ്റു വഴികളില്ല. ബ്രാന്‍ഡഡ് മരുന്നുകള്‍ മാത്രമേ പറ്റൂ എന്ന് മെഡിക്കല്‍ പ്രൊഫഷണല്‍സ് ശഠിച്ചാല്‍ മരുന്ന് നിര്‍ത്താന്‍ പോലും സാധ്യതയുള്ളവര്‍.
അവരെ കൂടി അഡ്രസ്സ് ചെയ്യാതെ ഈ വിഷയം പരിഹരിക്കാന്‍ ആവില്ല.
ഗുണനിലവാരത്തെ കുറിച്ചുള്ള ഡോക്ടര്‍മാരുടെ ആശങ്കകള്‍ അസ്ഥാനത്താണ് എന്ന് പറയാന്‍ ഞാന്‍ ആളല്ല. കാരണം ആധികാരികമായ അല്ലെങ്കില്‍ ഉന്നത നിലവാരമുള്ള ജേര്‍ണലുകളില്‍ പബ്ലിഷ് ചെയ്ത ഗുണനിലവാരം ഉണ്ട് എന്നതിന്റെ ഡേറ്റയോ ഗുണനിലവാരം ഇല്ല എന്നതിനുള്ള ഡാറ്റയോ ലഭ്യമല്ല എന്നതാണ്.
അതുപോലെ മരുന്നുകളുടെ ഗുണനിലവാര പരിശോധനയുടെ ഫലങ്ങള്‍ പബ്ലിക് ഡൊമൈനില്‍ കാര്യമായി ലഭ്യവുമല്ല.
റെഗുലറായി ഗുണനിലവാര പരിശോധന നടക്കുമ്പോള്‍ നിലവാരമില്ലാത്ത മരുന്നുകള്‍ പിന്‍വലിക്കുകയും അങ്ങനെയുള്ള കമ്പനികള്‍ക്ക് നോട്ടീസ് നല്‍കുകയും ബ്ലാക്ക് ലിസ്റ്റ് ചെയ്യുകയും ഒക്കെ ചെയ്യുകയാണ് നടപടിക്രമങ്ങള്‍. മുന്‍പ് അങ്ങനെ നടന്ന ചില കാര്യങ്ങളെക്കുറിച്ച് അറിയാം എന്നല്ലാതെ ഇപ്പോഴത്തെ അവസ്ഥ എനിക്കറിയില്ല.
ബ്ലാക്ക് ലിസ്റ്റ് ചെയ്ത കമ്പനികള്‍ തന്നെ പേരുമാറി വീണ്ടും പ്രത്യക്ഷപ്പെടുന്നതും വിരളമല്ല.
ഇങ്ങനെയൊക്കെ കുഴഞ്ഞ് മറിഞ്ഞ് കിടക്കുന്ന ഒരു മേഖലയാണ്.
ഞാനീ പറയുന്നതൊക്കെ പ്രൈവറ്റ് ആശുപത്രികളിലെ വിഷയമല്ല. പ്രൈവറ്റ് ആശുപത്രികളില്‍ സാധാരണഗതിയില്‍ അവിടെ നിന്ന് തന്നെ മരുന്നു നല്‍കുകയാണ് നല്‍കുക. അവിടെ മരുന്നില്ലെങ്കില്‍ മാത്രമേ പലയിടത്തും പുറത്തോട്ട് എഴുതാന്‍ പറ്റൂ. അത് ഏത് ബ്രാന്‍ഡ് വേണമെന്ന് ഡോക്ടര്‍ക്ക് തീരുമാനിക്കാം. അവിടെയും ജന്‍ ഔഷധിയില്‍ നിന്ന് മരുന്ന് വാങ്ങട്ടെ എന്ന് ചോദിക്കുന്നവരുണ്ട്, സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളവര്‍.
തിരിച്ച് സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുമ്പോള്‍ സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ആശുപത്രിയിലെ മരുന്നു തന്നെ കുറിക്കേണ്ടതുണ്ട്. അതിന്റെ ഗുണനിലവാരം ഉറപ്പാക്കേണ്ട കടമ സര്‍ക്കാരിനും സിസ്റ്റത്തിനുമാണ്.
അവിടെ മരുന്നില്ലാതെ വരുമ്പോഴാണ് ജന്‍ ഔഷധി പോലെയുള്ള ഓപ്ഷന്‍ ആള്‍ക്കാര്‍ സ്വീകരിക്കേണ്ടി വരുന്നത്.
വ്യക്തികള്‍ക്ക് മരുന്നിന്റെ നിലവാരം പരിശോധിക്കുവാന്‍ ഉള്ള സൗകര്യങ്ങള്‍ അത്ര സുലഭവും അല്ല. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ കുറച്ച് അന്വേഷണങ്ങള്‍ നടത്തിയിട്ട് ഒന്നും വിജയകരമായില്ല. കേരളത്തില്‍ അങ്ങനെ ഏതെങ്കിലും സ്ഥലങ്ങള്‍ അറിയുമെങ്കില്‍ ഒരു കമന്റ് ആയി രേഖപ്പെടുത്തി സഹായിക്കണം എന്നും അഭ്യര്‍ത്ഥിക്കുന്നു.
ജന്‍ ഔഷധിയിലെ മരുന്നുകളുടെ ഗുണനിലവാരം ഇല്ലായ്മയെ കുറിച്ച് രോഗികളില്‍ നിന്നും പല ഡോക്ടര്‍മാരില്‍ നിന്നും അഭിപ്രായങ്ങള്‍ വന്നുകൊണ്ടിരിക്കുന്നുണ്ട്. ഇത്രയധികം ആള്‍ക്കാര്‍ പറയുമ്പോള്‍ അത് പൂര്‍ണമായി തള്ളിക്കളയുന്നത് യുക്തിയല്ല.
ഒരു പരാതി വന്നാല്‍ സാധാരണഗതിയില്‍ നമ്മള്‍ എന്താണ് ചെയ്യുക? ഉന്നയിക്കുന്ന പരാതിയില്‍ കഴമ്പുണ്ടോ എന്ന് പരിശോധിക്കും.
അതുതന്നെയാണ് ഇവിടെയും ചെയ്യേണ്ടത്. ജന്‍ ഔഷധിയിലെ മരുന്നുകള്‍ ഗുണനിലവാരം പുലര്‍ത്തുന്നുണ്ടോ എന്ന് റാന്‍ഡമായി പരിശോധിക്കണം, അത്യാവശ്യം കൂടുതല്‍ സാമ്പിള്‍ ശേഖരിച്ചുകൊണ്ട് തന്നെ. അത് ചെയ്യേണ്ടത് സിസ്റ്റമാണ്. അങ്ങനെ മാത്രമേ ജനങ്ങളില്‍ വിശ്വാസ്യത ഉണ്ടാവുകയുള്ളൂ.
നമുക്ക് ചുറ്റുമുള്ള ധാരാളം പേര്‍ ജന്‍ ഔഷധി മരുന്നുകള്‍ നിര്‍ത്തി മറ്റ് ഓപ്ഷനുകള്‍ സ്വീകരിച്ചു. സാമ്പത്തികമായി നിവര്‍ത്തികേട് ഉള്ളവര്‍ക്ക് അത് പറ്റില്ല. അതുകൊണ്ട് അവര്‍ ഗുണമേന്മ ഇല്ലാത്ത (എന്ന് സംശയിക്കുന്ന) മരുന്നുകള്‍ കഴിക്കട്ടെ എന്ന് ചിന്തിക്കാനാവില്ല.
ഗുണമേന്മയുള്ളതാണ് എന്ന് തെളിഞ്ഞാല്‍ നിലവിലുള്ള ആരോപണങ്ങളില്‍ കഴമ്പില്ല എന്ന് എല്ലാവര്‍ക്കും വ്യക്തമാവുകയും ചെയ്യും.
ഇത്രയധികം പരാതികളും ചര്‍ച്ചകളും നടക്കുമ്പോള്‍ ഗുണനിലവാര പരിശോധന നടത്തി അത് പബ്ലിക്കിനെ അറിയിക്കാനുള്ള കടമ സിസ്റ്റത്തിനുണ്ട്.